'ഗരങ്കാവ് ' ആഘോഷിക്കാൻ ഖത്തർ തയാർ; 'ഊരുചുറ്റാൻ' അണിഞ്ഞൊരുങ്ങി കുട്ടികളും

Mail This Article
ദോഹ ∙ റമസാനിലെ കുട്ടികളുടെ ഉത്സവമായ ഗരങ്കാവ് വിപുലമായി ആഘോഷിക്കാനൊരുങ്ങി ഖത്തർ. റമസാൻ പതിനാലാം രാവിൽ കുട്ടികൾക്കായുള്ള ഉത്സവമാണ് ഗരങ്കാവ്. കുട്ടികൾ പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് വീടുകൾ കയറി ഇറങ്ങുമ്പോൾ അവരെ സ്വീകരിക്കാൻ വിവിധ വർണ്ണങ്ങളിലുള്ള മിഠായികളും നട്സ്കളും പോക്കറ്റ് മണികളുമായി വീട്ടുകാർ ഒരുങ്ങിയിരിക്കും. തോളിൽ വർണ്ണ ബാഗുകൾ തൂക്കിയുള്ള ഈ ' ഊരുചുറ്റൽ ' കുട്ടികൾക്ക് റമദാനിലെ ഏറ്റവും വലിയ ആഘോഷമാണ്.
സമ്മാനങ്ങൾ തേടി വീടുവീടാന്തരം കയറിയിറങ്ങുന്നതാണ് ‘ഗരങ്കാവൂ’വിന്റെ പ്രധാന ആകർഷണം. ഇതിനു പുറമെ വ്യാപാര സ്ഥാപനങ്ങളും മറ്റും ഇന്നും നാളെയുമായി വിപുലമായി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. റമസാൻ 14 ആയ നാളെയാണ് കുട്ടികളുടെ ഗരങ്കാവൂ ആഘോഷമെങ്കിലും ദിവസങ്ങൾക്കു മുൻപ് തന്നെ വിപണിയും നഗരവും സജീവമായി കഴിഞ്ഞു. സ്വദേശികളും, താമസക്കാരായ അറബ് സമൂഹവും റമസാനിൽ ഏറെ ഉത്സാഹത്തോടെ വരവേൽക്കുന്ന ഗരങ്കാവുവിനായി വിപണിയിൽ വസ്ത്രങ്ങളും സമ്മാനങ്ങളും മിഠായികളൾക്കുമായി നല്ല ഡിമാൻഡാണ് അനുഭവപ്പെടുന്നത്.
രക്ഷിതാക്കളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ കുട്ടികൾക്ക് സമ്മാനങ്ങളും മധുരങ്ങളും വാങ്ങാനായി കടകളിൽ തിരിക്കിലായിട്ടുണ്ട്. സൂഖുകൾ, ഹൈപ്പർമാർക്കറ്റുകൾ ഉൾപ്പെടെ ഉൾപ്രദേശങ്ങളിലുള്ള സൂപ്പർ മാർക്കറ്റുകൾ വരെ ഗരങ്കാവൂ സമ്മാനപ്പൊതികളുമായി സജ്ജമായിരിക്കുകയാണ്. പരമ്പരാഗതമായി വീടുകൾ കേന്ദ്രീകരിച്ചുള്ള ആഘോഷങ്ങൾക്കു പുറമെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഗരങ്കാവൂ ആഘോഷങ്ങളുണ്ട്. ദോഹ ഫയർ സ്റ്റേഷനിൽ ഇന്ന് രാത്രി 8.30 മുതൽ 11.30 വരെ വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. പെയിന്റിങ്, മധുര വിതരണം, കുട്ടികളും ബെസ്റ്റ് ഡ്രസ് മത്സരം, പാവകളി എന്നിവയുമായാണ് ഒരുങ്ങുന്നത്.

ദാർ എൽ സായിയിൽ നടക്കുന്ന "അൽ റാസ്ജി" സാംസ്കാരിക പരിപാടിയിൽ ഗരങ്കാവോയും ഉൾപ്പെടുത്തിയിട്ടുണ്ട്. നാളെ രാത്രി 7 .30 മുതൽ അർദ്ധരാത്രിവരെയാണ് പരിപാടി നടക്കുക. ലുസൈൽ ബൊളെവാഡിൽ നാളെ രാത്രി എട്ട് മുതൽ പുലർച്ചെ ഒരു മണിവരെയാണ് വിവിധ പരിപാടികൾ. സാംസ്കാരിക ഉത്സവമായാണ് ബൊളെവാഡ് ഗരങ്കാവിനെ വരവേൽക്കുന്നത്. ഓൾഡ് ദോഹ പോർട്ടിൽ വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ രാത്രി 11 വരെയാണ് പരിപാടികൾ. മുശൈരിബും വെള്ളിയാഴ്ച വിവിധ പരിപാടികൾക്ക് വേദിയൊരുക്കും.
കത്താറ കൾച്ചറൽ വില്ലേജിൽ നാളെ രാത്രി 8:30 മുതലാണ് ആഘോഷ പര്യാപടികൾ. ബർവ മദീനത്ന ലുലു ഹൈപ്പർമാർക്കറ്റിൽ വ്യാഴാഴ്ച രാത്രി 7.30 മുതലാണ് പരിപാടികൾ. മാൾ ഓഫ് ഖത്തറിൽ മാർച്ച് 15ന് ഇഫ്താർ കഴിഞ്ഞു രാത്രി പത്തു മണിവരെ ഗരങ്കാവ് ഉത്സവം നടക്കും. മാളുകളിലും മറ്റും നടക്കുന്ന പരിപടികളിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും നടക്കും. ഒപ്പം കൈ നിറയെ സമ്മാനങ്ങളും കുട്ടികൾക്കായി കാത്തിരിക്കുന്നുണ്ട്.