പുലർച്ചെ അക്കൗണ്ടിൽ നിന്ന് തുക പിൻവലിച്ചതായി അറിയിച്ച് ബാങ്ക്; പിന്നാലെ ഖേദ പ്രകടനം, പുലിവാല് പിടിച്ച് എമിറേറ്റ്സ് എൻബിഡി

Mail This Article
ദുബായ്∙ ഇന്നലെ പുലർച്ചെ ഉറക്കമുണർന്ന് മൊബൈൽ ഫോൺ സന്ദേശം ശ്രദ്ധിച്ച പല ഉപയോക്താക്കൾക്കും അൽപനേരത്തേക്ക് തലകറങ്ങി. യുഎഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്സ് എൻബിഡിയിലെ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് വലിയ തുക പിൻവലിച്ചിരിക്കുന്നു എന്നതായിരുന്നു ആ സന്ദേശം. അത്രയും പണം അക്കൗണ്ടിൽ ഇല്ല എന്ന് ഉറപ്പുള്ളവർ പോലും കുറച്ചുനേരത്തേക്ക് അമ്പരന്നുപോയി. ഇത് തട്ടിപ്പുകാരുടെ സന്ദേശമായിരിക്കാം എന്ന് സംശയിച്ചവർ പോലും ഉടൻതന്നെ അവരുടെ അക്കൗണ്ട് തുറന്നുനോക്കി പണം നഷ്ടപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ശ്വാസം നേരെ വീണത്. പിന്നീട് ഇതേ ബാങ്കിൽ അക്കൗണ്ടുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചപ്പോൾ അവർക്കും ഇതേ സന്ദേശം ലഭിച്ചിരുന്നുവെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലായിരുന്നു.
'ആർഎ ഡിഐഎസ്ബി മൈഗ്രേഷന്' (RA DISB MIGRATION) വേണ്ടി വലിയ തുക പിൻവലിച്ചതായുള്ള എസ്എംഎസ് ആണ് എല്ലാവർക്കും ലഭിച്ചത്. എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ആകാംക്ഷയോടെ പലരും ബാങ്കിലെ ടോൾഫ്രീ നമ്പറിൽ വിളിച്ചെങ്കിലും കസ്റ്റമർ സപ്പോർട്ടിൽ നിന്ന് പ്രതികരണം ലഭിക്കാൻ ഒരു മണിക്കൂറോളം എടുത്തതായി പലരും പരാതിപ്പെട്ടു.
സിസ്റ്റം അറ്റകുറ്റപ്പണിക്കിടെ സംഭവിച്ച സാങ്കേതിക പിഴവാണ് ഇതിന് കാരണമെന്ന് ബാങ്ക് പിന്നീട് വിശദീകരിച്ചു. തുടർന്ന്, ഇതേകാര്യം സൂചിപ്പിച്ച് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള എസ്എംഎസ് സന്ദേശവും ബാങ്കിൽ നിന്ന് എല്ലാവർക്കും ലഭിച്ചു.

അതേസമയം, ഈ സന്ദേശം ലഭിച്ചതിനെക്കുറിച്ചും അതുമൂലമുണ്ടായ മാനസിക സമ്മർദത്തെക്കുറിച്ചും പരാതിപ്പെട്ട ഉപയോക്താക്കളാൽ ബാങ്കിന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ നിറഞ്ഞു. ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് ബാലൻസിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും ഇത് ഉണ്ടാക്കിയ ഏതെങ്കിലും ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നുവെന്നും ബാങ്ക് ആവർത്തിച്ച് വ്യക്തമാക്കി. എന്നാൽ, വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഉടമ അറിയാതെ പണം നഷ്ടപ്പെടുന്ന സംഭവങ്ങൾ മുൻപും ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെ പലർക്കും ഈ തുക പിന്നീട് തിരികെ ലഭിച്ചിട്ടുമില്ല.