വൈദ്യുതി ഉപയോഗത്തിൽ വർധന; വിമാനത്താവളത്തിന് സമീപം 220 കെവി സബ്സ്റ്റേഷൻ തുറന്ന് സേവ

Mail This Article
ഷാർജ ∙ വർധിച്ചുവരുന്ന ഊർജ ആവശ്യം പരിഗണിച്ച് ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (സേവ) ഉമ്മുഫന്നിനിൽ വിമാനത്താവളത്തിനു സമീപം നിർമിച്ച 220 കെവി സബ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. 50 കോടി ദിർഹം ചെലവിൽ സീമെൻസ് എനർജി ആൻഡ് ജനറൽ പ്രോജക്ട്സ് കമ്പനി ഫോർ മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ കോൺട്രാക്റ്റിങ്ങുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.
ഷാർജയിൽ എല്ലായിടത്തും വൈദ്യുതി വിതരണം ഉറപ്പാക്കാൻ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് എനർജി ട്രാൻസ്മിഷൻ ഡയറക്ടർ ഹമദ് അൽ തുനൈജി പറഞ്ഞു. ഗുണനിലവാരം, കാര്യക്ഷമത, വിശ്വാസ്യത എന്നിവ ഉറപ്പാക്കുന്നതിനുള്ള ഏറ്റവും ഉയർന്ന ആഗോള മാനദണ്ഡം പാലിച്ചാണ് പദ്ധതി നടപ്പാക്കിയത്. പുതിയ സബ്സ്റ്റേഷനിൽ നാല് 400 എംവിഎ ട്രാൻസ്ഫോർമറുകളും (220/132 കെവി), നാല് 75 എംവിഎ ട്രാൻസ്ഫോർമറുകളും (132/33 കെവി) ഉൾപ്പെടുന്നു.
എമിറേറ്റിന്റെ സാമ്പത്തികവളർച്ചയെയും നഗരവികസനത്തെയും പിന്തുണയ്ക്കുന്നതാണ് പുതിയ സബ്സ്റ്റേഷനെന്ന് എനർജി ട്രാൻസ്മിഷൻ ഡപ്യൂട്ടി ഡയറക്ടർ അബ്ദുല്ല അൽ കൂസ് പറഞ്ഞു.