ADVERTISEMENT

ഷാർജ ∙ തുടർച്ചയായി 32 മണിക്കൂർ ഉറങ്ങിയ പ്രവാസിയെ ഷാർജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷീണിതനായി ജോലിസ്ഥലത്ത് നിന്ന് മടങ്ങിയ 51 വയസ്സുകാരനാണ് ഷാർജയിലെ താമസസ്ഥത്ത് ഗാഢനിദ്രയിലമർന്നത്. ചെറുതായൊന്ന് മയങ്ങാൻ ആഗ്രഹിച്ച്, ജോലിക്ക് പോയപ്പോൾ ധരിച്ചിരുന്ന വസ്ത്രത്തിൽ തന്നെയായിരുന്നു കിടന്നത്.

ഉറക്കത്തിൽ ഒരു മായാലോകത്തെന്ന പോലെ തനിക്ക് അനുഭവപ്പെട്ടത് ഇദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്; 'ഞാൻ ക്ഷീണിതനായിരുന്നു. ഒന്നു ചെറുതായി മയങ്ങാമെന്ന് കരുതി കിടന്നത്  32 മണിക്കൂറിലേറെ നീണ്ട ഉറക്കമായി മാറി. ജീവൻ തന്നെ അപകടത്തിലാക്കാൻ സാധ്യതയുള്ളതായി ഡോക്ടർമാർ പിന്നീട് വിശേഷിപ്പിച്ച  നീണ്ട അബോധാവസ്ഥയായിരുന്നു അത്. ഞാൻ താമസ സ്ഥലത്ത് തിരിച്ചെത്തിയപ്പോൾ രാത്രി 8.30 ആയിരുന്നു. അടുത്തതായി എനിക്ക് ഓർമ വരുന്നത് ഞാൻ ക്ഷീണിതനും സ്ഥലകാലഭ്രമം പിടിപ്പെട്ടത് പോലെയുമായിരുന്നു എന്നാണ്. ഉണർന്നപ്പോൾ അതിരാവിലെ ആണെന്ന് ഞാൻ കരുതി. ക്ലോക്കിൽ സമയം പുലർച്ചെ 4.30 ആയിരുന്നു. ഏകദേശം 7 മണിക്കൂർ ഉറങ്ങിയെന്ന് കരുതി. ആശയക്കുഴപ്പത്തിലായപ്പോൾ എന്റെ ഫോണെടുത്തു നോക്കി. അതിന്റെ ബാറ്ററി തീർന്നിരുന്നു. ഞാനത് പ്ലഗ് ചെയ്ത് കിടന്നു, പക്ഷേ ചുറ്റുമുള്ളതെല്ലാം ഓഫായതായി തോന്നി. ഫോൺ വളരെ വലുതായി കാണപ്പെട്ടു. ഒരു നിമിഷം ഞാൻ മറ്റൊരാളുടെ വീട്ടിലാണെന്ന്  തോന്നി. എന്റെ ഫോൺ ഓൺ ആക്കിയപ്പോൾ ഓഫിസിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ആശങ്കാകുലരായ കുടുംബാംഗങ്ങളിൽ നിന്നും 50ലേറെ മിസ്ഡ് കോളുകളും സന്ദേശങ്ങളും കണ്ടു. അതോടെ ഞാൻ പരിഭ്രാന്തനായി, കടുത്ത ആശങ്കയിലകപ്പെട്ടു. എന്തോ ഗുരുതരമായ കുഴപ്പമുണ്ടെന്ന്  കരുതി. തുടർന്ന്  താമസ സ്ഥലത്തിനടുത്തുള്ള ഒരു ആശുപത്രിയിൽ ഞാൻ പെട്ടെന്ന് എത്തി'.

∙തലച്ചോറിനെ ബാധിച്ചത് അപൂർവ ഫംഗസ്
ഡോക്ടർമാർ അദ്ദേഹത്തെ അടിയന്തര പരിശോധനയ്ക്കായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അസാധാരണമാംവിധം ദീർഘവും ആഴത്തിലുള്ളതുമായ ഉറക്കത്തിന്റെ കാരണം തിരിച്ചറിയാൻ രക്തപരിശോധന, ന്യൂറോളജിക്കൽ സ്കാനുകൾ, ടോക്സിക്കോളജി റിപോർട്ടുകൾ എന്നിവ പരിശോധിച്ചു. അന്തിമ രോഗനിർണയം ഡോക്ടർമാരെ പോലും അത്ഭുതപ്പെടുത്തി.

ഉറക്കത്തെയും ബോധത്തെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്തെ ആക്രമിക്കുന്ന അപൂർവമായ ഫംഗസ് അണുബാധ അദ്ദേഹത്തിന് ഉണ്ടായിരുന്നു, ഇതിനെ ഡോക്ടർമാർ 'ഓട്ടോമാറ്റിക് റിപയർ മോഡ്' എന്ന് വിശേശേഷിപ്പിച്ചു. സ്വയം സംരക്ഷിക്കാൻ അദ്ദേഹത്തിന്റെ മസ്തിഷ്കം പ്രവർത്തനരഹിതമാവുകയും ദീർഘനേരം ഉറക്കത്തിലേക്ക് വീഴുകയും ചെയ്തുവെന്ന് ഡോക്ടർമാർ പറഞ്ഞു. അദ്ദേഹം കുറച്ച് മണിക്കൂർ കൂടി ഉറങ്ങിയിരുന്നെങ്കിൽ അത് കോമയിലേക്കോ മരണത്തിലേക്കോ നയിച്ചേനെയെന്നാണ് മെഡിക്കൽ സംഘത്തിന്റെ അഭിപ്രായം.

ഉറക്ക തകരാറുകളുടെ ആദ്യ ലക്ഷണങ്ങൾ ആളുകൾ പലപ്പോഴും അവഗണിക്കാറുണ്ട്.  ഉറക്ക തകരാറുണ്ടെങ്കിൽ പകൽ സമയത്ത് നിങ്ങൾക്ക് അസാധാരണമായി ഉറക്കം തോന്നാമെന്നും അല്ലെങ്കിൽ ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാകാമെന്നും അൽ സഫയിലെ മെഡ്‌കെയർ ആശുപത്രിയിലെ സ്പെഷലിസ്റ്റ് ന്യൂറോളജിസ്റ്റ് ഡോ. ഖാലിദ് അൽ സഫർ പറഞ്ഞു. ശ്വസന ക്രമക്കേടുകൾ, ഉറക്കത്തിൽ അസ്വസ്ഥമായ ചലനങ്ങൾ, അല്ലെങ്കിൽ വളരെ നേരത്തെ എഴുന്നേൽക്കുന്നത് എന്നിവയെല്ലാം മുന്നറിയിപ്പുകളാകാം. ഹൃദ്രോഗം, പ്രമേഹം, ഉത്കണ്ഠ, പൊണ്ണത്തടി തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത അമിത ഉറക്കം  വർധിപ്പിക്കുന്നു, പ്രത്യേകിച്ച് 45 വയസ്സിനു മുകളിലുള്ളവരിൽ.

English Summary:

An expatriate who slept for 32 hours straight was admitted to a hospital in Sharjah.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com