യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പുതുക്കാൻ മറന്നാൽ പിഴ

Mail This Article
അബുദാബി ∙ യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വർഷത്തിൽ പുതുക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ ഇത് അനിവാര്യമാണ്. പുതുക്കാത്തവർക്ക് 400 ദിർഹം പിഴ ചുമത്തും. ഇൻഷുറൻസിൽ ചേർന്ന് 12 മാസം പൂർത്തിയാകുന്നതോടൊപ്പം തന്നെ പുതുക്കാൻ അപേക്ഷ നൽകണം.
ഒരു മാസത്തെ ഗ്രേസ് പിരീയഡിനകം പുതുക്കിയില്ലെങ്കിൽ പിഴ അടയ്ക്കേണ്ടിവരും. തൊഴിൽ നഷ്ട ഇൻഷുറൻസ് കാലാവധി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പുതുക്കാത്തതിനാണ് പിഴ.
ഇത് അടയ്ക്കുകയോ അല്ലെങ്കിൽ പ്രത്യേക അനുമതി എടുക്കുകയോ ചെയ്താൽ മാത്രമേ ഇൻഷുറൻസ് പുതുക്കാനോ പുതിയത് എടുക്കാനോ അനുവദിക്കൂ. പിഴ ചുമത്തിയ ശേഷം പുതുക്കുന്നവർ 2 വർഷത്തെ പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്നും നിർദേശമുണ്ട്. 2023ൽ നിർബന്ധമാക്കിയ തൊഴിൽ നഷ്ട ഇൻഷുറൻസിൽ ഇതുവരെ ചേരാത്തവരിൽനിന്ന് 400 ദിർഹം വീതം പിഴ ഈടാക്കും.
തൊഴിൽനഷ്ട ഇൻഷുറൻസ് എടുക്കാത്തതിന് പിഴ അടച്ചാലേ വീസയും ലേബർ കാർഡും പുതുക്കാനാകൂ. വ്യക്തിഗത ഇൻഷുറൻസ് ആയതിനാൽ പിഴയും വ്യക്തി തന്നെ അടയ്ക്കണം. വർഷത്തിൽ 60 ദിർഹം ലാഭിക്കാനായി ഇൻഷുറൻസ് എടുക്കാതിരുന്നവർക്കും പുതുക്കാൻ മറന്നവർക്കും 7 ഇരട്ടി തുകയാണ് പിഴയായി നൽകേണ്ടിവരിക. 7 വർഷത്തെ പ്രീമിയം തുകയ്ക്ക് തുല്യമായ സംഖ്യ ഒരു തവണ പിഴ അടയ്ക്കാൻ നൽകേണ്ടിവരും.
വലിയ കമ്പനിയിലെ ജീവനക്കാർക്കുവേണ്ടി എച്ച്ആർ വിഭാഗം തൊഴിൽനഷ്ട ഇൻഷുറൻസ് എടുത്തുനൽകിയിരുന്നു. എന്നാൽ യഥാസമയം പുതുക്കുന്നത് കമ്പനിയും ജീവനക്കാരും മറനനനാൽ ഒട്ടേറെ പേർക്ക് പിഴ അടയ്ക്കേണ്ടിവന്നിരുന്നു.
∙ തൊഴിൽനഷ്ട ഇൻഷുറൻസ് എന്നാൽ
തുടർച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷം തൊഴിൽ നഷ്ടപ്പെട്ടവർക്ക് 3 മാസത്തേക്കു പരിരക്ഷ നൽകുന്നതാണ് പദ്ധതി. സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്തുവരുന്ന 18 വയസ്സിനു മുകളിലുള്ളവരെല്ലാം ഈ ഇൻഷുറൻസ് എടുക്കണം.
∙ 2 തരം സ്കീമുകൾ
ശമ്പളം 16,000 ദിർഹത്തിൽ കുറവാണെങ്കിൽ മാസത്തിൽ 5 ദിർഹവും കൂടുതലാണെങ്കിൽ 10 ദിർഹവും ആണ് പ്രീമിയം. ആദ്യ വിഭാഗക്കാർക്ക് മാസത്തിൽ പരമാവധി 10,000 ദിർഹവും രണ്ടാം വിഭാഗക്കാർക്ക് 20,000 ദിർഹവും ലഭിക്കും. തൊഴിൽ നഷ്ടപ്പെട്ടവർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 60% വീതം പരമാവധി 3 മാസത്തേക്കു നൽകും. സ്വന്തം കാരണത്താലല്ലാതെ ജോലി നഷ്ടപ്പെട്ടവർക്കാണ് ആനുകൂല്യം ലഭിക്കുക. അച്ചടക്ക നടപടിയുടെ പേരിൽ പുറത്താക്കിയവർക്കും രാജിവച്ചവർക്കും ആനുകൂല്യം കിട്ടില്ല.
∙ ഇൻഷുറൻസ് പുതുക്കാൻ
ഇൻഷുറൻസ് കമ്പനി വെബ്സൈറ്റിൽ (https://www.iloe.ae/) പ്രവേശിച്ച് സബ്സ്ക്രൈബ്/റിന്യു എന്ന ഓപ്ഷനിൽ ക്ലിക് ചെയ്താണ് പുതുക്കേണ്ടത്. ഏതു മേഖലയിലാണോ ജോലി (സർക്കാർ, സ്വകാര്യ മേഖല, ഫ്രീസോൺ) എന്നു സിലക്ട് ചെയ്ത് കൺഫേം ചെയ്യുന്നതോടെ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്ത് എമിറേറ്റ്സ് ഐഡിയും മൊബൈൽ നമ്പറും ജനന തീയതിയും നൽകി പോളിസി പുതുക്കാം. പ്രീമിയം തുകയും ഓൺലൈൻ വഴി അടയ്ക്കാം. ഫ്രീസോൺ ജീവനക്കാർ അദർ എന്ന മൂന്നാമത്തെ ഓപ്ഷനിൽ ക്ലിക് ചെയ്ത് നടപടി പൂർത്തിയാക്കണം.