മലയാളം പറയും 'സൊ-മലയാളി'; സൊമാലിയക്കാരൻ ‘പ്രവാസി മല്ലുവിന്റെ’ ഹൃദയം കവർന്ന കേരളം

Mail This Article
അജ്മാൻ ∙ ഏതൊരു കേരളീയനെയും പോലെ മലയാളം പറയുന്ന ഈ ആഫ്രിക്കൻ യുവാവിനെ കണ്ട് അദ്ഭുതം കൂറണ്ട, ഇത് 'സൊ-മലയാളി' തന്നെ. അതായത്, മലയാളി കൂട്ടുകാരുടെ 'സൊമാലി മല്ലു'. സ്വന്തം ഭാഷകളായ 'സൊമാലി'യേക്കാളും അറബിക്കിനേക്കാളും 'ചില്ല് ചില്ലാ'യി മലയാളം പറയുന്ന ഹസൻ മുഹമ്മദ്(27) സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുക്കാരനാണ്.
കേരളത്തിനും മലയാളത്തിനും മലയാളികൾക്കും തന്റെ ഹൃദയത്തിൽ സവിശേഷ ഇടം നൽകിയതിന് പിന്നിൽ 15 വർഷത്തെ നന്മനിറഞ്ഞ അനുഭവങ്ങളാണ് ഇദ്ദേഹത്തിന് ഓർക്കാനും പറയാനുമുള്ളത്.
∙ വിദ്യാഭാസത്തിന് പ്രാധാന്യം നൽകിയ പിതാവ് കണ്ടെത്തിയത് കേരളത്തെ
നാട്ടിൽ ചെറുകിട ബിസിനസുകാരനായിരുന്ന ഹസന്റെ പിതാവ് അബ്മോജി എന്ന് അറിയപ്പെടുന്ന അബ്ദുൽ ഖാദർ മുഹമ്മദിന് തന്റെ 11 മക്കൾക്കും നൽകാനുണ്ടായിരുന്നത് മികച്ച വിദ്യാഭ്യാസം മാത്രം. ആ അന്വേഷണമാണ് അദ്ദേഹത്തെ തൃശൂർ മനക്കൊടിയിലെ അൽ അസ്ഹർ ഇംഗ്ലിഷ് മീഡിയം സ്കൂളിലെത്തിച്ചത്.

ഏഴ് ആൺമക്കളും നാല് പെൺമക്കളും അടങ്ങുന്നതായിരുന്നു കുടുംബം. എല്ലാവരും ഇതേ സ്കൂളിൽ തന്നെ പ്ലസ് ടു വരെ പഠിച്ചു. പിന്നീട് എറണാകുളത്തെയും ബെംഗളൂരുവിലേയും കോളജുകളിൽ നിന്ന് വിവിധ വിഷയങ്ങളിൽ ബിരുദം നേടി ഇവരിപ്പോൾ ദുബായിൽ ജോലി ചെയ്യുന്നു.

ഏറ്റവും ഇളയ ആൾ എറണാകുളത്ത് ബികോം പഠിച്ചുകൊണ്ടിരിക്കുന്നു. രണ്ടാം ക്ലാസ് മുതൽ ഹസൻ അൽ അസ്ഹറിൽ പഠിച്ചു. രണ്ടാം ക്ലാസുകാരന് ഹോസ്റ്റൽ താമസം നൽകാറില്ലെന്നതായിരുന്നു ആദ്യ പ്രശ്നം.
പിന്നീടത് പരിഹരിച്ചു. 2 വർഷം മുൻപ് എറണാകുളം രാജഗിരി എൻജിനീയറിങ് കോളജിൽ നിന്ന് ബി.ടെക് ബിരുദം നേടിയ ശേഷം നേരെ ദുബായിലേയ്ക്ക് പറന്നു. അതുവരെ തൃശൂരിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കുടുംബം അപ്പേഴേയ്ക്കും അജ്മാനിൽ സ്ഥിരതാമസമാക്കിയിരുന്നു.

∙ കേരളം വശ്യമനോഹരം
ഇവിടെ വന്ന ശേഷം കേരളത്തെ വല്ലാണ്ട് മിസ്സാകുന്നു എന്ന് ദുബായിൽ റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റായി ജോലി ചെയ്യുന്ന ഹസൻ പറയുന്നു. ഏഴ് വയസ്സു മുതൽ കേട്ട് പഠിക്കാൻ തുടങ്ങിയ ഭാഷയാണ് മലയാളം. കൂട്ടുകാരെല്ലാം മലയാളികൾ. സഹപാഠികളുടെയും അധ്യാപകരുടെയും സമീപനം വളരെ സ്നേഹത്തോടെയായിരുന്നു. മലയാളം എഴുതാനും വായിക്കാനും പഠിച്ചു.

സ്കൂളിലും ഹോസ്റ്റലിലും അടിപൊളി ലൈഫ്. കോളജിലായിരുന്നപ്പോൾ ഇടയ്ക്ക് കൂട്ടുകാരോടൊത്ത് ടൂറൊക്കെ പോകും. ആദ്യ കാലത്ത് ഭാഷയോടൊപ്പം ഭക്ഷണവും പ്രശ്നമായിരുന്നു. ഇന്ന് കേരളീയ വിഭവങ്ങളെല്ലാം വളരെയിഷ്ടം.
യുഎഇയിലെ വിദേശികളിൽ വലിയൊരു ശതമാനം മലയാളികളായതിനാൽ എവിടെ ചെന്നാലും അവരെ കാണാം. മലയാളം അറിയാവുന്നതിനാൽ എല്ലാവരുമായും വളരെ പെട്ടെന്ന് സൗഹൃദത്തിലുമാകുന്നു. ഇത് തന്റെ ജോലിയും ജീവിതവും സുഗമമാക്കുന്നുവെന്ന് ഹസൻ പറയുന്നു.

∙ മലയാള സിനിമകൾ ജീവിതഗന്ധി
മലയാള സിനിമയും ഏറെ പ്രിയങ്കരം തന്നെ. ഇഷ്ടനടനെന്നന്നോ നടിയെന്നോ ഇല്ല. നല്ല സിനിമയെ ഇഷ്ടപ്പെടുന്നു. ജീവിതഗന്ധിയായ പ്രമേയം വളരെ സ്വാഭാവികമായി അവതരിപ്പിക്കുന്നു എന്നതാണ് മലയാള സിനിമകളുടെ ഏറ്റവും വലിയ പ്രത്യേകത.

കോമഡിയാണെങ്കിലും ആക് ഷനാണെങ്കിലും ക്രൈമാണെങ്കിലും വളരെ മികവോടെ മലയാള സിനിമയിൽ അവതരിപ്പിക്കുന്നു. സൊമാലിയയിൽ സിനിമ ഇത്രമാത്രം വളർന്നിട്ടില്ല. ഹ്രസ്വചിത്രം പോലെ ചെറിയ സിനിമകളാണ് അവിടെ കൂടുതലും ഇറങ്ങുന്നത്.
∙ വീണ്ടും കേരളത്തിലേക്ക് പോകണം
ബി.ടെക് വിജയകരമായി പൂർത്തിയാക്കി 2 വർഷം മുൻപ് യുഎഇയിലെത്തിയ ശേഷം വീണ്ടും സന്ദർശിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. വൈകാതെ പോകുമെന്ന പ്രതീക്ഷയിലാണ് ഹസൻ. തനി മലയാളി പെൺകുട്ടിയെ അവിടെ കണ്ടുവച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ നാണത്തോടെ ഹസൻ നോ പറയും.