യുഎഇയിൽ പാർട്ട് ടൈം ജോലി ചെയ്യുന്നവർക്കും ആനുകൂല്യം; നിയമവശങ്ങൾ ഇങ്ങനെ

Mail This Article
ദുബായ്∙ യുഎഇയില്‍ പാർട്ട് ടൈം ജോലി ചെയ്ത് വരുമാനമുണ്ടാക്കാനാകുന്ന നിരവധി മേഖലകളുണ്ട്. ചില സ്ഥാപനങ്ങള്‍ മുഴുവന്‍ സമയ ജീവനക്കാർക്ക് പുറമെ പാർട്ട് ടൈമായി ജോലി ചെയ്യാന്‍ തൊഴിലാളികളെ തേടാറുണ്ട്. തൊഴിലുടമയുടെ അനുവാദത്തോടെ, അധികവരുമാനമെന്ന നിലയില്‍ മറ്റ് സ്ഥാപനങ്ങളിൽ പാർട്ട് ടൈം ജോലി ചെയ്യുന്നവരുമുണ്ട്.
യുഎഇയിൽ പാർട്ട് ടൈം ജോലി ചെയ്യുന്നവർക്കും സേവനാവസാന ആനുകൂല്യങ്ങൾ നൽകണമെന്നാണ് നിയമം. 2021 ലെ ഫെഡറൽ ഡിക്രി ആർട്ടിക്കിൾ 52 നിയമം 33 അനുസരിച്ചാണ് ഇത്. മുഴുവൻ സമയ ജോലിയുടെ മാതൃകയിലല്ലാതെ മറ്റു രീതിയിൽ ജോലി ചെയ്യുന്നവർക്കും ആനുകൂല്യങ്ങൾ എങ്ങനെ കണക്കാക്കാമെന്ന് ഈ നിയമം വ്യക്തമാക്കുന്നു. തൊഴിൽ രീതികൾക്കനുസരിച്ച് വിദേശ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നിർണയിക്കുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്ത്, 2022 ലെ മന്ത്രിസഭാ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
ഒരു വർഷത്തിൽ താഴെ പാർട്ട് ടൈം ജോലി ചെയ്തവർക്ക് ഗ്രാറ്റുവിറ്റിക്ക് അർഹതയില്ല. എന്നാൽ, ഒരു വർഷം പൂർത്തിയാക്കിയ പാർട്ട് ടൈം ജീവനക്കാരുടെ സേവനാവസാന ആനുകൂല്യം, അവർ ജോലി ചെയ്ത മണിക്കൂറുകളുടെ അടിസ്ഥാനത്തിൽ കണക്കാക്കും. മുഴുവൻ സമയ ജീവനക്കാരുമായി താരതമ്യം ചെയ്ത്, പാർട്ട് ടൈം ജീവനക്കാർ ജോലി ചെയ്ത സമയത്തിന്റെ ശതമാനം അനുസരിച്ചായിരിക്കും ഗ്രാറ്റുവിറ്റി നൽകുക.
ഗ്രാറ്റുവിറ്റി ശതമാനം കണക്കാക്കുന്ന രീതി 2022 ലെ കാബിനറ്റ് പ്രമേയം നമ്പർ (1) ആർട്ടിക്കിൾ 30 ൽ വിശദീകരിക്കുന്നു. സ്ഥാപനത്തിലെ മുഴുവൻ സമയ ജോലിയിലുള്ള തൊഴിലാളിയുടെ വാർഷിക തൊഴിൽ സമയവും, പാർട്ട് ടൈം തൊഴിലാളിയുടെ വാർഷിക തൊഴിൽ സമയവും തമ്മിൽ താരതമ്യം ചെയ്താണ് ഇത് കണക്കാക്കുന്നത്. ലഭിക്കുന്ന ശതമാനം, മുഴുവൻ സമയ ഗ്രാറ്റുവിറ്റിയുടെ ആനുപാതികമായ പാർട്ട് ടൈം ഗ്രാറ്റുവിറ്റി ആയിരിക്കും.
ഉദാഹരണത്തിന്, സ്ഥാപനത്തില്‍ മുഴുവൻ സമയ ജോലിയുളള തൊഴിലാളി ചെയ്യുന്നത് പ്രതിവർഷം 2,112 മണിക്കൂറാണെന്നിരിക്കട്ടെ. സ്ഥാപനത്തില്‍ പാർട്ട് ടൈം ജോലി ചെയ്യുന്നത് പ്രതിവർഷം 792 മണിക്കൂറും. അങ്ങനെയെങ്കില്‍ 792 എന്നതിന് 2112 കൊണ്ട് ഹരിക്കുക. കിട്ടുന്ന തുകയെ 100 കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്നതായിരിക്കും ഗ്രാറ്റുവിറ്റി കണക്കാക്കേണ്ട ശതമാനം. അതായത്, ഇവിടെ പാർട്ട് ടൈം ജോലിയുടെ ഗ്രാറ്റുവിറ്റി കണക്കാക്കുന്നത് മുഴുവൻ സമയ ജോലിയില്‍ നിന്നുളള ഗ്രാറ്റുവിറ്റിയുടെ 37.5 ശതമാനമെന്ന കണക്കിലായിരിക്കും.
വിവരങ്ങള്‍ക്ക് കടപ്പാട് : അഡ്വ. ഷബീല്‍ ഉമ്മർ, നിയമവിഭാഗം മേധാവി, വിഗ്രൂപ്പ് ഇന്റർനാഷനല്‍