ADVERTISEMENT

റിയാദ്∙ സൗദി അറേബ്യയിൽ സന്ദർശക വീസയിൽ കഴിയുന്നവർ ഏപ്രിൽ 13നകം തിരികെ പോകണമെന്ന് പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് സൗദി പാസ്‌പോർട്ട് വിഭാഗം (ജവാസത്ത്) വ്യക്തമാക്കി. ഇത്തരത്തിലുള്ള ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്ന വിവരങ്ങൾ വിശ്വസിക്കരുതെന്നും അധികൃതർ അറിയിച്ചു. ഔദ്യോഗിക മാർഗങ്ങളിൽ നിന്നുള്ള വാർത്തകൾ മാത്രമേ ശ്രദ്ധിക്കാവൂ എന്നും ജവാസത്ത് ഓർമിപ്പിച്ചു.

ഇന്ത്യ ഉൾപ്പെടെയുള്ള 14 രാജ്യങ്ങളിൽ നിന്നുള്ള ബിസിനസ്, ടൂറിസ്റ്റ്, സന്ദർശന വീസക്കാർ ഏപ്രിൽ 13ന് മുമ്പ് സൗദിയിൽ നിന്ന് മടങ്ങണമെന്നും അല്ലെങ്കിൽ അഞ്ച് വർഷത്തെ യാത്രാവിലക്ക് ഏർപ്പെടുത്തുമെന്നുമുള്ള വാർത്തകൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള സംശയങ്ങൾക്ക് ജവാസത്തിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെ നൽകിയ മറുപടിയിലാണ് വിശദീകരണം.

വീസയുടെ കാലാവധി കഴിയുന്നതുവരെ സന്ദർശകർക്ക് സൗദിയിൽ താമസിക്കാം. എന്നാൽ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും പിഴ ഈടാക്കുമെന്നും ജവാസത്ത് അറിയിച്ചു. ബിസിനസ് സന്ദർശന വീസക്കാർക്ക് അവരെ കൊണ്ടുവന്ന സ്ഥാപനത്തിന്റെ അബ്ഷിർ (Abshir), മുഖീം (Muqeem) പ്ലാറ്റ്‌ഫോമുകളിലൂടെയും, ഫാമിലി സന്ദർശന വീസക്കാർക്ക് അവരെ കൊണ്ടുവന്ന വ്യക്തിയുടെ അബ്ഷിർ പ്ലാറ്റ്‌ഫോമിലൂടെയും വീസയുടെ കാലാവധി അറിയാൻ സാധിക്കും. മൾട്ടിപ്പിൾ ടൂറിസ്റ്റ് വീസക്കാർക്ക് ഒരു വർഷത്തിൽ പലതവണ രാജ്യം സന്ദർശിക്കാമെങ്കിലും മൊത്തത്തിൽ 90 ദിവസത്തിൽ കൂടുതൽ താമസിക്കാൻ അനുവാദമില്ല.

പുതിയ അറിയിപ്പുകൾ ഉണ്ടായാൽ ജവാസത്തിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പ്രസിദ്ധീകരിക്കും. ഇന്ത്യ, ഈജിപ്ത്, പാക്കിസ്ഥാൻ, മൊറോക്കോ, തുനീസിയ, യെമൻ, അൾജീറിയ, നൈജീരിയ, ജോർദാൻ, സുഡാൻ, ഇറാഖ്, ഇന്തൊനീഷ്യ, എത്യോപ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മൾട്ടിപ്പിൾ, സിംഗിൾ ബിസിനസ്, ടൂറിസ്റ്റ് വീസക്കാർ ഏപ്രിൽ 13ന് ശേഷം സൗദിയിൽ പ്രവേശിക്കരുതെന്നും, നിലവിൽ സൗദിയിലുള്ളവർ അന്ന് മടങ്ങണമെന്നുമുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അധികൃതർ വ്യക്തമാക്കി.

English Summary:

Saudi Arabia Denies Deadline for Visit Visa Holders to Depart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com