ADVERTISEMENT

ജിദ്ദ ∙ ചൊവ്വാഴ്ച സൗദിയുടെ മധ്യസ്ഥതയിൽ അമേരിക്കയും യുക്രെയ്നും തമ്മിൽ ജിദ്ദയിൽ നടന്ന ചർച്ചകൾ വിജയിച്ചതായി സൂചന. പ്രതിസന്ധി പരിഹരിക്കുന്നതിനും ശാശ്വത സമാധാനം കൈവരിക്കുന്നതിനുമുള്ള സൗദി ശ്രമങ്ങളുടെയും ഉദ്യമങ്ങളുടേയും ഫലമായി, റഷ്യ-യുക്രെയിൻ പ്രതിസന്ധി അവസാനിപ്പിക്കാൻ സഹായിക്കുന്ന കരാറുകളിൽ എത്തുന്നതിൽ രണ്ടു കക്ഷികളും പുരോഗതി കൈവരിച്ചു.

ജിദ്ദയിൽ സൗദി വിദേശകാര്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയുടെ ഫലമായി 30 ദിവസത്തെ ഇടക്കാല വെടിനിർത്തലിന് സന്നദ്ധമാണെന്ന് യുക്രെയൻ അറിയിച്ചു. 30 ദിവസത്തെ വെടിനിർത്തൽ എന്ന നിർദേശമായിരുന്നു യുഎസ് മുന്നോട്ട് വച്ചത്. ഇടക്കാല വെടിനിർത്തൽ ധാരണ റഷ്യ അംഗീകരിക്കുന്നത് സംബന്ധിച്ച് യുഎസ് പ്രത്യേക ദൂതൻ താമസിയാതെ റഷ്യയിലെത്തും. ഇരുപക്ഷവും കരാർ അംഗീകരിച്ചാൽ വെടിനിർത്തൽ നിലവിൽ വരും. പിന്നീട് ഇരുകൂട്ടരും സമ്മതിച്ചാൽ വെടിനിർത്തൽ നീട്ടാനും സാധ്യതയുണ്ടെന്നുമാണ് സൂചന.

ചർച്ചകൾക്ക് ശേഷം, യുക്രെയ്ൻ പ്രതിസന്ധിക്കുള്ള ഏക പരിഹാരമാണ് ചർച്ചകൾ എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥിരീകരിച്ചു, യുക്രെയ്ൻ സമാധാനത്തിലേക്കും വെടിനിർത്തലിലേക്കും നല്ല പുരോഗതി കൈവരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.

മേഖലയിലെ സ്ഥിരത ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുക്രെയ്നിനുള്ള സഹായം നിർത്തിവച്ചത് പിൻവലിക്കാൻ തീരുമാനിച്ചതായി മന്ത്രി വിശദീകരിച്ചു. യുക്രെയ്ൻ പ്രതിസന്ധിക്ക് പരിഹാരം കാണാൻ പ്രസിഡന്റ് ട്രംപ് ആഗ്രഹിക്കുന്നുണ്ടെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് ഊന്നിപ്പറഞ്ഞു. സമാധാനപരമായ മാർഗങ്ങളിലൂടെ സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളോടുള്ള യുഎസ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് ഇത് സ്ഥിരീകരിക്കുന്നത്.

ഒൻപതര മണിക്കൂറോളം നടന്ന മാരത്തോൺ ചർച്ചകൾക്കാണ് സൗദി അറേബ്യ സാക്ഷ്യം വഹിച്ചത്. ജിദ്ദ ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ്, ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയെയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്വീകരിച്ചു. യോഗത്തിൽ, മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ പരിശോധിക്കുന്നതിനൊപ്പം, പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയും കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു.

ചർച്ചകളിൽ കിരീടാവകാശിയുടെ നിർദ്ദേശപ്രകാരം സൗദി വിദേശകാര്യ മന്ത്രി  ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ള രാജകുമാരനും സഹമന്ത്രിയും കാബിനറ്റ് അംഗവുമായ ഡോ. മുസൈദ് ബിൻ മുഹമ്മദ് അൽ-ഐബാനും പങ്കെടുത്തു. യുഎസ് പക്ഷത്തെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സും യുക്രെയ്‌യൻ പക്ഷത്തെ പ്രതിനിധീകരിച്ച് പ്രസിഡന്റിന്റെ ഓഫിസ് മേധാവി ആൻഡ്രി യെർമാക്, വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ, പ്രതിരോധ മന്ത്രി റുസ്റ്റം ഉമെറോവ് എന്നിവരും പങ്കെടുത്തു.

രാജ്യാന്തര നയങ്ങൾക്കും ചട്ടങ്ങൾക്കു  അനുസൃതമായി യുക്രെയ്നിൽ സമാധാനം പുലരട്ടെയെന്ന് കിരീടാവകാശി പറഞ്ഞു. മൂന്നുവർഷമായ യുക്രയ്നിലെ യുദ്ധക്കെടുതി അവസാനിപ്പിക്കാൻ കഴിയുമെന്ന് പ്രത്യാശയുണ്ടന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.  സമാധാന ചർച്ചക്കായി എത്തിയ സെലൻസ്കിക്ക്  രാജകീയ സ്വീകരണമാണ് ജിദ്ദയിൽ നൽകിയത്. സൗദി കിരീടാവകാശി നേരിട്ട് എത്തിയാണ് സെലൻസ്കിയെകൊട്ടാരത്തിൽ സ്വീകരിച്ചത്.  യുക്രെയ്ന് സൗദി അറേബ്യ നേരത്തെ ഭക്ഷ്യ, മെഡിക്കൽ സഹായങ്ങൾ എത്തിച്ചിരുന്നതിനുള്ള നന്ദി സെലൻസ്കി പ്രകടിപ്പിച്ചു. യുഎസുമായി ചർച്ചക്ക് അവസരം നൽകിയതിന് അദ്ദേഹം നന്ദി പറഞ്ഞു.  യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സൗദിയുടെ മധ്യസ്ഥതയിൽ രണ്ടാമത്തെ പ്രധാന ചർച്ചയാണിത്. നേരത്തെ റഷ്യ യുക്രൈൻ ചർച്ചക്കും സൗദി വഴി ഒരുക്കിയിരുന്നു. സൗദിയിലെത്തിയെങ്കിലും യുഎസുമായുള്ള ചർച്ചയിൽ സെലൻസ്കി നേരിട്ട് പങ്കെടുത്തില്ല. രണ്ടു രാജ്യങ്ങളുടേയും മന്ത്രി തല സംഘമാണ് യോഗത്തിൽ സംബന്ധിച്ചത്. 

English Summary:

Ukraine, US hold talks in Saudi on ending war with Russia

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com