'തങ്ങളെത്തേടി മാർപാപ്പ എത്തി', എസക്കിയേൽ, ഇതാ പാപ്പയുടെ മുത്തം! ഇടയന്റെ ഓർമകളുടെ വെളിച്ചത്തിൽ മലയാളി കുടുംബങ്ങൾ

Mail This Article
അബുദാബി ∙ അലിവാർന്ന നോട്ടം കൊണ്ടേ ഉള്ളം തൊടുന്ന പാപ്പ, അടുത്തുവന്നു നിന്നാൽ, നനുത്ത മുത്തം തന്നാലെന്തു തോന്നും? ആശ്വാസവും ആഹ്ലാദവും ഇടകലർന്ന ആ നിമിഷത്തിന്റെ ഓർമകളിൽ ഇപ്പോഴും കണ്ണും നിറയും മൂന്നു മലയാളി കുടുംബങ്ങൾക്ക്.
യുഎഇ സന്ദർശന വേളയിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആശീർവാദം നേരിട്ടു ലഭിച്ച മൂന്നു കുഞ്ഞുങ്ങളുടെ കുടുംബങ്ങൾ പാപ്പയുടെ വിയോഗവാർത്തയുടെ വേദനയിലാണ്. 2019 ഫെബ്രുവരി 5ന് രാവിലെ അബുദാബി സെന്റ് ജോസഫ് കത്തീഡ്രലിൽ നൂറോളം രോഗികളെയും കുഞ്ഞുങ്ങളെയും ആശീർവദിക്കാനെത്തിയപ്പോഴാണ് ഇവരും പാപ്പയെ നേരിട്ടു കണ്ടത്.
∙ എസക്കിയേൽ, ഇതാ പാപ്പയുടെ മുത്തം!
തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദെ ദേവൂസ് ഇടവക അംഗങ്ങളാണ് റോഷൻ ആന്റണി ഗോമസ്-ജിജിന ദമ്പതികളും മക്കളായ എലിഷയും എസക്കിയേലും. മൾട്ടിപ്പിൾ ബ്രെയിൻ ഡിസോർഡർ ബാധിതനായ എസക്കിയേലിന് അന്ന് രണ്ടര വയസ്സ്. ദേവാലയത്തിലേക്ക് പ്രവേശിച്ച് ഇരുവശങ്ങളിലെയും ജനങ്ങൾക്ക് അഭിവാദ്യമർപ്പിച്ചും പ്രാർഥിച്ചും മുന്നോട്ടുപോകവെയാണ് മാർപാപ്പ ജിജിനയുടെ കൈകളിൽ കിടക്കുന്ന എസക്കിയേലിനെ കാണുന്നത്. ഉടൻ മാർപാപ്പ അടുത്തെത്തി അവനെ തലോടി കാലുകളിൽ തൊട്ടു പ്രാർഥിക്കുകയും സ്നേഹചുംബനം നൽകുകയും ചെയ്യുകയായിരുന്നു. മാർപാപ്പയെ പോയി കാണാൻ പറ്റാത്ത തങ്ങളെത്തേടി ദൈവനിയോഗം പോലെ പാപ്പ എത്തിയതും അനുഗ്രഹിച്ചതും മറക്കാൻ കഴിയില്ലെന്ന് ജിജിന പറയുന്നു. എസക്കിയേലിന് മാർപാപ്പ മെഡൽ സമ്മാനിക്കുകയും ചെയ്തു.
∙ സ്റ്റീവിനും റയാനും ഹൃദയപൂർവം
സെറിബ്രൽ പാൾസി ബാധിച്ച മകൻ സ്റ്റീവിനൊപ്പമാണ് പത്തനംതിട്ട സ്വദേശി ബൈജു വർഗീസ്-ലിനു ദമ്പതികൾ അന്നു മാർപാപ്പയെ കണ്ടത്. സംസാരിക്കാനോ ചലിക്കാനോ സാധിക്കാത്ത സ്റ്റീവ് വീൽചെയറിലിരുന്നാണ് അനുഗ്രഹം ഏറ്റുവാങ്ങിയത്. കാഞ്ഞിരപ്പള്ളി സ്വദേശി ആൻറണി ജോസഫിന്റെയും ഏറ്റുമാനൂർ സ്വദേശി ഡെയ്സിമോളുടെയും മകൻ റയാനും മാർപാപ്പയെ കാണാൻ അവസരം ലഭിച്ചിരുന്നു. ഓട്ടിസം ബാധിതനാണ് റയാൻ. പ്രായമായവരും ഗായക സംഘാംഗങ്ങളുമടക്കം മാർപാപ്പയെ നേരിൽ കാണാൻ അവസരം ലഭിച്ച മലയാളികളുമുണ്ട്. അവരെല്ലാം ഇപ്പോൾ കത്തീഡ്രലിൽ മാർപാപ്പയുടെ ഛായാചിത്രത്തിനു മുന്നിൽ പ്രാർഥിക്കാനെത്തുന്നു.