വീണ്ടും തിരിച്ചടി; ഒമാനിൽ പ്രവാസികളുടെ ഉടമസ്ഥതയിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും സ്വദേശിവൽക്കരണം

Mail This Article
മസ്കത്ത് ∙ പ്രവാസികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും ഒമാനി പൗരനെ നിയമിക്കണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കണം. വിദേശ നിക്ഷേപ നടപടികള്‍ മെച്ചപ്പെടുത്തുന്നതിനും സേവനങ്ങള്‍ എളുപ്പത്തിലാക്കുന്നതിനും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വീകരിച്ച നടപടികള്‍ വാർത്താ സമ്മേളനത്തില്‍ വിശദീകരിക്കവേയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ഗാര്‍ഹിക തൊഴിലാളികള്‍, സമാന വിഭാഗങ്ങളില്‍ തൊഴിലെടുക്കുന്നവര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന അവിദഗ്ധ തൊഴിലാളികള്‍ എന്നിവര്‍ക്ക് വാണിജ്യ രജിസ്ട്രേഷന് അപേക്ഷിക്കാന്‍ കഴിയില്ലെന്ന് മന്ത്രാലയം അറിയിച്ചു. നിക്ഷേപ അന്തരീക്ഷത്തിന്റെ സമഗ്രത ഉയര്‍ത്തിപ്പിടിക്കുകയും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഒമാന്റെ സാമ്പത്തിക വികസന മുന്‍ഗണനകളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക്, സംരംഭം ആരംഭിക്കുന്നതിന് വിദേശ മൂലധന നിക്ഷേപ നിയമ പ്രകാരമുള്ള പ്രത്യേക വ്യവസ്ഥകള്‍ പാലിക്കണം. തൊഴിലുടമയുടെ അംഗീകാരം നേടുക, നിലവിലുള്ള തൊഴില്‍ കരാര്‍ അവസാനിപ്പിക്കുക തുടങ്ങിയവ പ്രധാന വ്യവസ്ഥകളാണെന്നും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യക്തമാക്കി.

∙ 3,407 വിദേശികള്‍ക്ക് ദീര്‍ഘകാല വിസ
ഒമാനില്‍ 3,407 വിദേശികള്‍ക്ക് ഇതുവരെ ദീര്‍ഘകാല റസിഡന്‍സി കാര്‍ഡുകള്‍ അനുവദിച്ചതായി മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ഫെബ്രുവരി അവസാനം വരെയുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്. 60 രാജ്യങ്ങളില്‍ നിന്നുള്ള വിദേശി നിക്ഷേപകര്‍, വ്യത്യസ്ത മേഖലകളില്‍ വൈദഗ്ധ്യം തെളിയിച്ചവര്‍ എന്നിവര്‍ക്കാണ് വിസ അനുവദിച്ചിരിക്കുന്നത്.
ഡോക്ടര്‍മാരുള്‍പ്പെടെ ആരോഗ്യ മേഖലയില്‍ നിന്നുള്ളവരും ദീര്‍ഘകാല വിസ സ്വന്തമാക്കിയവരില്‍ പെടുന്നു. നിരവധി മലയാളികളും ഇതിനകം ദീര്‍ഘകാല റസിഡന്‍സി കാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.