ഹജ് സേവനങ്ങളിൽ വീഴ്ച: ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെ കർശന നടപടി

Mail This Article
മക്ക ∙ ഹജ് തീർഥാടകർക്ക് നൽകുന്ന സേവനത്തിൽ വീഴ്ച വരുത്തുന്ന സേവന ദാതാക്കൾക്കെതിരെ കർശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ഹജ്, ഉംറ മന്ത്രി തൗഫീഖ്‌അൽ റബീഹ് പറഞ്ഞു. കഴിഞ്ഞ വർഷം ഹജ് ഏജൻസികൾക്കെതിരെ പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് നടപടി കടുപ്പിച്ചത്.
മക്കയിൽ ആഭ്യന്തര, വിദേശ ഹജ് സേവന കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഡയറക്ടർ ബോർഡ് ചെയർമാൻമാരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വരാനിരിക്കുന്ന ഹജ് സീസൺ തയാറെടുപ്പുകളുടെ ഭാഗമായായിരുന്നു യോഗം.
എന്തെങ്കിലും പോരായ്മകളോ നിയമലംഘനങ്ങളോ കണ്ടെത്തിയാൽ ലൈസൻസ് ശാശ്വതമായി റദ്ദാക്കുന്നത് ഉൾപ്പെടെ കടുത്ത നടപടിക്കു മടിക്കില്ലെന്നും വ്യക്തമാക്കി.
ഹജ് തയാറെടുപ്പുകളെ കുറിച്ച് വിശദീകരിച്ച മന്ത്രി ആഭ്യന്തരമന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽഅസീസ് ബിൻ സൗദ് ബിൻ നായിഫിന്റെ നേതൃത്വത്തിലുള്ള സുപ്രീം ഹജ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
തീർഥാടകരുടെ ഗതാഗതം, താമസം, ഭക്ഷണം, മാർഗനിർദേശങ്ങൾ, പിന്തുണ തുടങ്ങിയ സേവനങ്ങളും പരിചരണവും മെച്ചപ്പെടുത്താൻ ഹജ് സേവന കമ്പനികളോട് ആവശ്യപ്പെട്ടു. മികച്ച സേവനം നൽകുന്ന കമ്പനികളെ ആദരിക്കുമെന്നും മന്ത്രി പറഞ്ഞു. തീർഥാടകർ എത്തുന്നതിന് മുൻപും ശേഷവും തീർഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് അവരെ ബോധവൽക്കരിക്കണമെന്നും പറഞ്ഞു. ആവശ്യമായ പരിശീലനം നൽകുക, തീർഥാടകരുടെ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യുക, നുസുക് കാർഡിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തുക, ഹജ് ഓഫിസുമായി സഹകരിച്ച് പ്രവർത്തിക്കുക എന്നിവയാണ് മറ്റു നിർദേശങ്ങൾ.