കുവൈത്തിൽ പുതിയ ഗതാഗത നിയമ ഭേദഗതി നാളെ മുതൽ; പിഴ വർധിപ്പിച്ചു, കടുത്ത ശിക്ഷ

Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ 1976 ലെ ഗതാഗത നിയമത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയുള്ള ഭേദഗതി നാളെ (ഏപ്രിൽ 22) മുതൽ പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് മൂന്നു മാസം മുൻപ് ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്തിരുന്നു. പുതിയ നിയമം ലംഘനങ്ങൾക്ക് കടുത്ത ശിക്ഷയും ഉയർന്ന പിഴയുമാണ് വ്യവസ്ഥ ചെയ്യുന്നത്.
∙പ്രധാന ലംഘനങ്ങളും ശിക്ഷകളും:
150 ദിനാർ പിഴ (കോടതിയിലെത്തിയാൽ 600-1000 ദിനാർ പിഴ, 1-3 വർഷം തടവ്):
ചുവപ്പ് സിഗ്നൽ മറികടക്കുക.
പൊതുനിരത്തിൽ വാഹനങ്ങൾ ഉപയോഗിച്ച് മത്സരയോട്ടം നടത്തുക.
അശ്രദ്ധമായി വാഹനം ഓടിക്കുക.
അംഗപരിമിതർക്കായി നീക്കിവച്ച സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുക.
ബഗ്ഗികൾ, മോട്ടർ ബൈക്കുകൾ എന്നിവ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ഓടിക്കുക.
അനധികൃതമായി (പെർമിറ്റ് ഇല്ലാതെ) പണം വാങ്ങി യാത്രക്കാരെ കയറ്റുന്ന ടാക്സികൾ ഓടിക്കുക.
അനുവദനീയമായ വേഗപരിധി ലംഘിച്ച് അമിതവേഗത്തിൽ വാഹനം ഓടിക്കുക. (ഈ ലംഘനത്തിന് പ്രാരംഭ പിഴ 70-150 ദിനാർ വരെയാകാം, കോടതിയിലെത്തിയാൽ ശിക്ഷ മുകളിൽ പറഞ്ഞതുപോലെ).
75 ദിനാർ പിഴ (കോടതിയിലെത്തിയാൽ 150-300 ദിനാർ പിഴ, 3 മാസം വരെ തടവ്):
ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുകയോ റദ്ദാക്കപ്പെട്ട ലൈസൻസ് ഉപയോഗിക്കുകയോ ചെയ്യുക.
പൊലീസ്, ആംബുലൻസ്, സിവിൽ ഡിഫൻസ് തുടങ്ങിയ സർക്കാർ, അടിയന്തര സേവന വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുക.
വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുക.
വാഹനങ്ങളുടെ ഘടനയിൽ അനധികൃത മാറ്റങ്ങൾ വരുത്തുക.
വാഹനങ്ങൾ ഉപയോഗിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കുക.
50 ദിനാർ പിഴ (കോടതിയിലെത്തിയാൽ 100-200 ദിനാർ പിഴ, 2 മാസം വരെ തടവ്):
പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തുക.
കുട്ടികളെ വാഹനത്തിന്റെ പിൻവശത്ത് സഹായത്തിന് ആളില്ലാതെ ഇരുത്തി യാത്ര ചെയ്യുക.
വാഹനത്തിന്റെ ഗ്ലാസിൽ അനുവദനീയമായതിലും കൂടുതൽ നിറമുള്ള സ്റ്റിക്കർ പതിപ്പിക്കുക.
ട്രാഫിക് സിഗ്നലുകൾ പാലിക്കാതിരിക്കുക.
30 ദിനാർ പിഴ (കോടതിയിലെത്തിയാൽ 50-100 ദിനാർ പിഴ, 1 മാസം വരെ തടവ്):
വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക.
പൊതുനിരത്തിൽ അമിതവേഗത്തിൽ വാഹനം ഓടിക്കുക.
ഹൈവേകളിലും റിങ് റോഡുകളിലും നിശ്ചിത വേഗപരിധിയിലും കുറഞ്ഞ വേഗത്തിൽ വാഹനം ഓടിക്കുക.
നടപ്പാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുക.
ഉടമയുടെ അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുക.
മറ്റ് പിഴകൾ:
ഗതാഗതത്തിന് മനഃപൂർവം തടസ്സമുണ്ടാക്കിയാൽ 20 ദിനാർ പിഴ ചുമത്തും. കേസ് കോടതിയിലെത്തിയാൽ 45 മുതൽ 75 ദിനാർ വരെ പിഴ ഒടുക്കേണ്ടി വരും.
അനുവദനീയമല്ലാത്ത സ്ഥലത്ത് വാഹനം പാർക്ക് ചെയ്താൽ 15 ദിനാറാണ് പിഴ. നിലവിലെ സംവിധാനത്തിലെ ഏറ്റവും കുറഞ്ഞ പിഴയാണിത്.
ഗതാഗത നിയമലംഘനങ്ങളുടെ ഫോട്ടോയോ വിഡിയോയോ എടുത്ത് പ്രചരിപ്പിക്കുന്നവർക്ക് 1000 മുതൽ 2000 ദിനാർ വരെ കടുത്ത പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.