ഇനിയല്ലേ ആഘോഷം... യുഎഇയിൽ അഞ്ച് ദിവസം അവധി? പ്രതീക്ഷയിൽ പ്രവാസികൾ

Mail This Article
അബുദാബി ∙ പെരുന്നാൾ (ഈദ് അൽ ഫിത്ർ) ആഘോഷിക്കാൻ യുഎഇ നിവാസികൾക്ക് അഞ്ച് ദിവസം വരെ അവധി ലഭിച്ചേക്കും. ചന്ദ്രക്കല ദൃശ്യമാകുന്നതിനെ ആശ്രയിച്ച് വാരാന്ത്യം ഉൾപ്പെടെ നാലോ അഞ്ചോ ദിവസം ഇടവേള നീണ്ടുനിൽക്കും. ഈ വർഷത്തെ ആദ്യത്തെ നീണ്ട അവധി ദിനങ്ങളാണ് വരാൻ പോകുന്നത്. പെരുന്നാൾ തീയതിയുടെ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച് അഞ്ച് ദിവസത്തെ അവധിക്കാണ് സാധ്യത.
റമസാന് ശേഷം വരുന്ന ഇസ്‌ലാമിക കലണ്ടർ മാസമായ ശവ്വാൽ ഒന്നിനായിരിക്കും പെരുന്നാൾ ആഘോഷിക്കുക. ചന്ദ്രക്കല എപ്പോൾ ദൃശ്യമാകുന്നു എന്നതിനെ ആശ്രയിച്ച് ഇസ്‌ലാമിക ഹിജ്‌റി മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കുന്നു. ചന്ദ്രക്കല ആകാശത്ത് വീക്ഷിക്കുന്നതിനായി യുഎഇ ചന്ദ്രക്കല സമിതി റമസാൻ 29 (ഈ മാസം 29) ന് യോഗം ചേരും. കണ്ടെത്തിയാൽ മാസം 29 ദിവസത്തിൽ അവസാനിക്കും.
പെരുന്നാൾ അവധി ഈ മാസം 30 മുതൽ ഏപ്രിൽ 1 ചൊവ്വാഴ്ച വരെയാണ്. അവധിക്ക് മൻപുള്ള ശനിയാഴ്ച വാരാന്ത്യവുമായി സംയോജിപ്പിക്കുമ്പോൾ അത് നാല് ദിവസത്തെ ഇടവേളയാകും. 29 ന് ചന്ദ്രനെ കണ്ടില്ലെങ്കിൽ, റമസാൻ 30 ദിവസം നീണ്ടുനിൽക്കും. ഈ വർഷം പെരുന്നാളിന് മൂന്ന് ദിവസങ്ങൾക്ക് പുറമേ റമസാൻ 30നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് മാർച്ച് 30 (റമസാൻ 30) മുതൽ ഏപ്രിൽ 2 വരെ. അവധിക്ക് മുൻപുള്ള ശനിയാഴ്ച വാരാന്ത്യവും കൂടി ചേർക്കുമ്പോൾ അഞ്ച് ദിവസത്തെ അവധി ലഭിക്കും.

ദുബായ് ജ്യോതിശാസ്ത്ര വിഭാഗത്തിന്റെ കണക്കുകൂട്ടലുകൾ പ്രകാരം റമസാൻ 30 ദിവസം പൂർത്തിയാക്കാൻ സാധ്യതയുണ്ട്. അതായത് അഞ്ച് ദിവസത്തെ അവധി ലഭിക്കുമെന്ന് പ്രതീക്ഷ പുലർത്താം. ഈ മാസം 29 ന് ചന്ദ്രദർശന സമിതി യോഗം ചേർന്ന് അവധിക്കാലത്തിന്റെ യഥാർഥ തീയതികൾ പ്രഖ്യാപിക്കും.