വർഗീയതയും അഴിമതിയും: സർക്കാർ നിസ്സംഗത പാലിക്കുന്നുവെന്ന് ആര്യാടൻ ഷൗക്കത്ത്

Mail This Article
ജിദ്ദ∙ വർഗീയതയും അഴിമതിയും ലഹരി വ്യാപനവും കൊണ്ട് നാട് തകർച്ചയിലേക്ക് പോകുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തികഞ്ഞ നിസ്സംഗത പാലിക്കുകയും ഇത്തരം അധമ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് കുറ്റപ്പെടുത്തി.
ജിദ്ദയിൽ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് അഭിപ്രായപ്പെട്ടു. ആക്ടിങ് പ്രസിഡന്റ് അസീസ് ലാക്കലിന്റെ അധ്യക്ഷതയിൽ ഷറഫിയ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഒഐസിസി സൗദി നാഷനൽ കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്ത യാസർ നായിഫ് പെരുവള്ളൂർ, അഷ്റഫ് അഞ്ചാലൻ, അനിൽകുമാർ പത്തനംതിട്ട എന്നിവരെ ചടങ്ങിൽ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഹാരാർപ്പണം ചെയ്തു. മലപ്പുറം ഡിസിസി അംഗം നാസർ തെന്നല, ഒഐസിസി സ്ഥാപക അംഗം അബ്ബാസ് ചെമ്പൻ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം സി.എം. അഹമ്മദ്, റീജനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ, കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സുബൈർ വട്ടോളി, പിസിഎ റഹ്‌മാൻ ഉണ്ണി, കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി നാണി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇസ്മായിൽ കൂരിപ്പൊയിൽ സ്വാഗതവും ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.