ADVERTISEMENT

ന്യൂഡൽഹി ∙ പൈതൃകമായി ലഭിച്ചതോ അല്ലെങ്കിൽ വ്യക്തിഗത ആവശ്യത്തിനായുള്ള സ്വർണാഭരണങ്ങൾ ധരിച്ചോ കൈവശം വച്ചോ വിദേശങ്ങളിൽ നിന്ന് ഇന്ത്യൻ വിമാനത്താവളങ്ങളിലെത്തുന്ന പ്രവാസി യാത്രക്കാരിൽ നിന്ന്  വ്യക്തമായ കാരണമില്ലാതെ ആഭരണങ്ങൾ‍ പിടിച്ചുവയ്ക്കാനോ  ചോദ്യം ചെയ്ത്  ബുദ്ധിമുട്ടിക്കാനോ പാടില്ലെന്ന് ‌ഡൽഹി കോടതി. 

ഗൾഫിൽ നിന്നെത്തുന്ന യാത്രക്കാർ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളെച്ചൊല്ലി ഇന്ത്യൻ വിമാനത്താവളങ്ങളിലെ കസ്റ്റംസ് അധികൃതർ നടത്തുന്ന ചോദ്യം ചെയ്യലുകൾ സംബന്ധിച്ച് ലഭിച്ച  മുപ്പതോളം പരാതികൾ പരിഗണിക്കവേയാണ് ജസ്റ്റിസ് പ്രതിഭ.എം.സിങ്, രജനീഷ് കുമാർ ഗുപ്ത എന്നിവരടങ്ങിയ ബഞ്ചിന്റെ നിർദേശം.

വ്യക്തിഗത ആവശ്യത്തിനോ അല്ലെങ്കിൽ പാരമ്പര്യമായി ലഭിച്ചതോ ആയ സ്വർണാഭരണങ്ങളെക്കുറിച്ച് വിമാനത്താവളങ്ങളിലെ കസ്റ്റംസിൽ നിന്നുണ്ടാകുന്ന ചോദ്യം ചെയ്യൽ നേരിടേണ്ടി വരുന്ന വിദേശങ്ങളിൽ നിന്നെത്തുന്ന, പ്രത്യേകിച്ചും നോൺ–റസിഡന്റ് ഇന്ത്യൻസ് (എൻആർഐ) അനവധിയാണ്. പ്രതിവർഷം ലക്ഷകണക്കിന് ഇന്ത്യൻ പ്രവാസികളാണ് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ്, വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നത്. പ്രത്യേകിച്ചും വിവാഹ സീസൺ നാളുകളിൽ. 

വ്യക്തമായ കാരണമില്ലാതെ ഇത്തരം ആഭരണങ്ങൾ പിടിച്ചു വയ്ക്കാനോ യാത്രക്കാരെ ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കാനോ പാടില്ല. യാത്രക്കാർക്ക് നേർക്കുള്ള ഇത്തരം മാനസിക പീഡനങ്ങൾ‍ പ്രതിരോധിക്കാൻ എല്ലാ വിമാനത്താവളങ്ങളിലെയും ജീവനക്കാർക്കായി പ്രത്യേക വർക്​ഷോപ്പുകൾ നടത്തണമെന്നും ബഞ്ച് ആവശ്യപ്പെട്ടു. 

∙പ്രവാസികൾക്ക് ആശ്വസിയ്ക്കാം
യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്ന പ്രവാസികൾക്ക് ആശ്വാസകരമാണ് ബഞ്ചിന്റെ നിർദേശം. വിവാഹം ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്കായി നാട്ടിലേക്ക് വ്യക്തിഗത ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങളുമായെത്തുന്ന പ്രവാസികൾ അനവധിയാണ്.

പൈതൃകമായി ലഭിച്ച, വർഷങ്ങളുടെ പഴക്കമുള്ള സ്വർണാഭരണങ്ങൾ ധരിച്ചോ അല്ലെങ്കിൽ കൈവശം സൂക്ഷിച്ചോ വിമാനത്താവളങ്ങളിലെത്തുന്ന  പ്രവാസികൾക്ക് കസ്റ്റംസിൽ നിന്ന് പല വിധത്തിലുള്ള ചോദ്യം ചെയ്യലാണ് നേരിടേണ്ടി വരുന്നത്. പാരമ്പര്യമായി കൈവശം വയ്ക്കുന്ന ആഭരണങ്ങൾക്ക് പോലും രസീത് ചോദിക്കുന്ന രീതിയാണ് കസ്റ്റംസിനുള്ളതെന്ന് .യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. 

മുത്തശ്ശി നൽകിയ പൈതൃക ആഭരണമായ വള അണിഞ്ഞ്  ലക്നൗ വിമാനത്താവളത്തിലെത്തിയപ്പോൾ സ്വർണകടത്തലുകാരോടെന്ന പോലെയുള്ള പെരുമാറ്റമാണ് കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് നേരിടേണ്ടി വന്നതെന്ന് ദുബായ് പ്രവാസിയായ വനിത  വ്യക്തമാക്കി. 

∙എത്ര സ്വർണം കൊണ്ടുവരാം, നിലവിലെ ചട്ടങ്ങൾ?
2016 മുതൽ  പ്രാബല്യത്തിലായ നിലവിലെ ബാഗേജ് നിയമ പ്രകാരം  ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്ന പ്രവാസികൾക്ക് അനുവദനീയ അളവിൽ നികുതിയില്ലാതെ സ്വർണം കൊണ്ടുവരാം. സ്ത്രീകൾക്ക് 40 ഗ്രാമും (8 പവൻ) പുരുഷന്മാർക്ക് 20 ഗ്രാം (2.5 ഗ്രാം) സ്വർണവുമാണ് നികുതി അടയ്ക്കാതെ കൊണ്ടുവരാൻ അനുമതിയുള്ളത്. പരിധിയിൽ കൂടുതൽ ഉള്ള സ്വർണത്തിന് നികുതി അടയ്ക്കേണ്ടി വരും.

അതേസമയം പൈതൃകമായി ലഭിച്ച സ്വർണാഭരണങ്ങൾക്ക് ഈ ചട്ടം ബാധകമാണോ അല്ലയോ എന്നത് നിയമത്തിൽ  വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. നിയമത്തിന്റെ കാലപഴക്കവും അടുത്തിടെ സ്വർണ വില ഉയർന്ന സാഹചര്യവും ചൂണ്ടിക്കാട്ടി വ്യവസ്ഥയിൽ ഭേദഗതി വരുത്തുകയോ അല്ലെങ്കിൽ മേയ് 19നകം സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ (എസ്ഒപി) ഇഷ്യൂ ചെയ്യുകയോ വേണമെന്ന് ഹൈക്കോടതി സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിന് (സിബിഐസി) നിർദേശം നൽകിയിട്ടുണ്ട്.. 

പഴയ സ്വർണം എങ്ങനെ മൂല്യനിർണയം നടത്തും, സ്വർണാഭരണങ്ങൾ റിലീസ് ചെയ്യുന്ന നടപടിക്രമങ്ങൾ ലളിതമാക്കുക,  കണ്ടുകെട്ടൽ നടപടികളിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കി കൊണ്ടുള്ളതായിരിക്കണം എസ്ഒപിയെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നുണ്ട്. നിലവിൽ വ്യക്തിഗതവും ഉപയോഗിച്ചതുമായ സ്വർണാഭരണങ്ങൾ പതിവ് രീതി പോലെ പിടിച്ചുവയ്ക്കരുതെന്നും അധികൃതർ തികഞ്ഞ അവബോധത്തോടെ  കൈകാര്യം ചെയ്യണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. 

English Summary:

Customs officials should not stop passengers from carrying jewellery intended for personal use, Delhi Court rules. The court emphasized that seizing personal or ancestral gold ornaments without valid reason is illegal and violates the rights of passengers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com