ഇന്ത്യൻ കൾചറൽ സെന്റർ പുതിയ ഭരണസമിതി

Mail This Article
ദോഹ ∙ ഇന്ത്യൻ എംബസിക്ക് കീഴിലെ സാംസ്‌കാരിക വിഭാഗമായ ഇന്ത്യൻ കൾചറൽ സെന്റർ 2025 -2026 വർഷത്തേക്കുള്ള ഭരണസമിതിയും ഉപദേശക സമിതിയും അധികേരമേറ്റു. ഐ.സി.സി അശോക ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നൂറുകണക്കിന് ഇന്ത്യൻ പ്രവാസികളെ സാക്ഷിയാക്കിയാണ് എ.പി മണികണ്ഠൻ പ്രസിഡന്റായുള്ള 2025-26 കാലയളവിലെ പുതിയ ഭരണ സമിതി അധികാരമേറ്റത്. ഇന്ത്യൻ എംബസി കോൺസുലറും ഐ.സി.സി ചീഫ് കോർഡിനേറ്ററുമായ ഡോ. വൈഭവ് തണ്ഡലെ മുഖ്യാതിഥിയായി പങ്കെടുത്തു.
സ്ഥാനമൊഴിഞ്ഞ ഭരണസമിതിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം, പുതിയ ഭരണസമിതിക്കും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ കഴിയട്ടെയെന്ന് ആശംസിച്ചു. തുടർന്ന് പുതിയ സമിതി അംഗങ്ങളെ അദ്ദേഹം സ്വീകരിച്ചു. കഴിഞ്ഞ രണ്ടു വർഷക്കാലയളവിലെ പിന്തുണക്ക് സ്ഥാനമൊഴിഞ്ഞ ജനറൽ സെക്രട്ടറി മോഹൻ കുമാർ പ്രവാസി കമ്യൂണിറ്റിക്കും എംബസിക്കും നന്ദി അറിയിച്ചു. തുടർന്ന് പുതിയ ഭരണസമിതി സ്ഥാനമേറ്റു.


കഴിഞ്ഞ പ്രസിഡന്റ് എ.പി മണികണ്ഠൻ തന്നെയാണ് പുതിയ സമിതിയുടെയും പ്രസിഡന്റ്. പി.എൻ ബാബുരാജൻ നേതൃത്വം നൽകുന്ന പുതിയ ഉപദേശക സമിതിയും അധികാരമേറ്റെടുത്തു. ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുൽറഹ്മാൻ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് നന്ദി പറഞ്ഞു. ശാന്താനു ദേശ്പാണ്ഡേ (വൈസ് പ്രസിഡന്റ്), എബ്രഹാം കെ ജോസഫ് (ജനറൽ സെക്രട്ടറി), പ്രദീപ് പിള്ള, അഫ്സൽ അബ്ദുൽ മജീദ് (സെക്രട്ടറിമാർ), എന്നിവരാണ് പുതിയ ഭാരവാഹികൾ .