വിഷു ആഘോഷിച്ച് പ്രവാസ ലോകം

Mail This Article
ദുബായ് ∙ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കേളികൊട്ടുമായെത്തിയ വിഷുവിനെ സന്തോഷത്തോടെ വരവേറ്റ് ഗൾഫ് മലയാളികൾ. ഗൾഫിൽ ഇന്നലെ പ്രവൃത്തി ദിവസമായിരുന്നിട്ടും പലരും അവധിയെടുത്താണ് കുടുംബത്തോടൊപ്പം ആഘോഷത്തിൽ പങ്കുചേർന്നത്. മിക്കയിടങ്ങളിലും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും ഒത്തുചേർന്നത് വിഷുസംഗമങ്ങൾക്ക് ഇടയാക്കി.
വിദേശത്താണെങ്കിലും ഗൃഹാതുരത ഉണർത്തുന്ന കൊന്നപ്പൂവും കണിവെള്ളരിയും നവധാന്യങ്ങളുമെല്ലാം സാധ്യമായ രീതിയിൽ സംഘടിപ്പിച്ച് മലയാളിത്തനിമയോടെയായിരുന്നു മിക്ക അപ്പാർട്ട്‌മെന്റുകളിലെയും വിഷു ആഘോഷം. മലയാളി ജീവനക്കാർ ധാരാളമുള്ള സ്ഥാപനങ്ങളിൽ ഒരുക്കിയ വിഷു ആഘോഷത്തിൽ സ്വദേശികളും മറ്റു രാജ്യക്കാരും സന്തോഷത്തോടെ പങ്കുചേർന്നു. ബർ ദുബായിലെ ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ഓഫിസിൽ നടന്ന വിഷു ആഘോഷത്തിൽ ചെയർമാൻ ഡോ. കെ.പി. ഹുസൈനും മറ്റു പ്രധാനപ്പെട്ടവരും ജീവനക്കാരും ഒത്തുചേർന്നു.
വിഷുക്കണി കണ്ടതിനു ശേഷമാണ് പലരും ആഘോഷങ്ങൾ തുടങ്ങിയത്. കുട്ടികൾ രാവിലെ കുളിച്ചു പുതിയ വസ്ത്രങ്ങൾ ധരിച്ച് മുതിർന്നവരിൽ നിന്ന് കൈനീട്ടം വാങ്ങി. ദുബായിലെയും അബുദാബിയിലെയും ക്ഷേത്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. സൂപ്പർമാർക്കറ്റുകളിലും റസ്റ്ററന്റുകളിലും പതിവുപോലെ വിഷുസദ്യ ഒരുക്കിയിരുന്നു. 25 ദിർഹം മുതൽ 40 ദിർഹം വരെയായിരുന്നു സദ്യയുടെ വില. മിക്കയിടങ്ങളിലും മൂന്നുതരം പായസത്തോടുകൂടിയ 30 വിഭവങ്ങൾ അടങ്ങിയ സദ്യ ലഭ്യമായിരുന്നു. പാഴ്സലിനും ഡെലിവറിക്കും 2 ദിർഹം അധികം നൽകേണ്ടിവന്നു.

നിരവധി കുടുംബങ്ങൾ ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കി വിഷുസദ്യയൊരുക്കി. ചിലർ പാർക്കുകളിലും റസ്റ്ററന്റ് ഹാളുകളിലും ഒത്തുചേരാനായി സമയം കണ്ടെത്തി. പ്രവാസി സംഘടനകൾ അടുത്ത വാരാന്ത്യത്തിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്നലെ മിക്ക സിനിമാ തിയറ്ററുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. മമ്മൂട്ടിയുടെ ബസൂക്ക, മോഹൻലാൽ-പൃഥ്വിരാജ്-മുരളി ഗോപി ടീമിന്റെ എംമ്പുരാൻ, ഖാലിദ് റഹ്‌മാൻ-നസ്ലെൻ ഗഫൂർ ടീമിന്റെ ആലപ്പുഴ ജിംഖാന, ബേസിൽ ജോസഫിന്റെ മരണമാസ്സ് എന്നീ മലയാള സിനിമകളും അജിത് കുമാറിന്റെ ഗുഡ് ബാഡ് അഗ്ലി, സണ്ണി ഡിയോളിന്റെ ജാട്ട്, കുട്ടികൾക്കായുള്ള ഡിസ്നിയുടെ സ്നോവൈറ്റ് എന്നിവയും ഗൾഫിലെ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.