ഭിക്ഷാടനം: നടപടി കടുപ്പിച്ച് യുഎഇ, പിഴ 5 ലക്ഷം ദിർഹം; കാരുണ്യ പ്രവർത്തനത്തിന് ലൈസൻസ് നിർബന്ധം

Mail This Article
അബുദാബി ∙ റമസാനിൽ ഓൺലൈൻ ഭിക്ഷാടനത്തിനും അനധികൃത ധനസമാഹരണത്തിനും എതിരെ നടപടി കർശനമാക്കി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. നിയമലംഘകർക്ക് 6 മാസം തടവോ 5 ലക്ഷം ദിർഹം പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സൈബർ സുരക്ഷാ അവബോധത്തിന്റെ പ്രാധാന്യം കൗൺസിൽ ഊന്നിപ്പറഞ്ഞു. സംഭാവനകൾ അർഹരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കണം.
സുരക്ഷിതമാണെന്ന് പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ ഓൺലൈൻ ഇടപാട് നടത്താവൂ എന്നും ഓർമിപ്പിച്ചു. റമസാന്റെ തുടക്കം മുതൽ തന്നെ അജ്ഞാത ബാങ്ക് അക്കൗണ്ടുകളിലേക്ക് സംഭാവന ആവശ്യപ്പെട്ട് പൗരന്മാർക്കും താമസക്കാർക്കും വ്യാപക സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ്.
ദരിദ്രർ, അനാഥർ, രോഗികൾ, സഹായം ആവശ്യമുള്ള മറ്റു വിഭാഗങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതിനും ഇഫ്താർ നൽകുന്നതിനും ദുരന്ത നിവാരണത്തിനും സംഭാവന നൽകണമെന്നാണ് അഭ്യർഥനകളാണ് കൂടുതലും. ഇത്തരം ഡിജിറ്റൽ പണപ്പിരിവിനെക്കുറിച്ച് 800 623 ഹെൽപ് ലൈനിൽ റിപ്പോർട്ട് ചെയ്യണമെന്ന് സാമൂഹിക വികസന മന്ത്രാലയം അഭ്യർഥിച്ചു.
∙ കാരുണ്യ പ്രവർത്തനത്തിന് ലൈസൻസ് നിർബന്ധം
യുഎഇയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിന് ലൈസൻസ് നിർബന്ധമാണ്. സർക്കാരിന്റെ ജീവകാരുണ്യ സംഘടനകളാണ് പ്രാദേശിക, രാജ്യാന്തര തലത്തിലുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സഹായം നൽകാൻ ഉദ്ദേശിക്കുന്നവർ സർക്കാർ അംഗീകൃത കാരുണ്യ സംഘടനകൾ വഴി നൽകിയാൽ അർഹരായവർക്ക് എത്തുമെന്ന് ഉറപ്പാക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
എസ്എംഎസ്, ഇമെയിൽ, വാട്സ്ആപ്പ്, മറ്റു സമൂഹ മാധ്യമങ്ങൾ എന്നിവയിലൂടെ ഭിക്ഷാടനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. ഭിക്ഷയ്ക്കായി സന്ദേശങ്ങളും ചിത്രങ്ങളും ദൃശ്യങ്ങളും അയയ്ക്കുന്നത് നിരീക്ഷിക്കും. ജനങ്ങളുടെ സഹായ മനസ്ഥിതി ചൂഷണം ചെയ്യാൻ റമസാനിൽ യാചകരെ ഇറക്കുന്ന തട്ടിപ്പു സംഘങ്ങൾക്കെതിരെയും കടുത്ത നടപടിയുണ്ടാകും.