ഇഖാമ നിയമ ലംഘനം: സൗദിയിൽ 15,135 പേരെ ശിക്ഷിച്ചു

Mail This Article
ജിദ്ദ∙ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് റമസാൻ മാസത്തിൽ സ്വദേശികളും വിദേശികളുമടക്കം 15,135 പേരെ സൗദിയിൽ ശിക്ഷിച്ചു. ജവാസാത്ത് ഡയറക്ടറേറ്റിന് കീഴിൽ വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികളാണ് ഇത്രയും പേർക്ക് ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ടവർക്ക് തടവും പിഴയും നാടുകടത്തലുമാണ് ലഭിച്ചത്.
ഇഖാമ, തൊഴിൽ നിയമലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും ജോലിയോ അഭയമോ യാത്രാ സൗകര്യങ്ങളോ മറ്റ് സഹായങ്ങളോ നൽകരുതെന്ന് ജവാസാത്ത് ആവർത്തിച്ചു. നിയമലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയുംക്കുറിച്ച് അധികൃതരെ അറിയിക്കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
അതിനിടെ, വീസ കാലാവധിക്കുള്ളിൽ രാജ്യം വിടാതെ അനധികൃതമായി സൗദിയിൽ തങ്ങുന്ന ഹജ്, ഉംറ തീർഥാടകരെക്കുറിച്ച് സുരക്ഷാ വകുപ്പുകളെ അറിയിക്കാത്ത ഹജ്, ഉംറ സർവീസ് കമ്പനികൾക്ക് പിഴ ചുമത്തും. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന ഓരോ തീർഥാടകനും ഒരു ലക്ഷം റിയാൽ വീതം പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹജ്, ഉംറ നിയമങ്ങളും ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങളും സർവീസ് കമ്പനികളും സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.