കേളി ഹോത്ത യൂണിറ്റ് ഇഫ്താർ

Mail This Article
റിയാദ് ∙ കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹോത്ത യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ ഇഫ്താറിൽ ആയിരങ്ങൾ പങ്കാളികളായി. ഹോത്ത ബനീ തമീമിലെ പുതിയ പാർക്കിൽ (മന്തസൽ ബരി) ഒരുക്കിയ ഇഫ്താറിൽ ഹോത്തയിലെ മുനിസിപ്പാലിറ്റി ചെയർമാൻ, ഡപ്യൂട്ടി ചെയർമാൻ, സ്വദേശി പൗരന്മാർ, ഹോത്തയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ രാഷ്ട്രീയ - പ്രാദേശിക സംഘടനാ ഭാരവാഹികൾ, നാനാതുറകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, കുടുംബങ്ങൾ എന്നിവർ ഉൾപ്പെടെ ആയിരത്തിലേറെ പേർ പങ്കെടുത്തു.
റിയാദിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള ഗ്രാമപ്രദേശത്തെ ഇഫ്താർ വിരുന്ന് വിജയിപ്പിക്കുന്നതിന്ന് ജാതി-മത-ഭാഷ-രാഷ്ട്ര-ഭേദമന്യേ ഗ്രാമവാസികളും പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും തൊഴിലാളികളും സ്വദേശികളും ഒന്നിച്ച് കൈകോർത്തപ്പോൾ ഇഫ്താർ ഒരു ഗ്രാമത്തിന്റെ ആകെ വിരുന്നായി മാറി.
ഇഫ്താർ വിജയത്തിനായി ചെയർമാൻ സിദ്ധിഖ്, കൺവീനർ നിയാസ്, ഭക്ഷണ കമ്മിറ്റി കൺവീനർ അമീൻ നാസർ, ഗതാഗത കൺവീനർ മണികണ്ഠൻ കെ.എസ്, സാമ്പത്തികം ശ്യാംകുമാർ, പബ്ലിസിറ്റി അബ്ദുൾ സലാം, വൊളന്റിയർ ക്യാപ്റ്റൻ മജീദ് സി തുടങ്ങി 51 അംഗ സംഘാടക സമിതിക്ക് രൂപം നൽകിയിരുന്നു.
നൗഷാദ്, താജുദീൻ, നിയാസ്, അമീൻ, ശ്യാം, മണികണ്ഠൻ ഡി എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷണം പാചകം ചെയ്താണ് ഇഫ്താർ വിരുന്നൊരുക്കിയത്. അൽഖർജ് ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ, കേളി കേന്ദ്ര കമ്മിറ്റി അംഗവും അൽഖർജ് ഏരിയ സെക്രട്ടറിയുമായ ലിപിൻ പശുപതി, ഏരിയാ രക്ഷാധികാരി സമിതി അംഗം മണികണ്ഠൻ, അൽഖർജ് ഏരിയ പ്രസിഡന്റ് ഷബി അബ്ദുൾ സലാം, ഏരിയ ട്രഷറർ ജയൻ പെരുനാട്, ഏരിയ കമ്മിറ്റി അംഗങ്ങളായ സമദ്, രമേശ് ഏരിയ വൈസ് പ്രസിഡന്റും യൂണിറ്റ് പ്രസിഡന്റുമായ സജീന്ദ്ര ബാബു, ഏരിയ ജോയിന്റ് ട്രഷററും യൂണിറ്റ് ട്രഷററുമായ രാമകൃഷ്ണൻ, യൂണിറ്റ് സെക്രട്ടറി ഉമ്മർ മുക്താർ വിവിധ യൂണിറ്റ് ഭാരവാഹികൾ കേളി അംഗങ്ങൾ എന്നിവർ ജനകീയ ഇഫ്താറിന് നേതൃത്വം നൽകി.