ADVERTISEMENT

അബുദാബി ∙ രക്താർബുദ ചികിത്സയിലെ നാഴികക്കല്ലായ കാർ-ടി സെൽ തെറാപിക്കുള്ള ഭാരിച്ച ചെലവ് കുറയ്ക്കുന്നതിനുള്ള സുപ്രധാന പദ്ധതിയുമായി ബുർജീൽ ഹോൾഡിങ്‌സ്. അബുദാബി ഗ്ലോബൽ ഹെൽത്ത് വീക്കിന്റെ ആദ്യ ദിനം പ്രഖ്യാപിച്ച പദ്ധതി അമേരിക്കൻ സന്നദ്ധ സ്ഥാപനമായ കെയറിങ് ക്രോസുമായി ചേർന്നാണ് നടപ്പാക്കുക. പങ്കാളിത്തത്തിന്റെ ഭാഗമായി കിമേറിക്  ആന്റിജന് റിസെപ്റ്റർ ടി- സെൽ  തെറാപി ബുർജീൽ ഹോൾഡിങ്‌സ് പ്രാദേശികതലത്തിൽ നിർമിക്കും.  

ശരീരത്തിലെ പ്രതിരോധ കോശങ്ങളായ ടി കോശങ്ങളിൽ ജനിതക മാറ്റങ്ങൾ വരുത്തി അർബുദത്തിനെതിരെ പോരാടാൻ സഹായിക്കുന്ന നൂതന അർബുദ ചികിത്സാ രീതിയായ കാർ-ടി സെൽ തെറാപിക്ക് യുഎസിലും യൂറോപ്പിലും 350,000 മുതൽ 10 ലക്ഷം യുഎസ് ഡോളറിലേറെ വരെയാണ് ചെലവ്. ലുക്കീമിയ, ലിംഫോമ, തുടങ്ങിയ രക്താർബുദങ്ങളുടെ ചികിത്സയിൽ പ്രധാന പങ്ക് വഹിക്കുന്ന  തെറാപി പൊതുവെ മറ്റു ചികിത്സാ മാർഗങ്ങൾ ഫലിക്കാതെ വരുമ്പോഴാണ് നടത്തുക. എന്നാൽ, ഉയർന്ന ചികിത്സാ ചെലവ് കാരണം ആഗോളതലത്തിൽ ഇതിന്റെ ലഭ്യത പരിമിതം. ബുർജീൽ-കെയറിങ് ക്രോസ് പങ്കാളിത്തത്തിലൂടെ ചെലവ് 90 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും. 

പ്രാദേശികമായി കാർ-ടി സെൽ തെറാപ്പി വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ, അസംസ്കൃത വസ്തുക്കൾ, പ്രത്യേക പരിശീലന ക്ലാസുകൾ, ക്ലിനിക്കൽ ഡവലപ്മെന്റിന് ആവശ്യമായ ലെന്റിവൈറൽ വെക്ടർ എന്നിവ കെയറിങ് ക്രോസ് ലഭ്യമാക്കും. ആളുകൾക്ക് താങ്ങാവുന്ന നിരക്കിൽ ചികിത്സ നൽകുന്നതിലൂടെയും പ്രാദേശിക സൗകര്യം വർധിപ്പിക്കുന്നതിലൂടെയും  ഇത്തരം അത്യാധുനിക ജീവൻരക്ഷാ പരിചരണം ആവശ്യമായ മേഖലകളിലെ രോഗികളിലേക്ക് ഇവ വേഗത്തിൽ എത്തിക്കാൻ സാധിക്കും.  

പദ്ധതിയുടെ പ്രഖ്യാപനം ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, ബുർജീൽ ഹെമറ്റോളജി, ഓങ്കോളജി ആൻഡ് സെല്ലുലാർ തെറാപി സെന്റർ ഡയറക്ടർ ഡോ. അജ് ലാൻ സാക്കി, കെയറിങ് ക്രോസ് എക്സിക്യൂട്ടീവ് ഡയറക്ടർ ബോറോ ഡ്രോപ്യുലിച്ച് എന്നിവർ ചേർന്ന് നിർവഹിച്ചു. ബുർജീൽ ഹോൾഡിങ്‌സ് ഗ്രൂപ്പ് സിഇഒ  ജോൺ സുനിൽ പങ്കെടുത്തു. പ്രമേഹരോഗികൾക്ക് ബഹിരാകാശ യാത്ര സാധ്യമാക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് പഠിക്കുന്നതിനായി അമേരിക്കൻ സ്പേസ് കമ്പനിയായ ആക്സിയം സ്പേസുമായി ചേർന്ന് ബുർജീൽ നടത്തുന്ന ഗവേഷണത്തിന്റെ വിശദാംശങ്ങളും മേളയുടെ ആദ്യ ദിനം പ്രദർശിപ്പിച്ചു.  

ആരോഗ്യ സംരക്ഷണം പുനർനിർവചിക്കുന്ന ചർച്ചകൾ, നൂതന ആശയങ്ങൾ എന്നിവയ്ക്ക് വരും ദിവസങ്ങളിൽ ബുർജീൽ ബൂത്ത് വേദിയാകും. അബുദാബി  ഗ്ലോബൽ ഹെൽത്ത് വീക്കിന്റെ ഒഫിഷ്യൽ ഹെൽത്ത്കെയർ ട്രാൻസ്ഫോർമേഷൻ പാർട്ണറായ ബുർജീൽ നിർമിത ബുദ്ധി (എഐ), സങ്കീർണ പരിചരണം, പ്രിസിഷൻ ഡയഗ്നോസ്റ്റിക്സ്, അർബുദ പരിചരണം, സ്പേസ് മെഡിസിൻ തുടങ്ങിയ മേഖലകളിലെ സംഭാവനകളാണ് ബൂത്തിൽ പ്രദർശിപ്പിക്കുന്നത്.

English Summary:

Burjeel Holdings launches major project to reduce leukemia treatment costs

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com