ബഹ്‌റൈനിലെ 'സുമതി വളവ്’ ഗൂഗിൾ മാപ്പിലും താരം: പ്രവാസികളുടെ പ്രിയപ്പെട്ട ‘ഫോട്ടോസ്പോട്ട്’ തേടി സഞ്ചാരികൾ

Mail This Article
മനാമ ∙ സുമതി വളവ് എന്നത് മലയാളികൾക്ക് എന്നും നിഗൂഢതകളുടെ പേരാണ്. കേരളത്തിലെ പാലോട് കല്ലറയിലുള്ള ഒരു വളവിന്റെ പേര് ഇപ്പോൾ ബഹ്‌റൈനിലും ചർച്ചാവിഷയമാകുകയാണ്. ബഹ്‌റൈനിലെ കർസാക്കാൻ എന്ന സ്ഥലത്ത് പച്ചപ്പ് നിറഞ്ഞതോടെയാണ് ഈ 'സുമതി വളവ്' സമൂഹിമാധ്യമത്തിൽ ശ്രദ്ധ നേടിയത്. ബഹ്‌റൈൻ തലസ്‌ഥാന നഗരിയിൽ നിന്ന് ഏകദേശം 22 കിലോമീറ്റർ അകലെ കർസാക്കാൻ ബീച്ചിന് സമീപം സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഇപ്പോൾ ഒരു ‘ഫോട്ടോ സ്പോട്ട് ലൊക്കേഷൻ’ കൂടിയാണ്.
കോൺക്രീറ്റ് കെട്ടിടങ്ങളോ അധികം ജനവാസമേഖലയോ ഇല്ലാത്ത ഈ പ്രദേശത്ത് ടാറിടാത്ത റോഡിന്റെ ഇരുവശവുമായി വളർന്നു നിൽക്കുന്ന മരങ്ങളാണ് പ്രധാന ആകർഷണം. ബഹ്‌റൈനിൽ നിന്നുള്ള ചില സംഗീത ആൽബങ്ങൾ ചിത്രീകരിക്കുന്ന ഫൊട്ടോഗ്രഫർമാരാണ് ഈ സ്ഥലത്തിന്റെ ഭംഗി ആദ്യമായി പ്രവാസികൾക്കിടയിൽ പ്രചരിപ്പിച്ചത്. ഇത് ആളുകളുടെ വരവ് വർധിപ്പിച്ചു.
ഓണം, വിഷു, പെരുന്നാൾ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ സന്ദർശകരുടെ എണ്ണം വർധിച്ചതോടെ 'സുമതി വളവ്' ഗൂഗിൾ മാപ്പിലും ഇടംപിടിച്ചു. കർസാക്കാൻ കടൽത്തീരത്തെ സൂര്യാസ്തമയം കാണാൻ എത്തുന്നവരും ഈ വളവ് സന്ദർശിക്കാൻ മറക്കാറില്ല. വൈദ്യുത വിളക്കുകൾ കുറവായ ഈ പ്രദേശത്ത് വൈകുന്നേരങ്ങളിൽ ഒരു നിഗൂഢമായ അന്തരീക്ഷം അനുഭവപ്പെടുന്നതിനാലാകണം ഇവിടെനിന്നുള്ള ചിത്രങ്ങൾക്ക് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തവർ സുമതി വളവ് എന്ന് പേര് നൽകിയത്.

പിന്നീട് എല്ലാ മലയാളികളും ഈ സ്ഥലത്തെ സുമതി വളവ് എന്ന് വിളിക്കാൻ തുടങ്ങി. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് ആളുകൾക്ക് എത്തിച്ചേരാനുള്ള സൗകര്യത്തിനായി ആരോ ഈ സ്ഥലത്തിന് 'സുമതി വളവ്' എന്ന് നാമകരണം ചെയ്യുകയും ചെയ്തു. കഴിഞ്ഞ വിഷുവിന് നിരവധി ആളുകൾ ഫോട്ടോ ഷൂട്ടിനായി ഇവിടെയെത്തി. സന്ദർശകരുടെ എണ്ണം കൂടിയതോടെ സ്വദേശി കുതിര സവാരി വണ്ടികളും ഇവിടെ ലഭ്യമായിട്ടുണ്ട്. ഇപ്പോൾ കുതിരപ്പുറത്ത് ഈ പ്രദേശം ചുറ്റിക്കാണാനുള്ള സൗകര്യവുമുണ്ട്.

കടൽത്തീരത്തിനടുത്തായതിനാൽ കൃഷിസ്ഥലങ്ങളിലേക്ക് വെള്ളം ഒഴുക്കുന്ന ഒരു ചെറിയ തോടും ഈ പ്രദേശത്തൂടെ ഒഴുകുന്നുണ്ട്. മരങ്ങളിൽ പക്ഷിക്കൂടുകളും പക്ഷികളുടെ ശബ്ദവും കാറ്റിൽ മരങ്ങൾ ആടുന്നതിന്റെ ശബ്ദവും കേൾക്കുമ്പോൾ കേരളത്തിലെ ഏതെങ്കിലും സുമതി വളവിൽ എത്തിയ അനുഭവം ഇവിടം സന്ദർശിക്കുന്നവർക്ക് ലഭിക്കുന്നു.