ഇത്തിഹാദ് സാറ്റിൽ നിന്ന് ആദ്യ സിഗ്നൽ സ്വീകരിച്ച് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ

Mail This Article
ദുബായ്∙ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി) അവരുടെ ആദ്യത്തെ സിന്തറ്റിക് അപ്പർച്ചർ റഡാർ (എസ്എആർ) ഉപഗ്രഹമായ ഇത്തിഹാദ്-സാറ്റിൽ നിന്ന് ആദ്യ സിഗ്നൽ സ്വീകരിച്ചു. ഇത്തിഹാദ്-സാറ്റിന്റെ വിജയകരമായ വിക്ഷേപണം ബഹിരാകാശ മേഖലയിൽ യുഎഇ കൈവരിച്ച പുരോഗതിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് എംബിആർഎസ്‌സി ചെയർമാൻ ഹമദ് ഉബൈദ് അൽമൻസൂരി പറഞ്ഞു. കലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോള്സ് ബേസിൽ നിന്ന് ഇന്ന്(ശനി) രാവിലെ 10.39നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
നിലവിലുള്ള ഒപ്റ്റിക്കൽ സാറ്റലൈറ്റ് കഴിവുകളുമായി റഡാർ ഇമേജിങ് സാങ്കേതികവിദ്യയെ സമന്വയിപ്പിക്കുന്ന എംബിആർഎസ്‌സിയുടെ ഉപഗ്രഹ വ്യൂഹത്തിലെ ഒരു സാങ്കേതിക കുതിച്ചുചാട്ടമാണിതിനെ വിശേഷിപ്പിക്കുന്നത്. പരമ്പരാഗത ഒപ്റ്റിക്കൽ ക്യാമറകളിൽ നിന്ന് വ്യത്യസ്തമായി, മേഘങ്ങളിലേയ്ക്കും ഇരുട്ടിലേക്കും മഴയിലേക്കും പോലും തുളച്ചുകയറുന്ന റേഡിയോ തരംഗങ്ങളെയാണ് റഡാർ ഇമേജിങ് ആശ്രയിക്കുന്നത്. ഇത് സ്ഥിരവും തടസ്സമില്ലാത്തതുമായ ഡേറ്റ ശേഖരണത്തിനുള്ള ശക്തമായ ഉപകരണമാക്കി മാറ്റുന്നു.
ദുരന്ത നിവാരണം, എണ്ണച്ചോർച്ച, സസ്യജാല പഠനങ്ങൾ, സമുദ്ര നാവിഗേഷൻ എന്നിവയെക്കുറിച്ച് മനസിലാക്കാൻ ഉപഗ്രഹം സൃഷ്ടിക്കുന്ന ഡേറ്റ സഹായിക്കും. ബഹിരാകാശ ശാസ്ത്ര സാങ്കേതിക മേഖലയിലെ മുൻനിര രാജ്യങ്ങൾക്കിടയിൽ യുഎഇ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലേയ്ക്ക് സ്ഥിരമായി മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് എംബിആർഎസ്‌സി വൈസ് പ്രസിഡന്റ് തലാൽ ഹുമൈദ് ബെൽഹോൾ അൽ ഫലാസി പറഞ്ഞു.
ഭരണാധികാരികളുടെ ദർശനത്തിന്റെയും പിന്തുണയുടെയും നേതൃത്വത്തിൽ രാജ്യത്തെ സേവിക്കുന്ന വിവിധ മേഖലകളിൽ ബഹിരാകാശ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിന് ഈ നാഴികക്കല്ല് വഴിയൊരുക്കുന്നു.
∙ തന്ത്രപരമായ പങ്കാളിത്തം
ദക്ഷിണ കൊറിയയുടെ സാട്രെക് ഇനിഷ്യേറ്റീവുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇത്തിഹാദ്-സാറ്റ് വികസിപ്പിച്ചെടുത്തത്. ഉയർന്ന ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പ്രാഥമിക രൂപകൽപനയിലേക്കും സാങ്കേതിക മൂല്യനിർണയത്തിലേക്കും നീങ്ങുന്നതിന് മുമ്പ് എംബിആർഎസ്‌സിയുടെ ടീം സാങ്കേതിക സവിശേഷതകളുടെ ഘട്ടത്തിന് നേതൃത്വം നൽകി.
പിന്നീടുള്ള ഘട്ടങ്ങളിൽ സാട്രെക് ഇനിഷ്യേറ്റീവുമായി സഹകരിച്ച് രൂപകൽപനയും നിർമാണവും അന്തിമമാക്കുന്നതിൽ എംബിആർഎസ്‌സി എൻജിനീയർമാർ നേതൃത്വം നൽകി. യുഎഇ ദേശീയ ബഹിരാകാശ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള എംബിആർഎസ്‌സിയുടെ പ്രതിബദ്ധതയെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നു. ആഗോള ബഹിരാകാശ സമൂഹവുമായി പങ്കാളിത്തം നിലനിർത്തിക്കൊണ്ട് അത്യാധുനിക ബഹിരാകാശ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനുള്ള യുഎഇയുടെ കഴിവിനെ ഈ നേട്ടം എടുത്തുകാണിക്കുന്നുവെന്ന് എംബിആർഎസ്‌സിയുടെ ഡയറക്ടർ ജനറൽ സലേം ഹുമൈദ് അൽമർറി പറഞ്ഞു.