ആരോഗ്യസുരക്ഷ ശക്തമാക്കും; ജീവിതനിലവാരം ഉറപ്പാക്കും: യുഎഇ വിദേശ നിക്ഷേപം 24,000 കോടി ദിർഹമാക്കും

Mail This Article
അബുദാബി ∙ യുഎഇയുടെ വിദേശ നിക്ഷേപം 2031ൽ 24,000 കോടി ദിർഹമാക്കി ഉയർത്തുന്നത് ഉൾപ്പെടെ ലക്ഷ്യങ്ങളുമായി ദേശീയ നിക്ഷേപ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ആരോഗ്യ അപകട സാധ്യതകളെ നേരിടുന്നതിനുള്ള നയം, ഡിജിറ്റൽ നയം, വിദൂര ജോലി, കാരുണ്യ പദ്ധതികൾക്കുള്ള ധനസമാഹരണം എന്നിവയുമായി ബന്ധപ്പെട്ട നയങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകി. ഏതാനും വർഷങ്ങൾക്കകം രാജ്യത്തിന്റെ വിദേശ നിക്ഷേപം 2.2 ട്രില്യൻ ദിർഹമാക്കി ഉയർത്താനും ലക്ഷ്യമിടുന്നു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബുദാബി ഖസർ അൽ വതനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 6 വർഷത്തേക്കുള്ള നിക്ഷേപ നയത്തിന് അംഗീകാരം നൽകിയതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
2023ൽ 11,200 കോടി ദിർഹം വിദേശ നിക്ഷേപത്തിൽനിന്ന് 2031ഓടെ ഇരട്ടിയിലേറെയാക്കി (24000 കോടി) വർധിപ്പിക്കുകയാണ് ലക്ഷ്യം. വ്യവസായം, ലോജിസ്റ്റിക്സ്, ധനകാര്യ സേവനങ്ങൾ, പുനരുപയോഗ ഊർജം, വിവരസാങ്കേതികവിദ്യ എന്നിവ ഉൾപ്പെടെ പ്രധാന മേഖലകൾക്കായിരിക്കും ഊന്നൽ നൽകുക. ആഗോള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുമെന്നും വ്യക്തമാക്കി.
ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള യുഎഇയുടെ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പുരോഗതി മന്ത്രിസഭ അവലോകനം ചെയ്തു. നേരത്തെ അംഗീകരിച്ച സംരംഭങ്ങളിൽ 95 ശതമാനവും വിജയകരമായി നടപ്പാക്കിയെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഈ രാജ്യങ്ങളുമായി അഞ്ച് വർഷത്തിനകം 23500 കോടി ദിർഹത്തിന്റെ വ്യാപാരമുണ്ടായി. അടുത്ത 6 വർഷത്തിനകം ദേശീയ സംരംഭങ്ങളിലൂടെയും പദ്ധതികളിലൂടെയും ആഗോള ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു.
ആരോഗ്യസുരക്ഷ ശക്തമാക്കും; ജീവിതനിലവാരം ഉറപ്പാക്കും
ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്തി യുഎഇയിൽ ഏറ്റവും ഉയർന്ന ജീവിത നിലവാരം ഉറപ്പാക്കും. വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം, പാൻക്രിയാസ് എന്നിവയുമായി ബന്ധപ്പെട്ട അവയവ – ടിഷ്യു ദാനം, അവയവം മാറ്റിവയ്ക്കൽ എന്നിവ സംബന്ധിച്ച നിയന്ത്രണങ്ങളും അംഗീകരിച്ചു.
പുതിയ നിയന്ത്രണങ്ങൾ ജീവൻരക്ഷാ ഉപകരണങ്ങൾക്ക് രാജ്യത്തേക്കു മികച്ച പ്രവേശനം ഉറപ്പാക്കും. ആരോഗ്യമേഖലയിലെ നിക്ഷേപം വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾക്കും അംഗീകാരം നൽകി. സാമൂഹിക പിന്തുണാ പദ്ധതികൾക്കായുള്ള വാർഷിക ബജറ്റ് 29 ശതമാനം വർധിപ്പിച്ച് 350 കോടി ദിർഹമാക്കി. മലേഷ്യ, ന്യൂസീലൻഡ്, കെനിയ എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക പങ്കാളിത്തം ഉൾപ്പെടെ 28 രാജ്യാന്തര കരാറുകൾക്കും മന്ത്രിസഭ അംഗീകാരം നൽകി.
ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദിന്റെ അധ്യക്ഷതയിൽ എമിറേറ്റ്സ് റിസർച് ആൻഡ് ഡവലപ്മെന്റ് കൗൺസിൽ പുനഃസംഘടിപ്പിക്കാനും തീരുമാനമായി. രാജ്യത്തുടനീളമുള്ള ഗവേഷണ വികസന മുൻഗണനകൾ നിർവചിക്കുക, ഫെഡറൽ സർക്കാർ ധനസഹായം നൽകുന്ന ഗവേഷണ, വികസന സംരംഭങ്ങൾ ആരംഭിക്കുക, അംഗീകരിക്കുക, മേൽനോട്ടം വഹിക്കുക എന്നിവ കൗൺസിലിന്റെ ചുമതലകളിൽ ഉൾപ്പെടുന്നു.