ബഹ്റൈനിൽ 'ഖര്‍ഖാഊന്‍' ആഘോഷങ്ങൾക്ക് തുടക്കം

Mail This Article
മനാമ ∙ റമസാൻ വ്രതം പതിനഞ്ചാമത്തെ നാളിലേക്ക് എത്താൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ പാരമ്പര്യ-സാംസ്കാരിക ഉത്സവമായ ഖര്‍ഖാഊ ന്‍ ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ തുടങ്ങി. ബഹ്‌റൈൻ സാംസ്കാരിക അതോറിറ്റിയുടെ നേതൃത്വത്തിലും ഖര്‍ഖാഊന്‍ ആഘോഷങ്ങൾ നടക്കാറുണ്ട്. റമസാൻ 15 നെ വരവേൽക്കുന്നതിെൻറ മുന്നോടിയായി മൂന്ന് ദിവസങ്ങളിലായാണ് ഈ പരമ്പരാഗത ആഘോഷം നടക്കുക.
പാരമ്പര്യത്തെ മറക്കരുത് എന്നുള്ള അർഥത്തിൽ നന്മകളെ വാഴ്ത്തിപ്പാടി കുട്ടികളുടെ സംഘങ്ങൾ വാദ്യഘോഷങ്ങളോടെ വീടുകൾ തോറും കയറിയിറങ്ങും. പുതുവസ്ത്രങ്ങൾ അണിഞ്ഞ് സംഘമായിട്ടാണ് ഓരോ പ്രദേശത്തെയും കുട്ടികൾ ഇത്തരത്തിൽ വീടുകളിലേക്ക് എത്തുന്നത്. വീട്ടുകാർ കുട്ടികൾക്ക് മധുരം നൽകുകയും ചെയ്യും ചിലർ സമ്മാനങ്ങൾക്കൊപ്പം നാണയങ്ങളും സമ്മാനമായി നൽകും. കുട്ടികൾക്ക് ലഭിക്കുന്ന സമ്മാനങ്ങളും മിഠായികളും സൂക്ഷിക്കാൻ ഓരോരുത്തരുടെയും കൈകളിൽ ചെറിയ തുണി സഞ്ചികളും കരുതും.

ഇതുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ ഫോര്‍ട്ട് മ്യൂസിയം, ബാബുല്‍ ബഹ്റൈൻ എന്നിവിടങ്ങളിലും പ്രത്യേകം പ്രത്യേകം ആഘോഷങ്ങള്‍ നടക്കും. കൂടാതെ ദോഹ ത് അറാദ് പാര്‍ക്കിന് സമീപമുള്ള സ്റ്റുഡിയോ 244 ലും വിവിധ പരിപാടികളോട ഖര്‍ഖാഊന്‍ ആഘോഷങ്ങള്‍ നടക്കാറുണ്ട്. കുട്ടികളെ അവരുടെ പരമ്പരാഗത വേരുകളിലേക്ക് പരിചയപ്പെടുത്തുകയും അവരെ കൂടുതൽ അടുപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ആഘോഷങ്ങൾക്കൊണ്ട് ലക്ഷ്യമാക്കുന്നത്.

ഖർഖാഊന്‍ ആഘോഷങ്ങൾ അടുത്തുവന്നതോടെ സൂഖുകളിലും കടകളിലും ഇതിനായുള്ള സാധനങ്ങളുടെ വിൽപനയും തകൃതിയായി. കുട്ടികളും മുതിർന്നവരും സാധനങ്ങൾ വാങ്ങാൻ പാതിരാത്രിവരെ കടകളിൽ എത്തിത്തുടങ്ങിയതായി മുഹറഖ് സൂഖിലെ ഒരു വ്യാപാരി പറഞ്ഞു. ഈന്തപ്പഴം, പിസ്ത, പല തരത്തിലുള്ള മധുരപലഹാരങ്ങൾ, മിഠായികൾ തുടങ്ങി എല്ലാമടങ്ങിയ സമ്മാനപ്പൊതികളാണ് ഖര്‍ഖാഊന്‍ ആഘോഷിക്കുന്ന കുട്ടികൾക്ക് നൽകാൻ വീട്ടുകാർ കരുതുക. ഇതര ഗൾഫ് രാജ്യങ്ങളിലും ഈ ആഘോഷം ചില വ്യത്യാസങ്ങളോടെ നടക്കുന്നുണ്ട്.