'പ്രമുഖ കമ്പനിയിൽ ജോലി', പറന്നെത്തിയപ്പോൾ ജോലിയുമില്ല താമസിക്കാനിടവുമില്ല, ഭീഷണിയും; സൗദിയിൽ മലയാളികൾ ഉൾപ്പെടെ നൂറിലേറെ പ്രവാസികൾ ദുരിതത്തിൽ

Mail This Article
റിയാദ് ∙ ജോലിയും താമസിക്കാൻ സ്ഥലവുമില്ലാതെ നൂറിലേറെ പ്രവാസികൾ റിയാദിൽ ദുരിതത്തിൽ. മലയാളികൾ അടക്കം ഭൂരിഭാഗം പ്രവാസികളും ഇന്ത്യയിൽ നിന്നുള്ളവരുമാണ്. തൊഴിൽ വാഗ്ദാനം ചെയ്തവരുടെ വഞ്ചനയാണ് അൻപതോളം മലയാളികളെ കുടുക്കിയതെങ്കിൽ കമ്പനി തകർന്നതാണ് നൂറിലേറെ വരുന്ന പ്രവാസികളെ ദുരിതക്കയത്തിലാക്കിയത്. കഴിഞ്ഞ ദിവസം റിയാദിൽ പ്രമുഖ ജ്വല്ലറി നടത്തിയ ഇഫ്താർ സംഗമത്തിനെത്തിയത് നൂറോളം പ്രവാസികളായിരുന്നു.
ഒരുകാലത്ത് റിയാദിൽ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന പ്രമുഖ കമ്പനിയിലെ ജീവനക്കാരായിരുന്നു അവർ. കോവിഡ് മഹാമാരിയുടെ തൊട്ടുമുൻപ് തകർച്ചയിലേക്ക് വീണ കമ്പനിക്ക് പിന്നീട് കരകയറാനായില്ല. നിരവധി പേർ നാട്ടിലേക്ക് പോയെങ്കിലും ഇഖാമയുടെ കാലാവധി തീർന്നതിനാൽ നൂറിലേറെ പേർ ഇപ്പോഴും ദുരിതത്തിലാണ്. ഇവരെയാണ് ഇഫ്താറിന് കൊണ്ടുവന്നത്. ഇന്ത്യക്കാരടക്കം നിരവധി പേർ ഈ നൂറിലേറെ വരുന്ന ആളുകളിലുണ്ട്. തൊഴിലാളികൾക്ക് ഇഫ്താറിന് ശേഷം അവശ്യ സാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റും വിതരണം ചെയ്തിരുന്നു.
സൗദി അറേബ്യയിലെ പ്രമുഖ കമ്പനിയിലേക്ക് ജോലിക്കായി എത്തിയ അൻപതോളം മലയാളികൾ ദുരിതത്തിൽ. പത്രങ്ങളിൽവന്ന പരസ്യത്തിൽ ആകൃഷ്ടരായി എത്തിയ മലയാളികളാണ് താമസിക്കാനിടവും ഭക്ഷണവുമില്ലാതെ ദുരിതത്തിലായത്. കഴിഞ്ഞ രണ്ടു മാസമായി ഇവർക്ക് ജോലിയും ശമ്പളവുമില്ല. നാട്ടിലേക്ക് തിരിച്ചുപോകാനുമാകുന്നില്ല. കോഴിക്കോടും കൊച്ചിയിലുമുള്ള ഏജൻസികളാണ് ഇവരെ ഡ്രൈവർ കം സെയിൽസ്മാൻ തസ്തികയിലേക്ക് കൊണ്ടുവന്നത്.
ഇന്റർവ്യൂവിന് എത്തിയപ്പോൾ പറഞ്ഞ കമ്പനിയോ ജോലിയോ ആയിരുന്നില്ല കരാർ ഒപ്പിടാൻ എത്തിയപ്പോൾ നൽകിയിരുന്നത്. എന്നാൽ ഇതും നല്ല കമ്പനിയാണെന്ന് പറഞ്ഞ് തൊഴിലാളികളോട് ഒപ്പിടാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിനിടെ സ്വന്തം ഇഷ്ടത്തിന് ജോലി ഉപേക്ഷിച്ച് മടങ്ങുകയാണെങ്കിൽ നഷ്ടപരിഹാരം കമ്പനിക്ക് നൽകുമെന്ന് തൊഴിലാളികൾ സമ്മതിക്കുന്ന വിഡിയോയും ഇവരിൽനിന്ന് റെക്കോർഡ് ചെയ്യിപ്പിച്ചു.
റിയാദിലെത്തിയ തൊഴിലാളികളെ മുറിയിലേക്ക് കൊണ്ടുപോകാൻ ആരും എത്തിയില്ല. രണ്ടാമത്തെ ദിവസമാണ് കമ്പനിയുടെ താമസസ്ഥലത്ത് എത്തിച്ചത്. രണ്ടു മാസത്തിനിടെ, നാലു തവണ താമസസ്ഥലം മാറ്റുകയും ചെയ്തു. പണമില്ലാത്തതിനാൽ നാട്ടിലേക്ക് ബന്ധപ്പെടാനും സാധിക്കുന്നില്ല. നാട്ടിലേക്ക് തിരിച്ചുപോകാൻ കമ്പനി അനുവദിക്കുന്നില്ലെന്നും ഇവർ പറയുന്നു. എംബസിയിൽ പരാതി നൽകി കാത്തിരിക്കുകയാണ് ഇവർ.