ദുബായ് വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകൾ കൂടുതൽ സ്മാർട്ടായി

Mail This Article
ദുബായ് ∙ ദുബായ് വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകൾ കൂടുതൽ സ്മാർട്ടായി. സ്മാർട് ഗേറ്റുകളുടെ ശേഷി 10 മടങ്ങ് വർധിപ്പിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ദുബായ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു. നിർമിത ബുദ്ധി(എഐ)യുടെ സഹായത്തോടെ ഇവിടുത്തെ സ്മാർട്ട് പാതകൾക്ക് ഒരേസമയം 10 യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ നിലവിൽ സാധിക്കും.
ദുബായ് എഐ വാരാചരണത്തിന്റെ ഭാഗമായി ദുബായ് ജിഡിആർഎഫ്എ സംഘടിപ്പിക്കുന്ന രാജ്യാന്തര എഐ കോൺഫറൻസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈ സംവിധാനം യാത്രക്കാർക്ക് സ്പർശനരഹിതവും വേഗത്തിലുമുള്ള എമിഗ്രേഷൻ നടപടിക്രമങ്ങൾ ഉറപ്പാക്കുന്നു. യുഎഇ ഒരു ആഗോള ഇന്നൊവേഷൻ ഹബ്ബായി വളർന്നിരിക്കുന്നു. ഇവിടെ ആശയങ്ങൾ യാഥാർഥ്യമാക്കുകയും ലോകോത്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുന്നു. ഭാവി രൂപപ്പെടുത്തുന്നതിൽ ദുബായിക്ക് പങ്കുണ്ട്.

ദുബായിയെ ഒരു "ജീവനുള്ള ലബോറട്ടറി" എന്ന് വിശേഷിപ്പിച്ച അൽ മർറി, ഇവിടെ സർക്കാർ നയങ്ങൾ പ്രഫഷനൽ മാതൃകകളായി മാറുകയും സാങ്കേതികവിദ്യകൾ യഥാർഥ ലോകത്ത് പരീക്ഷിക്കപ്പെടുകയും ചെയ്യുന്നുവെന്നും അഭിപ്രായപ്പെട്ടു. ദുബായ് ഭാവിക്ക് അനുസരിച്ച് മുന്നോട്ട് പോവുക മാത്രമല്ല, അതിനെ രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്നൊവേഷൻസ് ഫോർ ഫോർസൈറ്റ് ഓഫ് പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് ഇംപ്രൂവ്മെന്റ് ഓഫ് ക്വാളിറ്റി എജ്യുക്കേഷൻ എന്ന തലക്കെട്ടിലാണ് ജിഡിആർഎഫ്എയുടെ രാജ്യാന്തര എഐ സമ്മേളനം ദുബായ് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കുന്നത്.

ആദ്യ ദിവസം ലോകത്തെ പ്രമുഖ എഐ വിദഗ്ധരും ഗവേഷകരും പങ്കെടുത്തു. അടുത്ത രണ്ട് ദിവസങ്ങളിൽ അൽ ജാഫിലിയയിലെ ഡയറക്ടറേറ്റ് ആസ്ഥാനത്താണ് സമ്മേളനം. ദുബായിൽ നിന്ന് ലോകത്തിലേക്ക് വിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യയുടെയും നൂതന പ്രയോഗങ്ങൾ പരിചയപ്പെടുത്തുന്ന ഈ ത്രിദിന പരിപാടിയിൽ 200-ലേറെ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
31 സർക്കാർ സ്ഥാപനങ്ങൾ, 55 പ്രാദേശിക, രാജ്യാന്തര സർവ്വകലാശാലകൾ, 32 സ്ഥാപന പങ്കാളികൾ എന്നിവ കൂടാതെ മൈക്രോസോഫ്റ്റ്, ഗൂഗിൾ പോലുള്ള ആഗോള ടെക് ഭീമന്മാരുടെ പ്രതിനിധികൾ ഉൾപ്പെടെ 200-ലേറെ പ്രഭാഷകർ വിവിധ വിഷയങ്ങളിൽ പ്രസംഗിക്കും .500-ൽ അധികം സർക്കാർ, അക്കാദമിക്, സ്വകാര്യ മേഖല പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ ഒട്ടേറെ ഉന്നതതല സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു.
