സഹോദരിക്ക് സമ്മാനമായി ദുബായിൽ നിന്ന് 'ഐഫോൺ 16 പ്രോ'; ഇന്ത്യയിലെത്തിയപ്പോൾ പ്ലാസ്റ്റിക് ഫോൺ, ഒടുവിൽ...?

Mail This Article
ദുബായ് ∙ ദുബായിൽ ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരൻ മുഹമ്മദ് സിറാജുദ്ദീൻ ഒരൊറ്റ തെറ്റേ ചെയ്തുള്ളൂ, ഇ-കൊമേഴ്സ് വഴി വിലകൂടിയ ഐ ഫോണിന് ഓർഡർ നൽകി, ഹൈദരബാദിലുള്ള സഹോദരി സാദിയക്ക് പെരുന്നാളിന് സമ്മാനിക്കാൻ. കടയിൽ നേരിട്ട് ചെന്ന് വാങ്ങുന്നതിനേക്കാളും വേഗത്തിൽ സാധനം കൈയിൽ കിട്ടി-പുതുപുത്തൻ ഐ ഫോൺ 16 പ്രോയുടെ മനോഹരമായ പായ്ക്കറ്റ്. അടുത്ത ദിവസം നാട്ടിലേക്ക് പോവുകയായിരുന്ന കൂട്ടുകാരന്റെ കൈവശം ഫോൺ കൊടുത്തുവിടുകയും ചെയ്തു.
∙ വിപണി വിലയേക്കാൾ കുറവ്, സന്തോഷം കൊണ്ട് മറ്റൊന്നുമാലോചിച്ചില്ല
മാർച്ച് 29നായിരുന്നു മുഹമ്മദ് സിറാജുദ്ദീൻ ഇ-കൊമേഴ്സ് വഴി ഫോണിന് 4,199 ദിർഹമടച്ചത്. നിലവിലെ വിപണി വിലയേക്കാൾ കുറച്ച് കുറവ് കണ്ടപ്പോൾ, കൊള്ളാമല്ലോ എന്ന് തോന്നി മറ്റൊന്നും ആലോചിക്കാതെ ഓൺലൈനിലൂടെ പണം നൽകുകയായിരുന്നു.
ഒരൊറ്റ മണിക്കൂറിനകം ദുബായ് ദെയ്റയിലെ ഫ്ലാറ്റിൽ ഫോൺ എത്തിക്കുമെന്നായിരുന്നു വിൽപനക്കാരുടെ വാഗ്ദാനം. മാളിലോ മറ്റോ ചെന്ന് കാത്തിരുന്ന് ഫോൺ വാങ്ങുന്നതിലും നല്ലതല്ലേ എന്നായിരുന്നു ചിന്ത. ഹൈദരാബാദിലുള്ള സഹോദരിക്ക് നൽകാവുന്ന ഏറ്റവും മികച്ച സമ്മാനമായിരിക്കും ഇതെന്നോർത്തപ്പോൾ വലിയ സന്തോഷം തോന്നിയെന്ന് യുവാവ് പറയുന്നു.
വാഗ്ദാനം ചെയ്ത പോലെ ആ ദിവസം തന്നെ ഫോൺ പായ്ക്കറ്റെത്തി. സീൽ പൊട്ടിച്ച് പെട്ടി തുറന്നുനോക്കാതെ സഹോദരി സാദിയക്ക് സർപ്രൈസ് ഗിഫ്റ്റ് നൽകുന്നതല്ലേ ബുദ്ധി എന്നോർത്തപ്പോൾ നേരെ കൂട്ടുകാരന്റെ കൈയിലേൽപിച്ചു.
∙ ലഭിച്ചത് കളിപ്പാട്ടം പോലുള്ള പ്ലാസ്റ്റിക് ഫോൺ
ഇനിയാണ് സംഭവത്തിന്റെ ആന്റി ക്ലൈമാക്സ്. സമ്മാനപ്പൊതി തുറന്ന സാദിയ ഞെട്ടിപ്പോയി, ഐ ഫോൺ 16ന് പകരം കണ്ടത് അതേ മോഡലിലുള്ള, വളരെ വിലകുറഞ്ഞ കളിപ്പാട്ടം പോലുള്ള പ്ലാസ്റ്റിക് ഫോൺ. പക്ഷേ, രസം അതല്ല, സാദിയ വിചാരിച്ചത് ചേട്ടൻ തന്നെ ഏപ്രിൽ ഫൂളാക്കാൻ വേണ്ടി കൊടുത്തുവിട്ടതാണെന്നായിരുന്നു.
എന്നാൽ, തന്നെ കൊതിപ്പിച്ച് പറ്റിച്ചതിന്റെ പരിഭവുമായി സഹോദരി വിളിച്ചപ്പോൾ കേൾക്കുന്നത് സത്യമാണോ എന്നറിയാതെ, തലചുറ്റുന്നതുപോലെ തോന്നി. പിന്നീട് സാദിയയോട് അത് അതേപടി തിരിച്ചയക്കൂ എന്ന് പറഞ്ഞു. പിന്നീട്, മുഹമ്മദ് സിറാജുദ്ദീൻ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പരാതി നൽകുകയും അവർ പണം ഉടൻ തിരികെ നൽകുകയും ചെയ്തു.
ഇത് പണത്തിന്റെ കാര്യം മാത്രമല്ല. ഇത്തരം തട്ടിപ്പുകൾ വലിയ പ്രശ്‌നമാണ്. ഞങ്ങൾ പലപ്പോഴും നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ അയയ്ക്കാറുണ്ട്. ഇതുപോലുള്ള എന്തെങ്കിലും സംഭവിക്കുമ്പോൾ ഉണ്ടാകുന്ന നാണക്കേട് സങ്കൽപ്പിക്കുക, പ്രത്യേകിച്ച് പെരുന്നാൾ പോലുള്ള വിശേഷ ദിവസങ്ങളിൽ. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ പരിശോധനകൾ കർശനമാക്കണമെന്നാണ് യുവാവിന്റെ ആവശ്യം.
അതേസമയം, വിഷയം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും തുടർനടപടികൾ മുഹമ്മദ് സിറാജുദ്ദീനെ അറിയിക്കുമെന്നും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന്റെ വക്താവ് പറഞ്ഞു. മുഹമ്മദ് സിറാജുദ്ദീന്റെ അനുഭവം ഒറ്റപ്പെട്ടതല്ല. കഴിഞ്ഞ മാസം ഓൺലൈനായി ഇന്ത്യയിലേക്ക് ഫോൺ ഓർഡർ ചെയ്ത ഒരാൾക്ക് ലഭിച്ചത് സോപ്പ് ബാറും ഒരു പാക്കറ്റ് ബിസ്‌ക്കറ്റുമായിരുന്നു.