പേൾ ഖത്തറിൽ ആഡംബര വീട് സ്വന്തമാക്കി സെയ്ഫ് അലി ഖാൻ

Mail This Article
ദോഹ ∙ ഖത്തറിലെ ആഡംബര പാർപ്പിട സമുച്ചയമായ പേൾ ഖത്തറിലെ സെന്റ് റെജിസ് മാർസ അറേബ്യ ദ്വീപിൽ വീട് സ്വന്തമാക്കി ബോളിവുഡ് നടനും ചലച്ചിത്ര നിർമാതാവുമായ സെയ്ഫ് അലി ഖാൻ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അൽഫർദാൻ ഗ്രൂപ്പ് മുംബൈയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ദോഹയിലെ അൾട്രാ-ആഡംബര ബ്രാൻഡഡ് റെസിഡൻസുകളിൽ പുതിയ വീട് വാങ്ങിയിരിക്കുകയാണ്.
സെന്റ് റെജിസ് റെസിഡൻസസിൽ നിക്ഷേപം നടത്താനും ഖത്തറിനെ തന്റെ രണ്ടാമത്തെ വീടാക്കി മാറ്റാനുമുള്ള തന്റെ തീരുമാനത്തിന്റെ ഭാഗമായാണ് പ്രോപ്പർട്ടി വാങ്ങിയതെന്നാണ് സെയ്ഫ് അലി ഖാന്റെ പ്രതികരണം.
“ധാരാളം യാത്ര ചെയ്യുകയും ആഡംബരത്തെ വിലമതിക്കുകയും ചെയ്യുന്ന ഒരാൾ എന്ന നിലയിൽ, ഖത്തറിലെ സെന്റ് റെജിസ് റെസിഡൻസസ് ശരിയായ തിരഞ്ഞെടുപ്പായി തോന്നി. ഇത് ഒരു വീട് മാത്രമല്ല; ഇത് ഒരു ലൈഫ് സ്റ്റൈൽ ഡെസ്റ്റിനേഷൻ കൂടിയാണ് സെയ്ഫ് അലിഖാൻ പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളും ഞാൻ സന്ദർശിച്ചിട്ടുണ്ട്, പക്ഷേ ഖത്തർ സവിശേഷമായ ചിലത് നൽകുന്നുണ്ട്. സമാധാനം, സുരക്ഷ, പരിഷ്കൃതമായ ആധുനിക ജീവിതം. ഇന്ത്യയുമായുള്ള അതിന്റെ സാമീപ്യം അതാണ് ഖത്തറിനെ എനിക്കും എന്റെ കുടുംബത്തിനും അനുയോജ്യമായ ഒരു സ്ഥലമാക്കി മാറ്റിയത്, അദ്ദേഹം വ്യക്തമാക്കി.

ഒരു ദ്വീപിനുള്ളിലെ ഒരു ദ്വീപ് എന്ന ആശയം വളരെ ആഡംബരപൂർണ്ണവും മനോഹരവുമാണ്, അത് ജീവിക്കാൻ വളരെ മനോഹരമായ ഒരു സ്ഥലമാണ്. കാഴ്ചകൾ, ഭക്ഷണം, ജീവിതശൈലി, ജീവിത വേഗത എന്നിവയാണ് എന്റെ തീരുമാനത്തിലേക്ക് നയിച്ച ചില കാര്യങ്ങൾ." സെയ്ഫ് കൂട്ടിച്ചേർത്തു. ദോഹയിലെ ഒരു ഷൂട്ടിങ്ങിനിടെ പ്രോപ്പർട്ടിയിൽ താമസിച്ചതിനെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു.