ഫ്രാൻസിസ് മാർപാപ്പയുടെ ഓർമകളിൽ ഗൾഫ്: മതിലുകളില്ലാത്ത മാനവികത; സംശയങ്ങളില്ലാത്ത സൗഹൃദം

Mail This Article
ദുബായ് ∙ സൗഹൃദങ്ങൾക്കും സ്നേഹത്തിനും മതം ഒരു മതിൽക്കെട്ടല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച്, എല്ലാ മനുഷ്യരെയും സ്നേഹത്തിൽ ഒന്നായി കാണാൻ ആഗ്രഹിച്ച സന്ദർശനങ്ങളാണ് ഫ്രാൻസിസ് മാർപ്പാപ്പ ഗൾഫ് രാജ്യങ്ങളിലേക്ക് നടത്തിയത്. വത്തിക്കാൻ ഭരണാധികാരിയും ആഗോള ക്രൈസ്തവ സഭയുടെ അധ്യക്ഷനുമായ മാർപാപ്പമാരുടെ സന്ദർശക വഴികളിൽ ഒരിക്കലും ഗൾഫ് രാജ്യങ്ങൾ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ, സൗഹൃദത്തിന്റെ വാതിലുകൾ മലർക്കെ തുറന്ന ഫ്രാൻസിസ് മാർപാപ്പ രണ്ടു തവണയാണ് ഗൾഫിലേക്ക് എത്തിയത്.
യുഎഇയിലും ബഹ്റൈനിലുമെത്തിയ പാപ്പ, ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ ഓൺലൈനായി പങ്കെടുത്തും ഗൾഫിനോടുള്ള അടുപ്പവും സ്നേഹവും പ്രകടിപ്പിച്ചു. പരസ്പര ചർച്ചകളിലൂടെ സ്നേഹം വളർത്താനും സംശയങ്ങൾക്കതീതമായി മനുഷ്യരെ ചേർത്തു പിടിക്കാനുമാണ് ഗൾഫ് സന്ദർശന വേളയിൽ അദ്ദേഹം ആഹ്വാനം ചെയ്തത്.
മത സൗഹൃദത്തിന്റെ ആഗോള പ്രതീകമായ അബുദാബിയിലെ അബ്രഹാമിക് ഹൗസിനും മാർപാപ്പ തുടക്കം കുറിച്ചു. പരിസ്ഥിതിയെ രക്ഷിക്കാനും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും മത വിശ്വാസികൾ മുൻകൈ എടുക്കണമെന്ന് ആഗോള കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായി നടന്ന മത സമ്മേളനത്തിൽ ആഹ്വാനം ചെയ്തു. മധ്യപൗരസ്ത്യ മേഖലയിലെ യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ലോക രാജ്യങ്ങളോടു നിരന്തരം അഭ്യർഥിച്ച്, മനുഷ്യ സ്നേഹത്തിന്റെയും കരുതലിന്റെയും വേറിട്ട മാതൃകയായി. രാജ്യങ്ങളുടെ കലഹങ്ങളിൽ അകപ്പെട്ടു പോകുന്ന മധ്യപൗരസ്ത്യ മേഖലയിലെ ജനങ്ങളുടെ ആശങ്കയ്ക്കൊപ്പം നിലകൊണ്ടു. യുദ്ധം ഒന്നും നേടിത്തരില്ലെന്ന് രാഷ്ട്രത്തലവന്മാരെ അദ്ദേഹം നിരന്തരം ഓർമപ്പെടുത്തി. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കണ്ണീര് കാണാതെ പോകരുതെന്നും അദ്ദേഹം പ്രസംഗങ്ങളിലൂടെ ലോകത്തോടു വിളിച്ചു പറഞ്ഞു.

2019ൽ യുഎഇ സന്ദർശനത്തിന്റെ ഭാഗമായി നടത്തിയ കുർബാനയിൽ 1.5 ലക്ഷം പേരാണ് പങ്കെടുത്തത്. 2022ൽ ബഹ്റൈനിൽ 4 ദിവസമാണ് മാർപാപ്പ സന്ദർശനം നടത്തിയത്. മനാമ സ്റ്റേഡിയത്തിൽ നടന്ന കുർബാനയിൽ 111 രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു. 28,000 വിശ്വാസികൾ എത്തിയ ചടങ്ങിൽ മലയാളവും തമിഴും ഹിന്ദിയും ഉൾപ്പെടെ വിവിധ ഭാഷകളിൽ പ്രാർഥന മുഴങ്ങിയിരുന്നു. സ്നേഹിക്കാനുള്ള കഴിവാണ് ക്രിസ്തു നൽകിയ ഏറ്റവും വലിയ സമ്മാനമെന്നാണ് മാർപാപ്പ പ്രസംഗങ്ങളിൽ എപ്പോഴും ഓർമിപ്പിച്ചിരുന്നത്. ക്രിസ്തു സ്നേഹിച്ചതു പോലെ, ഉപാധികളില്ലാതെ പരസ്പരം സ്നേഹിക്കണം. അത് സുഖസന്തോഷങ്ങളിൽ മാത്രമല്ല, ഏത് അവസ്ഥയിലും സാധ്യമാകണം. കണ്ണിനു കണ്ണും പല്ലിനു പല്ലും എന്ന ചിന്ത മാറണം. സമത്വ –സാഹോദര്യ സമൂഹത്തിനായി പ്രവർത്തിക്കാനാണ് ക്രിസ്തു പഠിപ്പിച്ചത്. സ്നേഹിക്കുന്നവരെ മാത്രമല്ല ശത്രുക്കളെയും സ്നേഹിക്കണം. അപ്പോഴാണു ഭൂമിയിൽ സ്വർഗരാജ്യം വരികയെന്നും ആ വാക്കുകൾ ജനങ്ങളെ ഓർമിപ്പിച്ചു.
എല്ലാ യുദ്ധവും നാശത്തിൽ മാത്രമേ കലാശിച്ചിട്ടുള്ളൂ. യുദ്ധങ്ങൾ സത്യത്തിന്റെ മരണത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. മനാമയിലെ സാക്കിർ കൊട്ടാരത്തിൽ നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു. അൽ അസറിലെ ഗ്രാൻഡ് ഇമാമുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തി. മുസ്‌ലിം രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ സന്ദർശന ലക്ഷ്യം.