ഖത്തറിൽ ആരോഗ്യമേഖലയിൽ പരിശോധന; സ്വകാര്യ മെഡിക്കൽ സെന്ററിനെതിരെ കർശന നടപടി, ഡോക്ടറുടെ ലൈസൻസ് റദ്ദാക്കി

Mail This Article
ദോഹ ∙ ഖത്തറിൽ സ്വകാര്യ ആരോഗ്യ പരിചരണ മേഖലയിൽ കർശന പരിശോധന. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ മെഡിക്കൽ സെന്ററിന്റെ 4 യൂണിറ്റുകളും 2 ദന്തൽ ക്ലിനിക്കുകളും 1 ന്യൂട്രീഷൻ സെന്ററും അടച്ചുപൂട്ടി. വ്യവസ്‌ഥകൾ ലംഘിച്ച ഡോക്‌ടർമാർക്കും സ്‌ഥാപനങ്ങൾക്കുമെതിരെ നടപടി സ്വീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഡോക്‌ടർമാർ ലൈസൻസിൽ അനുവദിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ സേവനങ്ങൾ വാഗ്ദാനം ചെയ്തുവെന്ന ചട്ടലംഘനമാണ് സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രത്തിന്റെ 4 യൂണിറ്റുകൾ അടയ്‌ക്കാൻ പ്രധാന കാരണം. ഒരു യൂണിറ്റിലെ ഡോക്ടറുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്‌തു.
അംഗീകൃത ലൈസൻസില്ലാതെ ഡോക്‌ടർമാർ സേവനം നടത്തിയതിനെ തുടർന്നാണ് ദന്തൽ ക്ലിനിക്കുകളിൽ ഒന്ന് അടപ്പിച്ചത്. ലൈസൻസിൽ അനുവദിച്ചിട്ടുള്ളതല്ലാതെ കൂടുതൽ സേവനങ്ങൾ വാഗ്ദാനം ചെയ്‌തതിന്റെ പേരിലാണ് രണ്ടാമത്തെ ക്ലിനിക്ക് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. ന്യൂട്രീഷൻ ടെക്‌നീഷ്യൻ ഇല്ലാതെ ന്യൂട്രീഷൻ വിദഗ്‌ധർ മാത്രമായി സേവനം നടത്തിയതിനെ തുടർന്നാണ് ന്യൂട്രീഷൻ സെന്റർ താൽക്കാലികമായി അടച്ചത്. അംഗീകൃത ലൈസൻസില്ലാതെ ന്യൂട്രീഷൻ വിദഗ്‌ധർ പ്രവർത്തിച്ചിരുന്നുവെന്നും കണ്ടെത്തി.