പ്രവാസി മലയാളികൾക്ക് 'വിഷുക്കാഴ്ച' ഒരുക്കി ഖത്തറിലെ വിപണിയും; നാട്ടുപച്ചക്കറികളും കണിക്കൊന്നയും 'വിഷുക്കിറ്റു'കളും റെഡി

Mail This Article
ദോഹ ∙ നാട്ടു പച്ചക്കറികളും കണിക്കൊന്നയുമായി വിഷുവിനെ വരവേറ്റ് ദോഹയിലെ വിഷു വിപണിയും ഉഷാര്‍. പ്രവാസി മലയാളിയുടെ ഗൃഹാതുരത്വം കണ്ടറിഞ്ഞാണ് ഇത്തവണയും വിഷു വിപണി സജീവമായിരിക്കുന്നത്. ദോഹയിലെ സഫാരി, ലുലു, ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി എല്ലാ മലയാളി ഹൈപ്പര്‍മാര്‍ക്കറ്റുകളിലെയും വിഷു വിപണികളിൽ തിരക്കേറി കഴിഞ്ഞു.
കണിവെള്ളരി ഉള്‍പ്പെടെയുള്ള നാട്ടു പച്ചക്കറികളും പഴങ്ങളും മാത്രമല്ല വിഷുക്കണി ഒരുക്കാനുള്ള ഓട്ടുരുളി, സദ്യ തയാറാക്കാനുള്ള മൺ പാത്രങ്ങള്‍ മുതല്‍ വിളമ്പാനുള്ള വാഴയില വരെ കടൽ കടന്ന് എത്തിക്കഴിഞ്ഞു. മിക്ക ഹൈപ്പർമാർക്കറ്റുകളിലും വിഷു പ്രമാണിച്ച് ഇന്ത്യൻ പച്ചക്കറികൾക്ക് കിലോയ്ക്ക് 10 റിയാലിൽ താഴെയാണ് വില.
കണിക്കൊന്നയും ചക്ക, മാങ്ങ, തേങ്ങ, പടവലങ്ങ, ആപ്പിൾ, മുന്തിരി എന്നിവ ഉൾപ്പെടെയുള്ള പച്ചക്കറികളും പഴങ്ങളുമടങ്ങുന്ന വിഷുകണി കിറ്റുകളും സുലഭം. 45 റിയാൽ ആണ് സഫാരിയിലെ വിഷുക്കണി കിറ്റൊന്നിന് വില. ഏകദേശം 1,062.45 ഇന്ത്യൻ രൂപ വരുമിത്. 1 റിയാൽ നൽകിയാൽ 2 വാഴയിലയും കിട്ടും. കണിക്കൊന്ന ഒരു പായ്ക്കറ്റിന് വിപണിയിൽ 5 മുതൽ 7 റിയാൽ വരെയാണ് വില (118-165 രൂപ). പച്ചക്കറികളും പഴങ്ങളും മാത്രമല്ല കായ ഉപ്പേരി, ശർക്കരവരട്ടി തുടങ്ങി സദ്യവട്ടത്തിലെ ഐറ്റങ്ങളും സുലഭം.

∙വിഷു സദ്യ റെഡി
ദോഹയിലെ മലയാളി റസ്റ്ററന്റുകളില്‍ വിഷു സദ്യ ബുക്കിങ്ങിന് തിരക്കേറി കഴിഞ്ഞു. ഡൈനിങ്ങും പാഴ്സലും ലഭിക്കും. ആവശ്യക്കാർക്ക് ഹോം ഡെലിവറിയുമുണ്ട്. റസ്റ്ററന്റുകളില്‍ 20 റിയാല്‍ മുതല്‍ 45 റിയാല്‍ വരെയാണ് വിഷു സദ്യയുടെ നിരക്ക്. സഫാരി, ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും വിഷു സദ്യ ലഭിക്കും.
പരിപ്പ്, പാലട, അടപ്രഥമൻ തുടങ്ങിയ വ്യത്യസ്ത തരം പായസങ്ങളും പരിപ്പ് കറി, കൂട്ടുകറി, തോരൻ, അവിയൽ, കാളൻ, സാമ്പാർ തുടങ്ങിയ കറികൾ മാത്രമായും ലഭിക്കും. പായസത്തിനും കറികൾക്കുമെല്ലാം 250 ഗ്രാമിന് 4 റിയാൽ മുതൽക്കാണ് നിരക്ക്. സഫാരിയില്‍ 25 വിഭവങ്ങളടങ്ങുന്ന സദ്യ ഒന്നിന് 32 റിയാല്‍ ആണ്. ഇന്ത്യൻ രൂപ 750 ആകും ഒരു സദ്യയ്ക്ക്. വിഷു സ്പെഷൽ കേക്കും ഇവിടെ ലഭിക്കും. ലുലു ഹൈപ്പർ മാർക്കറ്റുകളിൽ സദ്യ ഒന്നിന് 29.50 റിയാലുമാണ് നിരക്ക്.

∙വസ്ത്രവിപണിയിലും തിരക്ക്
വിവിധ ഫാഷനുകളിലുള്ള കസവ്, കൈത്തറി എന്നിങ്ങനെ കേരളതനിമയിലുള്ള വസ്ത്രങ്ങൾ ധരിച്ച് തന്നെ വിഷു ആഘോഷിക്കാൻ മലയാളികൾക്ക് അവസരമൊരുക്കി ദോഹയിലെ വസ്ത്ര വിപണികളിലും തിരക്കാണ്. ബാലരാമപുരം, കുത്താംപുള്ളി എന്നു വേണ്ട എല്ലാത്തരം കേരളാ ഫെസ്റ്റിവൽ ഫാഷൻ വസ്ത്രങ്ങളും കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ലഭ്യമാണ്. വിഷു ദിനങ്ങളിൽ ഗൾഫിലെ മലയാളികൾ മാത്രമല്ല കേരളത്തനിമയിൽ വസ്ത്രം ധരിച്ച് മലയാളികൾക്കൊപ്പം ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി മറ്റ് രാജ്യക്കാരും വിഷു ആഘോഷത്തിൽ പങ്കെടുക്കാറുണ്ട്. പ്രത്യേകിച്ചും ഓഫിസുകളിലെ വിഷു ആഘോഷത്തിൽ ഇവരെല്ലാം സജീവമാണ്.