ഫാ. ജോസഫ് വർഗീസിന്റെ 'വി ബിലീവ് ഇൻ വൺ ട്രൂ ഗോഡ്' പ്രകാശനം ചെയ്തു

Mail This Article
ലെബനൻ ∙ ഫാ. ജോസഫ് വർഗീസ് രചിച്ച ‘വി ബിലീവ് ഇൻ വൺ ട്രൂ ഗോഡ്’ എന്ന ഗ്രന്ഥം ബെയ്റൂട്ടിലെ സിറിയൻ ഓർത്തഡോക്സ് ചർച്ച് ഓഫ് അന്ത്യോഖ്യാ പാത്രിയർക്കൽ സെന്ററിൽ വച്ച് അന്ത്യോഖ്യാ പാത്രിയർക്കീസും യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത തലവനുമായ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ പ്രകാശനം ചെയ്തു. ചടങ്ങിൽ പുതുതായി അഭിഷിക്തനായ യാക്കോബായ സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ, മെത്രാന്മാർ, വൈദികർ വിശ്വാസികൾ എന്നിവർ പങ്കെടുത്തു.
സിറിയൻ ഓർത്തഡോക്സ് സഭയുടെ ക്രിസ്‌തുശാസ്‌ത്രത്തെക്കുറിച്ചുള്ള ഈ പുസ്തകം ദിവ്യകാരുണ്യ കേന്ദ്രീകൃതമായ ആരാധനാക്രമത്തെയും നൂറ്റാണ്ടുകളായുള്ള ആരാധനാക്രമത്തിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളെയും അവതരിപ്പിക്കുന്നു. മനുഷ്യത്വവും ദൈവത്വവുമുള്ള ക്രിസ്തുവിന്റെ രണ്ട് സ്വഭാവങ്ങളുടെ ഐക്യത്തെക്കുറിച്ച് അലക്സാണ്ട്രിയയിലെ സിറിളിന്റെ ചിന്തകൾ സെവെറസ് അന്ത്യോക്കിയെ പോലുള്ള സിറിയൻ ഓർത്തഡോക്സ് സഭയുടെ പിതാക്കന്മാരുടെ പഠനങ്ങളിലൂടെ പുസ്തകത്തിൽ വിശദീകരിക്കുന്നു.
ഫാ. ജോസഫ് വർഗീസ് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി നിലകൊള്ളുന്നു. മതാന്തര സംവാദങ്ങളിലൂടെയും സമാധാന ദൗത്യങ്ങളിലൂടെയും ശ്രദ്ധ നേടിയ ഫാ. ജോസഫ് വർഗീസ് വിവിധ മതങ്ങൾക്കിടയിലും മതപരമായ പാരമ്പര്യങ്ങൾക്കിടയിലും ദേശീയതലത്തിലും അന്തർദേശീയതലത്തിലും ക്രിയാത്മകമായ ഇടപെടലുകൾക്കും സഹകരണത്തിനും നേതൃത്വം നൽകുന്ന വ്യക്തിയാണ്.

അന്ത്യോഖ്യ സിറിയൻ ഓർത്തഡോക്സ് ചർച്ചിന്റെ അമേരിക്കയിലെ മലങ്കര ആർച്ച് ഡയോസിസിലെ വൈദികനും പത്തനംതിട്ട സ്വദേശിയുമാണ് ഫാ. ജോസഫ് വർഗീസ്. ഹോളി സോഫിയ കോപ്റ്റിക് ഓർത്തഡോക്സ് സ്കൂൾ ഓഫ് തിയോളജിയിലെ ആരാധനക്രമ പഠനത്തിന്റെ അഡ്ജക്ട് പ്രഫസർ, ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് ടോളറൻസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.
ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തെ സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം, നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് യുഎസ്എയുടെ ഇന്റർ റിലീജിയസ് ഡയലോഗ്കോ-കൺവീനർ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിക്കുന്നു. യുഎസിലെ നാഷനൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ മതാന്തര സംവാദങ്ങളുടെ കൺവീനിങ് ടേബിളിന്റെ കോ-കൺവീനറായും (2010 മുതൽ) ഫാ. ജോസഫ് വർഗീസ് പ്രവർത്തിക്കുന്നു.
ഗവൺമെന്റുകൾ- സ്വയംഭരണത്തിനും പരസ്പര പൂരകത്തിനും ഇടയിൽ "ഈക്വൽ സിറ്റിസൺഷിപ്" എന്ന വിഷയത്തിൽ 2018-ൽ ജനീവയിൽ നടന്ന ആദ്യ യുഎൻ കോൺഫറൻസിന്റെ പ്രതിനിധിയായി അദ്ദേഹം പങ്കെടുത്തു. ലെബനൻ, ജോർദാൻ, സിറിയ എന്നിവിടങ്ങളിലെ അഭയാർത്ഥി ക്യാമ്പുകളിലേക്ക് മാനുഷിക സഹായവുമായി അദ്ദേഹം യാത്ര ചെയ്തു. 2018 ജൂൺ 25 ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ ഐക്യരാഷ്ട്രസഭയിൽ "മതങ്ങൾ, വിശ്വാസങ്ങൾ, മൂല്യവ്യവസ്ഥ: തുല്യപൗരത്വ അവകാശങ്ങൾ ഉറപ്പാക്കുന്നതിന് കൈകോർത്ത് നീങ്ങുക" എന്ന വിഷയത്തിൽ നടന്ന ആദ്യ ആഗോള കോൺഫറൻസിൽ അമേരിക്കയിലെ മതങ്ങളെ പ്രതിനിധീകരിച്ച് സിറിയൻ ഓർത്തഡോക്സ് സഭയിൽ നിന്ന് ഫാ. ജോസഫ് വർഗീസും പങ്കെടുത്തു.