പൈതൃക തനിമയില്‍ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് നോമ്പാഘോഷം: ആട്ടവും പാട്ടുമായി കുട്ടിപട്ടാളമെത്തും; ആവേശത്തില്‍ വിപണികളും

Mail This Article
ഗൾഫ് രാജ്യങ്ങളിൽ ഇന്ന് കുട്ടികളുടെ നോമ്പ് ആഘോഷം. റമസാൻ നാളുകളിൽ ഗൾഫ് നാടുകളിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നാണിത്. റമസാനിലെ 14-ാം രാവിൽ ആണ് പരമ്പരാഗതമായ കുട്ടികളുടെ നോമ്പാഘോഷം. ഗരങ്കാവോ, ഗർഗിയാൻ തുടങ്ങി പല പേരുകളിലാണ് അറിയപ്പെടുന്നതെങ്കിലും ആഘോഷം ഒന്നു തന്നെയാണ്.
ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ ഗരങ്കാവോ ആഘോഷത്തിനായി ഗള്‍ഫ് നാടുകളും വിപണികളും സജീവമാണ്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെല്ലാം ഇന്ന് കുട്ടികളുടെ നോമ്പാഘോഷം പൈതൃക തനിമയില്‍ ആഘോഷപൂര്‍വം കൊണ്ടാടും. ഗരങ്കാവോ ഏറ്റവും കൂടുതൽ ആഘോഷമാക്കുന്നത് ഖത്തർ, സൗദി, ബഹ്റൈൻ, കുവൈത്ത് രാജ്യങ്ങളിലാണ്.
∙ പൈതൃക തനിമയില്‍ നോമ്പാഘോഷം
റമസാന്റെ 14-ാം രാത്രിയില്‍ നോമ്പ് തുറന്ന ശേഷം രാജ്യത്തിന്റെ പൈതൃകം പ്രതിഫലിപ്പിച്ചുകൊണ്ട് നിറപകിട്ടാര്‍ന്ന പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് ആട്ടവും പാട്ടുമായി കുട്ടികള്‍ ചെറു സംഘങ്ങളായി വീടുകള്‍ തോറും കയറിയിറങ്ങി സമ്മാനപൊതികള്‍ സ്വീകരിക്കുന്നതാണ് നോമ്പ് ആഘോഷം. ആൺകുട്ടികളും പെൺകുട്ടികളും പരമ്പരാഗത വസ്ത്രങ്ങളാണ് ധരിക്കുന്നത്. കുട്ടികളുടെ സുരക്ഷയ്ക്കായി മുതിർന്നവരും അകമ്പടിയായിട്ടുണ്ടാകും.

പ്രാദേശിക താളവാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് പാട്ട്. പ്രത്യേകം തയ്യാറാക്കിയ ഗരങ്കാവോ സഞ്ചികളും തോളിലിട്ട് ഉച്ചത്തില്‍ ഗാനങ്ങളും പാടിയാണ് കുട്ടികള്‍ വീടുകള്‍ തോറും കയറിയിറങ്ങുന്നത്. വീടു മുഴുവൻ ദീപാലങ്കാരങ്ങൾ ചെയ്ത് ഓരോ വീടുകളും കാത്തിരിക്കും കുട്ടികള്‍ക്കുള്ള മധുരപലഹാരങ്ങളും സമ്മാനപൊതികളുമായി. ഓരോ രാജ്യങ്ങളും തങ്ങളുടെ സമ്പന്നമായ പൈതൃകം പ്രതിഫലിപ്പിക്കുന്ന ഗരങ്കാവോ ആഘോഷത്തിലൂടെ സാമൂഹിക ഐക്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
രണ്ടാഴ്ച നീളുന്ന നോമ്പിന്റെ പകുതിയിലെത്തുമ്പോഴുള്ള ആഘോഷം കുട്ടികള്‍ക്ക് വരും ദിനങ്ങളിലേക്ക് കൂടി നോമ്പെടുക്കാനുള്ള പ്രചോദനം കൂടിയാണ്. ആദ്യമായി നോമ്പെടുക്കുന്ന കുട്ടികള്‍ക്കും റമസാന്റെ അവസാന ദിനം വരെ നോമ്പെടുക്കാനുള്ള പ്രചോദനമാണ് നല്‍കുന്നത്.
∙ പേരുകൾ പലത്, ആഘോഷം ഒന്ന്
ഓരോ ഗള്‍ഫ് രാജ്യങ്ങളിലും കുട്ടികളുടെ നോമ്പാഘോഷത്തിന്റെ പേരുകളില്‍ നേരിയ വ്യത്യാസമുണ്ടെങ്കിലും ആഘോഷം ഒന്നുതന്നെയാണ്. ഖത്തറില്‍ ഗരങ്കാവോ, സൗദി അറേബ്യയിലും കുവൈത്തിലും ഗര്‍ഗിയാന്‍, ഒമാനില്‍ ഖറൻഖോഷ്, ബഹ്‌റൈനില്‍ ഖര്‍ഖാ ഊന്‍, യുഎഇയില്‍ ഹഗ് അൽ ലെയ്ല എന്നിങ്ങനെയാണ് പേരുകള്‍.

∙ ആഘോഷത്തില്‍ വിപണികളും
ഗള്‍ഫ് രാജ്യങ്ങളിലെ മിക്ക പരമ്പരാഗത സൂഖുകളിലും ഷോപ്പിങ് മാളുകളിലുമെല്ലാം കുട്ടികള്‍ക്കായി സമ്മാന വിതരണവും ആഘോഷപരിപാടികളും എല്ലാമുണ്ടാകും. ഗരങ്കാവോ ആഘോഷിക്കാന്‍ ആഴ്ചകള്‍ക്ക് മുന്‍പേ തന്നെ മധുരപലഹാരങ്ങളുടെയും ഉണക്കിയ പഴവര്‍ഗങ്ങളുടെയും വിപണി സജീവമായിട്ടുണ്ട്. കുട്ടികള്‍ക്കണിയാന്‍ പരമ്പരാഗത വസ്ത്രങ്ങളുടെ വില്‍പനശാലകളിലും തിരക്കേറിയിട്ടുണ്ട്. ഖത്തറിൽ ഒരാഴ്ച മുൻപേ തന്നെ ഗരങ്കാവോ വിപണികൾ സജീവമാണ്.