ഇന്ത്യൻ എംബസി കോൺസൽ സർവീസ് മദീന സായിദിൽ

Mail This Article
അബുദാബി ∙ അബുദാബിയുടെ പടിഞ്ഞാറൻ മേഖലയിലെ പ്രവാസി ഇന്ത്യക്കാരുടെ പതിറ്റാണ്ടുകൾ നീണ്ട ആവശ്യത്തിന് പരിഹാരമായി മദീന സായിദിൽ (ബദാസായിദ്) ഇന്ത്യൻ എംബസി കോൺസൽ സർവീസ് ആരംഭിച്ചു. എംബസിയുടെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ (ഡിസിഎം) എ.അമർനാഥ് ഉദ്ഘാടനം ചെയ്തു.
കോൺസൽ പ്രേം ചന്ദ്, ഷാനവാസ്, അബ്ദുൽ റസാഖ് (തഖ്‌ലീസ് സെന്റർ), ഹംസക്കുട്ടി തൂമ്പിൽ (സാമൂഹിക പ്രവർത്തകൻ), ഹാഫിസ് മൊഈൻ (ഇമാം), ഹരിദാസ് വടക്കത്ത്, സുബൈർ എന്നിവർ പ്രസംഗിച്ചു. ഹബ്ഷാനിലെ ലേബർ ക്യാംപ് തൊഴിലാളികൾ ഉൾപ്പെടെ പടിഞ്ഞാറൻ മേഖലയിലെ ഇന്ത്യക്കാർക്ക് ഈ കേന്ദ്രത്തിലെ സേവനം ഗുണം ചെയ്യും. പാസ്പോർട്ട് സംബന്ധമായ ആവശ്യത്തിന് അവധിയെടുക്കുന്നതും 5 മണിക്കൂറോളം നീണ്ട യാത്രയും പണച്ചെലവും ഇതോടെ ഒഴിവാകും. മദീന സായിദിന് പുറമെ മർഫ, താരിഫ്, ലിവ, ഹബ്ഷാൻ എന്നിവിടങ്ങളിലുള്ളവർക്കും ഈ കേന്ദ്രത്തിന്റെ സഹായം ലഭിക്കും.
ആദ്യഘട്ടത്തിൽ മാസത്തിൽ ഒരിക്കലാണ് സേവനം. ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് സേവനത്തിന്റെ ദൈർഘ്യവും എണ്ണവും കൂട്ടാൻ എംബസിക്കു പദ്ധതിയുണ്ട്. ആദ്യ ദിനമായ ഇന്നലെ നാൽപതോളം അപേക്ഷകളാണ് ലഭിച്ചത്. നൂറോളം അപേക്ഷ ലഭിക്കുകയാണെങ്കിൽ ദിവസം മുഴുവൻ സർവീസുണ്ടാകും. അപേക്ഷകളുടെ ആധിക്യമനുസരിച്ച് പ്രതിദിന സർവീസിനെക്കുറിച്ചും ആലോചിക്കും.
പടിഞ്ഞാറൻ മേഖലയിൽ ജോലി ചെയ്യുന്ന പതിനായിരത്തിലേറെ ഇന്ത്യക്കാരുടെ സൗകര്യാർഥം മദീന സായിദിൽ കോൺസൽ സേവനം ആരംഭിക്കണമെന്ന് കെഎംസിസി ലീഗൽ വിങ് ആവശ്യപ്പെട്ടിരുന്നു.
പാസ്പോർട്ടിന് അപേക്ഷിക്കുക, പുതുക്കുക, അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസൽ സേവനങ്ങൾ ഇവിടെ ലഭ്യമാകും. തഖ്‌ലിസ് ട്രാൻസാക്‌ഷൻ എൽഎൽസിയുടെ മദീന സായിദ് ശാഖയിലാണ് സേവനം ലഭിക്കുക. സേവനം ആവശ്യമുള്ളവർക്ക് 0557969678, 0526626445. 0588340045 നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി റജിസ്റ്റർ ചെയ്യാം.