ADVERTISEMENT

റിയാദ് ∙ മരുഭൂമിയിൽ വഴിതെറ്റി സൗദി കുടുംബം. സൗദി അറേബ്യയിലെ വടക്കുപടിഞ്ഞാറ് ഹല്‍ബാനിലെ ദഖാന്‍ മരുഭൂമിയിലാണ് ഏഴംഗ കുടുംബം കുടുങ്ങിയത്.

സൗദി പൗരനും ഭാര്യയും അഞ്ചു മക്കളും അടങ്ങിയ കുടുംബമാണ് മരുഭൂമിയില്‍ കുടുങ്ങിയത്. ഖൈറാനില്‍ നിന്ന് ഹല്‍ബാന്‍ മരുഭൂമിലേക്ക് ഉല്ലാസയാത്രക്ക് പുറപ്പെട്ടതായിരുന്നു ഇവർ. യാത്രയ്ക്കിടെ വഴിതെറ്റുകയും ഇവരുടെ കാര്‍ ഹല്‍ബാനില്‍ മണലില്‍ ആഴ്ന്ന് കുടുങ്ങുകയും ചെയ്തു.

കയ്യിലുണ്ടായിരുന്ന വെള്ളം തീര്‍ന്നതോടെ കാറിന്റെ റേഡിയേറ്ററിലെ വെള്ളം കുടിച്ചും പച്ചിലകള്‍ ഭക്ഷിച്ചുമാണ് കുടുംബാംഗങ്ങള്‍ ജീവന്‍ നിലനിര്‍ത്തിയത്. നിശ്ചിത സമയം കഴിഞ്ഞിട്ടും ഇവര്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സുരക്ഷാ വകുപ്പുകളെ വിവരമറിയിക്കുകയായിരുന്നു. മരുഭൂമിയില്‍ കാണാതാകുന്നവര്‍ക്കു വേണ്ടി തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ജാദ് സൊസൈറ്റിക്കു കീഴിലെ സംഘങ്ങള്‍ ഇവർക്കായി തിരച്ചിൽ ആരംഭിച്ചു.

ഇന്‍ജാദ് സംഘങ്ങള്‍ പ്രദേശവാസികളുടെ സഹായത്തോടെ ഡ്രോണുകളും സാറ്റലൈറ്റ് ഫോണുകളും ഉപയോഗിച്ച് മരുഭൂമിയില്‍ ഊര്‍ജിതമായ തിരച്ചില്‍ ആരംഭിച്ചു. ഇന്‍ജാദിനു കീഴിലെ 40 ലേറെ വൊളന്റിയര്‍മാര്‍ നാലു സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തിയത്. വൈകാതെ ഡ്രോണുകളില്‍ ഒന്ന് പകര്‍ത്തിയ ചിത്രങ്ങളില്‍ മരുഭൂമിയില്‍ കുടുങ്ങിയ കുടുംബത്തെ കണ്ടെത്തി. സ്ഥലം നിര്‍ണയിച്ച് രക്ഷാപ്രവര്‍ത്തകര്‍ കാറുകളില്‍ എത്തി കുടുംബത്തെ രക്ഷിക്കുകയായിരുന്നു. ഖൈറാനില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരെ മരുഭൂമിയിലാണ് കുടുംബത്തെ കണ്ടെത്തിയത്.

English Summary:

Family of seven stranded in desert survives by drinking water from radiator

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com