ADVERTISEMENT

ഷാർജ ∙ അഞ്ച് പേരുടെ മരണത്തിന് കാരണമായ ഷാർജ അൽ നഹ് ദയിൽ തീ പിടിച്ച കെട്ടിടത്തിന്റെ ഉടമയ്ക്കും മാനേജർക്കുമെതിരെ നിയമനടപടികളുണ്ടാകുമെന്ന് റിപ്പോർട്ട്. സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിലുണ്ടായ ഗുരുതര വീഴ്ചയാണ് ഇതിന് കാരണം. ഇതടക്കം അഗ്നിബാധയുടെ കാരണങ്ങൾ അധികൃതർ വിശദമാക്കി.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു 51 നില കെട്ടിടത്തിൽ അഗ്നിബാധയുണ്ടായത്. മുകളിലത്തെ നിലയിൽ തീ പടർന്നപ്പോൾ അവിടെയുണ്ടായിരുന്ന നാല് ആഫ്രിക്കൻ യുവാക്കൾ രക്ഷപ്പെടാൻ വേണ്ടി താഴേയ്ക്ക് ചാടുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇതു കണ്ട് നിന്ന പാക്കിസ്ഥാൻ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.

റസിഡൻഷ്യൽ കെട്ടിടത്തിലെ 42 നിലകളിൽ അപ്പാർട്മെന്റുകളും താഴത്തെ ഒൻപത് നിലകൾ പാർക്കിങ്ങുമാണ്. ഓരോ നിലകളിലും ആകെ ആറ് അപ്പാർട്മെന്റുകൾ.

ഉടൻ സ്ഥലത്തെത്തിയ ഷാർജ സിവിൽ ഡിഫൻസ് തീ നിയന്ത്രണവിധേയമാക്കിയ ശേഷം കെട്ടിടത്തിലുണ്ടായിരുന്ന 148 പേരെ അടിയന്തരമായി ഒഴിപ്പിച്ചു.  

∙ ഇരുമ്പു കമ്പികളിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമം, പക്ഷേ...
നാല് ആഫ്രിക്കൻ യുവാക്കൾ മരിച്ചതിനെക്കുറിച്ച് പൊലീസ് വിശദമാക്കുന്നു. പെയിന്റിങ് ജോലികൾക്കായി സ്ഥാപിച്ച ഇരുമ്പു കമ്പികൾ ഉപയോഗിച്ച് ഇവർ മുകളിലത്തെ നിലകളിൽ നിന്ന് താഴേക്ക് ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഒരാൾ ഇറക്കത്തിൽ നിന്ന് രക്ഷപ്പെട്ടപ്പോൾ മറ്റുള്ളവർ പിടി നഷ്ടപ്പെട്ട് വീണു. ഒരാൾ പുറത്തെ സ്കാഫോൾഡിങ്ങിൽ പതിച്ചതിന്റെ ആഘാതത്തിൽ തകർന്നു.

തീപിടിത്തമുണ്ടായ 42-ാം നിലയിലുള്ളവർ ഒഴികെ മറ്റുള്ളവരെ അവരുടെ വീടുകളിലേക്ക് മടങ്ങാൻ ഇന്നലെ അധികൃതർ അനുവാദം നൽകി. ഫോറൻസിക് വിദഗ്ധർ അന്വേഷണം തുടരുന്നതിനാൽ ആ നില അടച്ചിട്ടിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

∙വൻ ദുരന്തം ഒഴിവായത് ക്ലാഡിങ് നീക്കം ചെയ്തതിനാൽ
അടുത്തിടെ ക്ലാഡിങ് നീക്കം ചെയ്തതിനാൽ കെട്ടിടത്തിൽ വലിയ ദുരന്തം ഒഴിവായി. പ്ലാസ്റ്ററും പെയിന്റിങ് ജോലികളും നടത്തി കെട്ടിടം നവീകരിക്കുകയും ചെയ്തു.  

വിശദമായ പരിശോധനയിൽ ഉദ്യോഗസ്ഥർ ഒട്ടേറെ ലംഘനങ്ങൾ കണ്ടെത്തി. തിരക്കേറിയ ഷെയറിങ് മുറികൾ, അപകടകരമായ അമിതഭാരമുള്ള വൈദ്യുതി സംവിധാനങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു. ഇതെല്ലാം തീപിടിത്തത്തിന് കാരണമായേക്കാവുന്ന സാഹചര്യങ്ങളാണെന്നും വിലയിരുത്തി. ഈ ലംഘനങ്ങൾക്ക് കെട്ടിട മാനേജരും ഉടമയും ഉത്തരവാദികളാണെന്ന് കണ്ടെത്തിയാൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ബ്രി. അൽ നഖ്ബി പറഞ്ഞു, ചില കുറ്റകൃത്യങ്ങൾ പ്രോസിക്യൂഷനായി നീതിന്യായ വ്യവസ്ഥയിലേക്ക് റഫർ ചെയ്യുമെന്നും അറിയിച്ചു.

സംഭവത്തിന് മുൻപ് കെട്ടിടത്തിന് സുരക്ഷാ അപകടസാധ്യതകൾ ഉണ്ടെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഗവൺമെന്റിന്റെ നേതൃത്വത്തിലുള്ള 100 ദശലക്ഷം ദിർഹം ചെലവഴിച്ചുള്ള അഗ്നി സുരക്ഷാ ക്യാംപെയിനിന്റെ ഭാഗമായാണ് മുൻവശത്തെ എളുപത്തിൽ തീ പടരാവുന്ന ക്ലാഡിങ് നേരത്തെ നീക്കം ചെയ്തത്. 

∙ ഷാർജയിൽ അപകട സാധ്യതയുള്ള ഒട്ടേറെ കെട്ടിടങ്ങൾ
ഉയർന്ന അപകടസാധ്യതയുള്ള കെട്ടിടങ്ങളിലെ അപകടകരമായ ബാഹ്യ വസ്തുക്കൾ ഷാർജ അധികൃതർ അഗ്നി സുരക്ഷാ ക്യാംപെയിനിലൂടെ മാറ്റിസ്ഥാപിക്കുന്നു. ആദ്യ ഘട്ടത്തിന്റെ ഭാഗമായി തിരിച്ചറിഞ്ഞ 40 കെട്ടിടങ്ങളിൽ 20 എണ്ണം ഇതിനകം നവീകരണത്തിന് വിധേയമായിട്ടുണ്ട്. 2023 ഏപ്രിലിൽ 203 കെട്ടിടങ്ങളെ അടിയന്തര കേസുകളായി തരംതിരിച്ചു. രണ്ടാം ഘട്ടം ഏഴ് നിലകളിലേറെ ഉയരമുള്ള 163 ഇടത്തരം അപകടസാധ്യതയുള്ള കെട്ടിടങ്ങൾ കൂടി മാറ്റങ്ങൾക്ക് വിധേയമാകും. ചൂടു കാലത്ത് കെട്ടിടങ്ങളിൽ അഗ്നിബാധ മറ്റു സമയങ്ങളിലേതിനേക്കാൾ കൂടുതലാണ്.

English Summary:

Legal action will be taken against the owner and manager of a building that caught fire in Sharjah's Al Nahda, which caused the deaths of five people, it has been reported.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com