'രാവിലെ മകന് ജോലി തരപ്പെടുത്തണമെന്ന് പറഞ്ഞ് ബയോഡേറ്റ അയച്ചു'; പ്രവാസി മലയാളിയുടെ മരണത്തിൽ കണ്ണീരോടെ സുഹൃത്തുക്കൾ

Mail This Article
കുവൈത്ത് സിറ്റി ∙ കാസര്‍കോട് തൃക്കരിപ്പൂര്‍ കൈക്കോട്ട്കടവ് സ്വദേശി കെ പി അബ്ദുല്‍ ഖാദര്‍ (62)ഹൃദയാഘാതം മൂലം അന്തരിച്ചു. കഴിഞ്ഞ 38 വര്‍ഷത്തിലേറെയായി കുവൈത്തിലുളള അബ്ദുള്‍ ഖാദര്‍ നിലവില്‍ ഖൈറാന്‍ പ്രദേശത്തെ ഒരു ഹോട്ടലിലായിരുന്നു ജോലി ചെയ്തിരുന്നത്.
ഇന്നലെ ജോലി സ്ഥലത്ത് വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എയര്‍ ആംബുലന്‍സില്‍ അദാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണമടയുകയായിരുന്നു.
ഭാര്യ-സീനത്ത്, മക്കള്‍-സക്കീര്‍ ഹുസൈന്, നകാശ്, റിസാന.
നാട്ടില്‍ ഡി ഫാം കഴിഞ്ഞ മകന് സക്കീര്‍ ഹുസൈന് കുവൈത്തില്‍ ജോലി തരമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാവിലെ അബ്ദുല്‍ ഖാദര്‍ സുഹൃത്തുകള്‍ക്ക് ബയോഡേറ്റ അയച്ച് നല്‍കിയിരുന്നു. പരിചയക്കാരോടെ ഫോണില്‍ ജോലി കാര്യ സൂചിപ്പിക്കുകയും ചെയ്തു.വൈകിട്ട് മരണവിവരമാണ് സുഹൃത്തുകള്‍ അറിയുന്നത്. മൃതദേഹം ഇന്ന് വൈകിട്ട് നാട്ടിലേക്ക് കൊണ്ടുപോകും.