ലഹരി വ്യാപനത്തിനെതിരെ പോരാടാനുറച്ച് അബുദാബി; കടുത്ത നടപടിയുമായി പൊലീസ്

Mail This Article
അബുദാബി ∙ സമൂഹമാധ്യമങ്ങൾ വഴി ലഹരിമരുന്ന് വ്യാപനം ശക്തമായ പശ്ചാത്തലത്തിൽ ലഹരി നിർമാർജന പ്രവർത്തനങ്ങൾ ഊർജിതമാക്കി അബുദാബി പൊലീസ്. ലഹരിമരുന്നിന്റെ ചിത്രങ്ങളും ഓഫറുകളും സമൂഹമാധ്യമങ്ങൾ വഴി അയച്ചാണ് പ്രലോഭനം.
ലഹരി ഉപയോഗവും വിൽപനയും യുഎഇയിൽ നിയമവിരുദ്ധമാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. രാജ്യാന്തര ലഹരി കച്ചവടക്കാരുടെ കെണികളിൽപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും ഊർജിതമാക്കി.
അവരുടെ പേരുവിവരങ്ങൾ രഹസ്യമാക്കി വച്ചാണ് ലഹരിമുക്ത നടപടികളിലേക്കു കടക്കുന്നത്. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചാണ് യുവാക്കളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. ഈ കണ്ണികളിൽ അകപ്പെടാതെ മക്കളെ മാതാപിതാക്കൾ സുരക്ഷിതമാക്കണം കുട്ടികളുടെ പെരുമാറ്റത്തിൽ വ്യത്യാസം മാതാപിതാക്കൾ നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
കമ്യൂണിറ്റി പൊലീസിന്റെ സഹകരണത്തോടെ വിവിധ സമൂഹങ്ങളിലും സ്കൂൾ, കോളജ്, യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും പ്രത്യേക ബോധവൽക്കരണവും നടത്തുന്നുണ്ട്.ലഹരിയുമായി ബന്ധപ്പെട്ട കേസുകൾ ശ്രദ്ധയിൽപെട്ടാൽ 24 മണിക്കൂറും സേവനം ലഭിക്കുന്ന അമാൻ സർവീസുമായി ബന്ധപ്പെടണം.
പരാതി അറിയിക്കാം
∙ അബുദാബി പൊലീസിന്റെ സ്മാർട്ട് ആപ്, ഹോട്ട്‌ലൈൻ നമ്പർ 8002626 എന്നിവ വഴി പരാതിപ്പെടാം.
∙ 2828 ലേക്ക് എസ്എംഎസ് ആയും aman@adpolice.gov.ae ഇമെയിലായും പരാതി അറിയിക്കാം.