മാധ്യമ ഉള്ളടക്കം: നടപടി ശക്തമാക്കി യുഎഇ മീഡിയ കൗൺസിൽ

Mail This Article
അബുദാബി ∙ ദേശീയ മാർഗനിർദേശങ്ങൾ ലംഘിക്കുന്ന ഉള്ളടക്കത്തിനെതിരെ നടപടി ശക്തമാക്കി യുഎഇ മീഡിയ കൗൺസിൽ. ഉള്ളടക്ക ലംഘനങ്ങൾ നിരീക്ഷിക്കാൻ ലക്ഷ്യമിട്ട് ഒരു ദേശീയ പ്ലാറ്റ്ഫോം ആരംഭിക്കും. 2024ൽ ചട്ടങ്ങൾ ലംഘിച്ച 9,000ലധികം മാധ്യമ ഉള്ളടക്കങ്ങൾ തടഞ്ഞു.
ക്രിയാത്മകവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമ അന്തരീക്ഷം വളർത്തുന്നതിനൊപ്പം ദോഷകരമോ അനുചിതമോ ആയ മാധ്യമ ഉള്ളടക്കത്തിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അബുദാബിയിൽ നടന്ന ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്എൻസി) സെഷനിൽ പ്രഖ്യാപിച്ച ഈ നീക്കം മാധ്യമങ്ങളുടെ ഉയർന്ന നിലവാരം നിലനിർത്തുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അടിവരയിടുന്നു.
കഴിഞ്ഞ വർഷം മാധ്യമങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ 6,600ലേറെ പരിശോധനകൾ നടത്തി. നിയമവിധേയമായാണ് എല്ലാ പ്രസിദ്ധീകരണങ്ങളും പ്രർത്തിക്കുന്നതെന്ന് ഉറപ്പാക്കാനാണ് നിരീക്ഷണം ഊർജിതമാക്കിയത്. യുഎഇ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന ടെലിവിഷൻ പരമ്പരകൾ, സിനിമകൾ, നാടകങ്ങൾ എന്നിവയ്ക്കായി 149 തിരക്കഥകൾക്കും കൗൺസിൽ അംഗീകാരം നൽകി.