വെയിലേറ്റ് തളരേണ്ട; ബൈക്ക് ഡെലിവറി ജീവനക്കാർക്കായി അൽകോബാറിൽ പുതിയ വിശ്രമകേന്ദ്രം സജ്ജം

Mail This Article
അൽഖോബാർ ∙ ഡെലിവറി ജീവനക്കാർക്കായി രാജ്യത്തെ ആദ്യ കാത്തിരിപ്പ്, വിശ്രമ കേന്ദ്രങ്ങൾ തയാർ. ചൂടും മഴയും വെയിലും തണുപ്പും അവഗണിച്ച് ജോലി ചെയ്യുന്ന ബൈക്ക് ഡെലിവറി ജീവനക്കാർക്ക് വേണ്ടി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ ആണ് പുതിയ കാത്തിരിപ്പ്, വിശ്രമകേന്ദങ്ങൾ പ്രവർത്തനസജ്ജമാകുന്നത്.
തൊഴിൽ മേഖലയിലെ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, മോട്ടർ സൈക്കിൾ പാർക്കിങ് നിയന്ത്രിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അൽ ഖോബാർ മുനിസിപ്പാലിറ്റിയിലെ ബിൽഡിങ് പെർമിറ്റ്സ് വകുപ്പ് ഡയറക്ടർ എൻജിനീയർ അബ്ദുൽ അസീസ് അൽ റുമൈഹ് വിശദീകരിച്ചു.
എയർ കണ്ടീഷനിങ്, ഇരിപ്പിടം, ലൈറ്റിങ്, റസ്റ്ററന്റുകളിലേക്കും കടകളിലേക്കും നേരിട്ടുള്ള സാങ്കേതിക കണക്റ്റിവിറ്റി, പാർക്കിങ് എന്നിവയുൾപ്പെടെ സുഖപ്രദമായ അന്തരീക്ഷം നൽകുന്നതിലൂടെ ഡ്രൈവർമാർക്ക് അലക്ഷ്യമായി നീങ്ങാതെ ഓർഡറുകൾ ലഭിക്കുന്നത് വരെ കാത്തിരിക്കാൻ ഈ കേന്ദ്രം പ്രയോജനകരമാകും. ഡെലിവറി ഡ്രൈവർമാർക്കായി ആദ്യത്തെ പൂർണ്ണ സംയോജിത വിശ്രമ കേന്ദ്രമാണിത്.
ആദ്യ വിശ്രമ കേന്ദ്രം യാഥാർഥ്യമായതോടെ നിർദ്ദിഷ്ട നിയന്ത്രണങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായി മറ്റ് ഷോപ്പിങ് മാളുകളിലേക്കും പ്രധാന കേന്ദ്രങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരും കാലയളവിൽ ഇത്തരം വിശ്രമ കേന്ദ്രങ്ങൾക്കായി 100 ലൈസൻസുകൾ വരെ നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വിശദമാക്കി.

ജീവിത നിലവാരം ഉയർത്തുന്നതിനും നഗര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി കിഴക്കൻ പ്രവിശ്യാ സെക്രട്ടറി എൻജിനീയർ ഫഹദ് അൽജുബൈറിന്റെ പിന്തുണയും മാർഗനിർദ്ദേശവും അൽഖോബാർ മേയർ എൻജിനീയർ മിഷാൽ അൽ വഹ്ബിയുടെ നേരിട്ടുള്ള ശ്രദ്ധയും ഈ പ്രവർത്തനത്തിന് പിന്നിലുണ്ട്.