വിമൻ ഇന്ത്യ ഇഫ്താർ കിറ്റ് വിതരണം

Mail This Article
ദോഹ ∙ ഒരു കൂട്ടം സ്ത്രീകൾ രാവിലെ മുതൽ തിരക്കിലായിരുന്നു. റമസാനിൽ വിരുന്നുകാർ വീട്ടിൽ വരുന്ന തിരക്കിലല്ല. സമൂഹത്തിലെ സാധാരണക്കാരായ ഒരായിരം പേരെ വിരുന്നൂട്ടാനുള്ള തിരക്കിൽ. വീടുകളിൽ പാചകം ചെയ്ത ഭക്ഷണങ്ങൾ ഒരുക്കി റമസാനിന്റെ പുണ്യം മനസ്സിൽ കരുതി ആയിരക്കണക്കിന് ആളുകൾക്ക് ഇഫ്താർ കിറ്റ് വിതരണം നടത്തി ഖത്തറിലെ വനിത കൂട്ടയ്മയായ വിമൻ ഇന്ത്യയാണ് ഈ പുതിയ മാതൃക കാഴ്ചവച്ചത്.
ഖത്തറിന്റെ വിദൂര പ്രദേശങ്ങളിൽ തനിച്ചും അല്ലതെയും ജോലി ചെയ്യുന്നവരെ കൂടി ചേർത്ത് പിടിച്ചു നടത്തിയ ഇഫ്താർ കിറ്റ് വിതരണം എണ്ണം കൊണ്ടും അതിന്റെ വേറിട്ട രീതികൊണ്ടും ശ്രദ്ദേയമായി. 600 ഓളം സ്ത്രീകൾ സ്വന്തം വീട്ടിൽ പാചകം ചെയ്ത ഭക്ഷണം അടങ്ങുന്ന ഇഫ്താർ കിറ്റുകളും ഹോട്ടലുകളിൽ നിന്ന് പ്രത്യേകം തയാറാക്കിയ കിറ്റുകളുമായി ഏതാണ്ട് 4500 ഓളും ആളുകൾക്കാണ് വിമൻ ഇന്ത്യൻ ഇഫ്താർ വിരുന്ന് ഒരുക്കിയത്.
ദോഹയിൽ നിന്നും അകലെയുള്ള ലേബർ ക്യാംപുകൾ, തൊഴിൽ പരമായ സാഹചര്യം കൊണ്ട് ഇഫ്താർ ഒരുക്കാൻ സാധിക്കാത്ത തൊഴിലാളികൾ, വിദൂര പ്രദേശങ്ങളിൽ തനിച്ചു ജോലി ചെയ്യുന്നവർ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ കരങ്ങളിൽ വിഭവസമൃദ്ധമായ ഇഫ്താർ വിരുന്ന് എത്തിക്കാൻ സാധിച്ചു. റമസാന്റെ ആത്മീയ സാന്ദ്രമായ അന്തരീക്ഷത്തിൽ കരുണയുടെയും സേവനത്തിന്റെയും ചേർത്തുപിടിക്കലിന്റെയും നല്ല മാതൃകയായി വിമൻ ഇന്ത്യ ഇഫ്താർ കിറ്റ് വിതരണം.

ഖത്തറിലെ ഉൾപ്രദേശങ്ങായ കരാനാ, ജാരിയാൻ, അബു നഖ് ല, ഇൻഡസ്ട്രിയൽ ഏരിയ, കോർണിഷ് ബോട്ട് തൊഴിലാളികൾ തുടങ്ങി ഖത്തറിലെ വിവിധ മേഖലകളിലെ തൊഴിലാളികൾ ഉൾപ്പെടെ 4500-ഓളം പേർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തതായി വിമൻ ഇന്ത്യ ഖത്തർ ഭാരവാഹികൾ അറിയിച്ചു.കഴിഞ്ഞ വർഷം റമസാനിൽ ആരംഭിച്ച ഈ പദ്ധതി, സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഉദാരമനസ്സുകളായ വ്യക്തികളുടെ പിന്തുണയോടെയാണ് മുന്നേറുന്നത്. വിമൻ ഇന്ത്യ ഖത്തറിന്റെ അഞ്ച് സോണുകളിൽ അഞ്ച് കേന്ദ്രങ്ങളിലായി വിതരണം വികേന്ദ്രീകൃത രീതിയിലായാണ് നടത്തിയിരുന്നത്.
ദോഹ സോൺ മൻസൂറ സിഐസി ഹാളിലാണ് നടന്നത്. വിതരണത്തിന് വിമൻ ഇന്ത്യ ഖത്തർ പ്രസിഡന്റ് നസീമ എം, ജനറൽ സെക്രട്ടറി സജ്ന ഇബ്രാഹിം, വൈസ് പ്രസിഡന്റ് ഷംല സിദ്ധീഖ്, ദോഹ സോൺ പ്രസിഡന്റ് താഹിറ ബീവി, വൈസ് പ്രസിഡന്റ് സുനില അബ്ദുൽ ജബ്ബാർ, സെക്രട്ടറി സുനീറ നിസാർ വോളണ്ടിയർ കോഡിനേറ്റർ ജസീല ഷംസുദ്ദീൻ, സൗദ പി. കെ, എന്നിവർ നേതൃത്വം നൽകി.

മദീന ഖലീഫ സോണിലെ വിതരണത്തിന് സോണൽ പ്രസിഡന്റ് സജ്‌ന ഫൈസൽ, വോളണ്ടിയർ കോഡിനേറ്റർ സമീന റഷീദ്, റയ്യാൻ സോണിലെ വിതരണം സോണൽ പ്രസിഡന്റ് റൈഹാന അസ്ഹർ അലി, സെക്രട്ടറി സൈനബ അബ്ദുൽ ജലീൽ, തുമാമ സോണിൽ സോണൽ പ്രസിഡന്റ് റഹ്മത്ത് അബ്ദുൽ ലത്തീഫ്, വോളന്റിയർ കോഡിനേറ്റർ ഷെറിൻ സജ്ജാദ്, വക്റ സോണിൽ സോണൽ പ്രസിഡന്റ് ഹുദ അൻവർ ഹുസൈൻ, വൊളന്റിയർ കോഡിനേറ്റർ ഉമൈബാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു.
കാരുണ്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രതീക്ഷ
സാധാരണക്കാരായ കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്നവരോടുള്ള സ്നേഹവും, ഐക്യദാർഢ്യവുമാണ് ഈ പദ്ധതിയിലൂടെ വിമൻ ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് വിമൻ ഇന്ത്യ പ്രസിഡന്റ് നസീമ എം പറഞ്ഞു. വിമൻ ഇന്ത്യ ഖത്തർ വൊളന്റിയർ ക്യാപ്റ്റൻ അമീന ടി.കെ, വൈസ് ക്യാപ്റ്റൻ ജമീല മമ്മു, വിമൻ ഇന്ത്യ ഖത്തർ വൈസ് പ്രസിഡന്റ് ത്വയ്യിബ അർഷദ്, യൂത്ത് ഫോറം വൊളന്റിയർ ക്യാപ്റ്റൻ അഫ്സൽ എടവനക്കാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിമൻ ഇന്ത്യ, സിഐസി, യൂത്ത് ഫോറം വൊളന്റിയർമാരാണ് വിതരണം പൂർത്തീകരിച്ചത്.