രാജ്യത്തിന്റെ സങ്കടം നെഞ്ചിലേറ്റി ജിദ്ദയിൽനിന്ന് മോദിയുടെ മടക്കം; സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഇന്ത്യയിൽ

Mail This Article
ജിദ്ദ ∙ നാൽപ്പത്തിമൂന്നു വർഷത്തിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ജിദ്ദയിലേക്ക് എത്തുന്നതിന്റെ ആവേശത്തിമിർപ്പിലായിരുന്നു ജിദ്ദയിലെ പ്രവാസികൾ. പ്രധാനമന്ത്രിയുമായി സംവദിക്കാൻ വലിയ പൊതുപരിപാടികൾ ഇല്ലെങ്കിലും തങ്ങൾ ജീവിക്കുന്ന ദേശത്ത് പ്രധാനമന്ത്രി രണ്ടു ദിവസം ചെലവിടുന്ന ആഹ്ലാദത്തിലായിരുന്നു എല്ലാവരും.
പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ഗൾഫടക്കം ലോകത്തിലെ വിവിധ കോണുകളിൽനിന്നുള്ളവർ ഏറെ പ്രാധാന്യത്തോടെ നോക്കിയിരിക്കെയാണ് കശ്മീരിൽ ഭീകരാക്രണമുണ്ടായി എന്ന വാർത്ത പുറത്തുവന്നത്. ലോകത്താകമാനം പരന്ന സങ്കടത്തിന്റെ അലയൊലി ജിദ്ദയിലുമുണ്ടായി. രണ്ടു ദിവസത്തെ സന്ദർശനം ഏതാനും മണിക്കൂറുകൾ മാത്രമാക്കി മോദി തിരിച്ചുപോയി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ചർച്ച നടത്തി നിരവധി കരാറുകൾ ഒപ്പിട്ട മോദി ജിദ്ദയിലെ കൊട്ടാരത്തിൽ ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്തില്ല. ഇന്ന് രാവിലെ ജിദ്ദയിലെ ഈന്തപ്പഴ ഫാക്ടറിയിലെ ഇന്ത്യൻ തൊഴിലാളികളെ സന്ദർശിക്കാനും പ്രധാനമന്ത്രിക്ക് പദ്ധതിയുണ്ടായിരുന്നു. ഇന്നത്തെ മുഴുവൻ പരിപാടികളും റദ്ദാക്കിയാണ് അദ്ദേഹം മടങ്ങിയത്.
രാത്രി പതിനൊന്നുമണിയോടെ അദ്ദേഹം ജിദ്ദയിൽനിന്ന് ഇന്ത്യയിലേക്ക് തിരിച്ചു. ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് സൗദിയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരമാണ് രാജ്യം ഒരുക്കിയത്. ആകാശത്തുനിന്നു തന്നെ സൗദി പോർവിമാനങ്ങളുടെ അകമ്പടിയോടെയാണ് മോദി ജിദ്ദയിൽ ഇറങ്ങിയത്. വിമാനതാവളത്തിൽ സ്വീകരിക്കാൻ നിരവധി പ്രമുഖരുമെത്തി.

ജിദ്ദ വിമാനതാവളത്തിൽനിന്ന് നേരെ റിറ്റ്സ് കാൾട്ടൻ ഹോട്ടലിൽ എത്തിയ പ്രധാനമന്ത്രിക്ക് അവിടെയും ഊഷ്മള സ്വീകരണമാണ് ഒരുക്കിയിരുന്നത്. നൃത്തനൃത്യങ്ങളും പാട്ടുമായി മോദിയെ ജിദ്ദ വരവേറ്റു. എന്നാൽ ഏതാനും മണിക്കൂറുകൾക്കകം ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ അതിക്രൂരമായ ഭീകരാക്രമണത്തിന്റെ വാർത്ത പുറത്തുവന്നു. ഇതോടെ സന്തോഷം സങ്കടത്തിന് വഴിമാറി.
വൈകിട്ടാണ് മോദി ജിദ്ദയിലെ അൽ സലാമ കൊട്ടാരത്തിൽ എത്തിയത്. മോദിയെ സ്വീകരിക്കാനായി കൊട്ടാരത്തിന് പുറത്തേക്ക് ഇറങ്ങി വന്ന മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അദ്ദേഹത്തെ ഏറെ നേരം ആശ്ലേഷിച്ചു. തുടർന്ന് ഇരുവരും കൊട്ടാരത്തിന്റെ അകത്തളത്തിലേക്ക് നടന്നുപോയി. ഭീകരവാദത്തിന് എതിരായ പോരാട്ടം ഒന്നിച്ചു നയിക്കാമെന്നും ഇന്ത്യയുടെ സങ്കടത്തിൽ പങ്കു ചേരുന്നതായും കിരീടാവകാശി പറഞ്ഞു.
ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിലിന്റെ (എസ്.പി.സി) രണ്ടാമത്തെ യോഗമാണ് ഇന്നലെ ജിദ്ദ അൽ സലാമ കൊട്ടാരത്തിൽ നടന്നത്. കൗൺസിലിന്റെ അടുത്ത യോഗത്തിൽ പങ്കെടുക്കാൻ മുഹമ്മദ് ബിൻ സൽമാനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

∙ ഒപ്പുവച്ചത് നിരവധി കരാറുകൾ
രാഷ്ട്രീയം, പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ, കൃഷി, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ വിവിധ മേഖലകളെ ഉൾക്കൊള്ളുന്ന കരാറുകൾ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
കുറച്ച് വർഷങ്ങളായി സംയുക്ത സൈനികാഭ്യാസങ്ങൾ, പരിശീലന പരിപാടികൾ, പ്രതിരോധ വ്യവസായത്തിലെ സഹകരണം എന്നിവ ഉൾപ്പെടെയുള്ള മേഖലകളിലെ പങ്കാളിത്തം യോഗം വിലയിരുത്തി. സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിലിന്റെ (എസ്‌പിസി) കീഴിൽ പുതിയ മന്ത്രിതല പ്രതിരോധ സഹകരണ കമ്മിറ്റി സ്ഥാപിക്കാൻ തീരുമാനിച്ചു. ഇതിന് പുറമെ, ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി, എസ്‌പിസിയുടെ കീഴിൽ ഒരു പുതിയ മന്ത്രിതല ടൂറിസം, സാംസ്കാരിക സഹകരണ കമ്മിറ്റി സ്ഥാപിക്കാൻ തീരുമാനിച്ചു.
ഇന്ത്യ-സൗദി അറേബ്യ സഹകരണ കൗൺസിലിന് കീഴിൽ രാഷ്ട്രീയം, കോൺസുലാർ, സുരക്ഷാ സഹകരണം, പ്രതിരോധ സഹകരണം, സാമ്പത്തിക, ഊർജ്ജ, നിക്ഷേപ, സാങ്കേതിക കമ്മിറ്റി, ടൂറിസം, സാംസ്കാരിക സഹകരണ കമ്മിറ്റി തുടങ്ങിയ സമിതികൾ രൂപീകരിക്കും. നിക്ഷേപമേഖലയിൽ ശ്രദ്ധ പതിപ്പിക്കുന്നതിന് ഹൈ ലെവൽ ടാസ്ക് ഫോഴ്സ് ഓൺ ഇൻവെസ്റ്റ്‌മെന്റ് (എച്ച്എൽടിഎഫ്) സമിതിയും രൂപീകരിക്കും.
ഊർജ്ജം, പെട്രോകെമിക്കൽസ്, അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, ഫിൻടെക്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ടെലികമ്മ്യൂണിക്കേഷൻസ്, ഫാർമസ്യൂട്ടിക്കൽസ്, മാനുഫാക്ചറിംഗ്, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഇന്ത്യയിൽ 100 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയെ അടിസ്ഥാനമാക്കി, സംയുക്ത ഹൈ-ലെവൽ ടാസ്ക് ഫോഴ്സ് ഓൺ ഇൻവെസ്റ്റ്‌മെന്റിന് വിവിധ മേഖലകളിൽ ധാരണയിലെത്തി. ഇന്ത്യയിൽ രണ്ട് എണ്ണ ശുദ്ധീകരണ ശാലകൾ സൗദി അറേബ്യ നിർമിക്കും.
സൗദി ബഹിരാകാശ ഏജൻസിയും ഇന്ത്യൻ ബഹിരാകാശ വകുപ്പും തമ്മിൽ സമാധാന ആവശ്യങ്ങൾക്കായുള്ള ബഹിരാകാശ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനും കരാർ ഒപ്പിട്ടു. ആരോഗ്യ മന്ത്രാലയങ്ങൾ തമ്മിൽ സഹകരണ കരാർ ഒപ്പിട്ടു.
സൗദി അറേബ്യൻ ആന്റി-ഡോപ്പിംഗ് കമ്മിറ്റി (എസ്എഎഡിസി)യും ഇന്ത്യയുടെ നാഷനൽ ആന്റി-ഡോപ്പിംഗ് ഏജൻസി (എൻഎഡിഎ)യും തമ്മിൽ ആന്റി-ഡോപ്പിംഗ് വിദ്യാഭ്യാസവും പ്രതിരോധവും സംബന്ധിച്ച് സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പിട്ടു. സൗദി പോസ്റ്റ് കോർപ്പറേഷൻ (എസ്‌പിഎൽ)ഉം ഇന്ത്യൻ തപാൽ വകുപ്പും തമ്മിൽ സഹകരണ കരാർ ഒപ്പിട്ടു. സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പേയ്‌മെന്റ് ഗേറ്റ്‌വേകൾ ബന്ധിപ്പിക്കുന്നതിനും പ്രാദേശിക കറൻസികളിൽ വ്യാപാരം നടത്തുന്നതിനുള്ള ഗേറ്റ് വേ തുറക്കാനും പ്രധാനമന്ത്രി നിർദേശിച്ചു.