ബി ലബൻ റസ്റ്ററന്റുകൾ വീണ്ടും തുറക്കുന്നു

Mail This Article
ജിദ്ദ ∙ ഗൾഫ് രാജ്യങ്ങളിലെ ഭക്ഷണപ്രിയരുടെ ഇഷ്ട ഭക്ഷ്യയിടങ്ങളിൽ ഒന്നായ ബി ലബൻ ഏതാനും ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും തുറക്കുന്നു. ഭക്ഷ്യവിഷബാധയെ തുടർന്ന് കഴിഞ്ഞ ആഴ്ച സൗദിയിലെ മുഴുവൻ ശാഖകളും ആരോഗ്യമന്ത്രാലയം അടപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഈജിപ്തിലെ ശാഖകളും അടച്ചുപൂട്ടിയിരുന്നു. ബി ലബൻ ഡെസേർട്ട് ശ്യംഖല ഉടൻ തുറക്കുമെന്ന് അധികൃതർ ഇന്നലെയാണ് അറിയിച്ചത്.
ഈജിപ്തിലെയും ഗൾഫിലെയും പ്രശസ്തമായ ഡെസേർട്ട് ശൃംഖലയാണ് ബി ലബൻ. ഈജിപ്തിലെ 100-ലധികം വരുന്ന ശാഖകൾക്കൊപ്പം സൗദി അറേബ്യയിലെ നിരവധി ബ്രാഞ്ചുകളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ പൂട്ടിയത്. ഈജിപ്തിലെ നാഷനൽ ഫുഡ് സേഫ്റ്റി അതോറിറ്റി (എൻഎഫ്സിഎ) യുടെയും സൗദി അറേബ്യയിലെ മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ്ങിന്റെയും പരിശോധനകൾക്ക് ശേഷമായിരുന്നു നടപടി.
ഈജിപ്തിൽ നടന്ന പരിശോധനയിൽ ഗുരുതരമായ ആരോഗ്യലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഭക്ഷണത്തിൽ രോഗകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം, നിരോധിത വസ്തുക്കളുടെ ഉപയോഗം, അനുചിതമായ സംഭരണ രീതികൾ എന്നിവ കണ്ടെത്തി. ഭക്ഷ്യവിഷബാധയെക്കുറിച്ചുള്ള പരാതികൾ ഉപഭോക്താക്കളിൽനിന്ന് ലഭിച്ചതിനെ തുടർന്നാണ് സൗദിയിലെ ഔട്ട്‌ലെറ്റുകൾ താൽക്കാലികമായി അടച്ചത്.
ഈജിപ്ത് പ്രസിഡന്റ് അബ്ദുൾ-ഫത്താഹ് അൽ സീസിയാണ് പ്രതിസന്ധി പരിഹരിക്കാൻ മുന്നിട്ടിറങ്ങിയതെന്നും അദ്ദേഹത്തിന് നന്ദി പറയുന്നതായും ബി ലബൻ മാനേജ്മെന്റ് അറിയിച്ചു. ആരോഗ്യ-സുരക്ഷാ നിയന്ത്രണങ്ങളും പ്രവർത്തന മാനദണ്ഡങ്ങളും പാലിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.
എല്ലാ ആരോഗ്യ-സുരക്ഷാ ആവശ്യകതകളും പാലിച്ച ശേഷം ഇരു രാജ്യങ്ങളിലും ശാഖകൾ വീണ്ടും തുറക്കുമെന്നും കമ്പനി അറിയിച്ചു. എന്നാൽ തുറക്കുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
റിയാദിലുള്ള സ്ഥാപനത്തിന്റെ ശാഖകളില്‍ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതാണ് സൗദിയിലെ ശാഖകൾ അടയ്ക്കാൻ കാരണമായത്. വിഷബാധയേറ്റ ആർക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടായിരുന്നില്ല. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ സഹകരണത്തോടെ മുനിസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രാലയമാണ് പരിശോധന നടത്തിയത്. ബി ലബന്‍ റസ്റ്ററന്റുകളെ സൗദിയില്‍ ഡെലിവറി ആപ്പുകളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി നിര്‍ദേശാനുസരണമാണ് ഈ നടപടി. സൗദിയില്‍ ബി ലബന്‍ റസ്റ്ററന്റ് ശൃംഖലക്കു കീഴില്‍ 40 ലേറെ ശാഖകളുണ്ട്.
മൂന്നു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്നാണ് ഈജിപ്തിലെ ശൈഖ് സായിദ്, ജീസ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 11 'ബി ലബന്‍' ശാഖകള്‍ അടപ്പിക്കാന്‍ ജീസ ഗവര്‍ണര്‍ ഉത്തരവിട്ടത്. ജീസയിലെ ശൈഖ് സായിദ് ബി ലബന്‍ ശാഖയില്‍നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് മൂന്നു പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടർന്ന് മൂന്നു പേരെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലയാളികൾ അടക്കമുള്ള നിരവധി പ്രവാസികൾ ബി ലബൻ ശാഖകളിൽ ജോലി ചെയ്യുന്നുണ്ട്. ഇതിന് പുറമെ നിരവധി മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ ഭക്ഷണത്തിനായി സന്ദർശിക്കുകയും ചെയ്യുന്ന സ്ഥലമാണ് ബി ലബൻ ശാഖകൾ. 2021-ൽ ഈജിപ്തിലെ അലക്സാണ്ട്രിയയിൽ സ്ഥാപിതമായ ബി ലബൻ, ഈജിപ്തിലെയും ഗൾഫിലെയും ഏറ്റവും വേഗത്തിൽ വളരുന്ന ഭക്ഷണ ശൃംഖലകളിലൊന്നായി പെട്ടെന്ന് മാറുകയും ചെയ്തു.