റമസാൻ സുരക്ഷിതമാക്കാം; അടുക്കളയിലെ അപകടങ്ങൾ ഒഴിവാക്കാൻ നിർദ്ദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

Mail This Article
ദോഹ ∙ റമസാനിൽ ഭക്ഷണം പങ്കുവയ്ക്കുന്നത് അറബ് പാരമ്പര്യത്തിന്റെ ഭാഗമാണ്. ഇത് കാരണം സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് വീടുകളിൽ പാചകം ചെയ്യുന്ന ഭക്ഷണത്തിന്റെ അളവ് കൂടാറുണ്ട്. ഈ സാഹചര്യത്തിൽ വീടുകളിൽ സുരക്ഷിത പാചകം ഉറപ്പാക്കാൻ നിർദ്ദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം രംഗത്ത്. അടുക്കളയിൽ തീപിടിത്തം പോലുള്ള അപകടങ്ങൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷിതവും അനുഗ്രഹീതവുമായ റമസാൻ ഉറപ്പാക്കാൻ പൊതുജനങ്ങൾ മുൻകരുതലുകൾ എടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
അടുക്കളയിൽ പാചകം ചെയ്യുമ്പോൾ നൈലോൺ മിശ്രിത വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കണമെന്നും അഗ്നിശമന ഉപകരണം വീടുകളിൽ ഉണ്ടാകണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. കുട്ടികൾ അടുക്കളയിലും ചൂടുള്ള വസ്തുക്കളുടെ അടുത്തും കത്തുന്ന വസ്തുക്കളുടെ സമീപത്തും, വൈദ്യുതോപകരണങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളിലും പോകാതെ ശ്രദ്ധിക്കണം.
പാചകത്തിനിടയിൽ എണ്ണ പാത്രത്തിൽ തീ പിടിച്ചാൽ വെള്ളം ഒഴിക്കരുത്. പകരം പാത്രം കട്ടിയുള്ള മൂടി ഉപയോഗിച്ചോ ഫയർ ബ്ലാങ്കറ്റ് ഉപയോഗിച്ചോ മൂടണം. മാലിന്യ പാത്രത്തിൽ തീ ഉണ്ടായാൽ നനഞ്ഞ തുണി ഉപയോഗിച്ച് ഉടൻ മൂടണം. പാചക വാതക ചോർച്ചയുണ്ടെന്ന് സംശയം തോന്നിയാൽ വാതിലുകളും ജനലുകളും തുറന്ന് വയ്ക്കുകയും ലൈറ്റുകളും എക്‌സ്‌ഹോസ്റ്റ് ഫാനും ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഗ്യാസ് സിലിണ്ടറുകൾ എപ്പോഴും തണുപ്പുള്ളതും തുറന്നതുമായ സ്ഥലത്ത് സൂക്ഷിക്കണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.