ഭാര്യയുടെ പിറന്നാളിന് മൂന്നു മാസത്തിനിടെ രണ്ട് ഗിന്നസ് റെക്കോർഡുകൾ സമ്മാനിച്ച് കണ്ണൂരുകാരൻ

Mail This Article
ദുബായ് ∙ ഭാര്യ പിറന്നാൾ സമ്മാനമായി ഗിന്നസ് റെക്കോർഡ് ആവശ്യപ്പെട്ടാൽ എന്തു ചെയ്യും, അതും ദേശവും ഭാഷയുമെല്ലാം അതിജീവിച്ച് സ്വന്തമാക്കിയ പ്രണയിനിയാണ് ഭാര്യയെങ്കിൽ. ഒരു ഗിന്നസ് റെക്കോർഡ് അല്ല, മൂന്നു മാസത്തിനിടെ രണ്ട് ഗിന്നസ് റെക്കോർഡുകളാണ്, ഇതല്ല ഇതിനപ്പുറവും ചാടിക്കടന്നവനാണീ കണ്ണൂരുകാരൻ എന്ന ലാഘവത്തോടെ നികേഷ് കോട്ടൂർ പടിക്കൽ എന്ന നിക്കി ഭാര്യ സമ്രീന് സമ്മാനിച്ചത്. 2024 നവംബർ 23 ന്, ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ 7 എമിറേറ്റുകളിലൂടെ ഓടി കടന്നുപോയതിനും, 2025 ജനുവരി 12 ന് നഗ്നപാദനായി 10 കിലോ ഭാരവുമായി ഏറ്റവും വേഗത്തിൽ 10 കിലോമീറ്റർ ഓടി പൂർത്തിയാക്കിയതിനുമാണ് നികേഷിന് ഗിന്നസ് റെക്കോർഡുകൾ ലഭിച്ചത്.
∙ ബോഡി ബിൽഡിങ്ങിൽ നിന്ന് മാരത്തൺ റണ്ണറിലേക്ക്
ഏഴുവർഷം മുൻപാണ് യുഎഇയിലെത്തുന്നത്. കണ്ണൂരിൽ ബോഡി ബിൽഡിങ് മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. 2010, 2011 വർഷങ്ങളിൽ കണ്ണൂർ ജില്ലാ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ വിജയിയായിരുന്നു. ആ അനുഭവപരിചയം ജീവനോപാധിയാകുമെന്ന പ്രതീക്ഷയോടെയാണ് 2017 ൽ യുഎഇയിലെത്തിയത്. ഇവിടെയെത്തിയപ്പോൾ സുഹൃത്താണ് ദുബായ് മൊഹ്സീനയിൽ ഒരു ജിം തുടങ്ങുന്നുവെന്ന കാര്യം പറഞ്ഞത്. അവിടെ ജോലിക്കപേക്ഷിച്ചു, പരിശീലകനായി. നിലവിൽ വിവിധ ജിമ്മുകളിൽ സ്വതന്ത്ര പരിശീലകനായാണ് ജോലി ചെയ്യുന്നത്.
2023 ലാണ് ഓട്ടമെന്നതിലേക്ക് വരുന്നത്. ബോഡി ബിൽഡിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതുകൊണ്ടുതന്നെ അത്ര എളുപ്പമായിരുന്നില്ല ഓട്ടപരിശീലനം. കേരളാ റൈഡേഴ്സ്, ട്രയൽ റണ്ണേഴ്സ് ഡിഎക്സ്ബി, പീക്ക് സ്പോർട്സ് കൂട്ടായ്മയ്ക്കൊപ്പം, സുഹൃത്തുക്കളാണ് പിന്തുണ നൽകിയത്. 2023 ഓഗസ്റ്റ് 15 ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരത്തിൽ ഓടിയെങ്കിലും, ഓട്ടം പൂർത്തിയായപ്പോഴേക്കും തളർന്നുവീണു. ഇനിയൊരിക്കലും ഈ പരിപാടിക്കില്ലെന്ന് മനസ്സിൽ കുറിച്ചുവെങ്കിലും സുഹൃത്തുക്കളുടെ പ്രോത്സാഹനത്തിൽ ഓട്ടം തുടർന്നു. ഓരോ ആഴ്ചയിലും താൽപര്യമുള്ളവർക്ക് പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ ഓട്ടമത്സരങ്ങളും പരിശീലനവും കേരളാ റൈഡേഴ്സ് സംഘടിപ്പിക്കാറുണ്ട്. അതിന്റെ ഭാഗമായതോടെ ഓട്ടം ജീവിതചര്യയായി.

∙ജിമ്മിലെ പ്രണയം
നികേഷ് പരിശീലകനായിരുന്ന ജിമ്മിൽ വച്ചാണ് മുംബൈ സ്വദേശിനിയായ സമ്രീൻ അബ്ദുൾ അഹമ്മദ് ഷെയ്ഖ്, നികേഷിന്റെ മനസ്സിലേക്ക് കയറുന്നത്. പരിചയം പ്രണയമായി. മതവും ജാതിയും ഭാഷയുമെല്ലാം വെല്ലുവിളിയായെങ്കിലും അതെല്ലാം അതിജീവിച്ച് 2019 ൽ സമ്രീനെ ജീവിത സഖിയാക്കി.
∙പാതിവഴിയിൽ ഉപേക്ഷിച്ച ഗിന്നസ് ശ്രമം
2024 ഫെബ്രുവരിയിൽ യുഎഇയിലെ ഏഴ് എമിറേറ്റുകളിലൂടെ ഓടി ഗിന്നസ് റെക്കോർഡിനായി ശ്രമിച്ചിരുന്നു. കാലിൽ പരുക്കേറ്റതിനെ തുടർന്ന് 450 കിലോമീറ്റർ നടന്നതിന് ശേഷം ഷാർജയിൽ മംസാറിൽ വച്ച് ശ്രമം ഉപേക്ഷിച്ചു. മനസ്സിൽ വലിയ വേദനയായി മാറി ആ സംഭവം. സ്പോൺസറൊന്നും ഇല്ലാതിരുന്ന അക്കാലത്ത് പൊട്ടിപ്പൊളിഞ്ഞൊരു ഷൂസും കുറച്ച് നട്സുമെടുത്താണ് യാത്രയ്ക്ക് ഒരുങ്ങിയത്. കൃത്യമായ പരിശീലകനോ ഭക്ഷണമോ ഇല്ലായിരുന്നുവെങ്കിലും ഇച്ഛാശക്തിയും ഒപ്പം ഭാര്യ സമ്രീന്റെയും സുഹൃത്തുക്കളുടെയും പിന്തുണയിലുമാണ് ഉദ്യമത്തിന് ഇറങ്ങിയത്. അന്ന് ലക്ഷ്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും ഗിന്നസ് റെക്കോർഡ് സ്വന്തം പേരിൽ എഴുതിച്ചേർക്കണമെന്നത് നികേഷിന്റെ ഉറച്ച തീരുമാനമായിരുന്നു.

∙പിറന്നാളിന് സമ്മാനമായി വേണം, ഗിന്നസ് റെക്കോർഡ്
നവംബർ 16 നാണ് സമ്രീന്റെ ജന്മദിനം. ജന്മദിനത്തിന് സമ്മാനമായി, ഒരിക്കൽ പാതി വഴിയിൽ നിന്നുപോയ ഗിന്നസ് റെക്കോർഡ് എന്ന സ്വപ്നമാണ് സമ്രീൻ ആവശ്യപ്പെടുന്നത്. ആദ്യമായിട്ടാണ് സമ്രീൻ തന്നോട് ഒരു കാര്യം ആവശ്യപ്പെടുന്നത്, അപ്പോൾ നൽകാതിരിക്കുന്നതെങ്ങനെ. തീവ്രമായി ആഗ്രഹിച്ചാൽ അത് നടപ്പിലാക്കാൻ ലോകം മുഴുവൻ കൂടെ നിൽക്കുമെന്നല്ലേ, നികേഷിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. ആറുമാസത്തോളം കഠിനമായി പരിശീലിച്ചു. ദിവസേന രാവിലെ 4 മണി മുതൽ 6 മണി വരെ ഓട്ടം പരിശീലിച്ചു. മലമുകളിലും, ഭാരമെടുത്തുമെല്ലാം ഓട്ടപരിശീലനം നടത്തി. ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ കൊടുത്തു. 2024 നവംബർ 23 നാണ് ഗിന്നസ് റെക്കോർഡിനായുള്ള ശ്രമം ആരംഭിച്ചത്.
∙5 ദിവസം 625 കിലോമീറ്റർ, എളുപ്പമല്ല ഗിന്നസ് റെക്കോർഡ്
അബുദാബി മുതൽ ദുബായ് വരെയുള്ള 400 കിലോമീറ്റർ ബ്രൗൺ ബ്രെഡും പഴവും കഴിച്ചാണ് ഓടിയത്. താൻ ഓടുമ്പോൾ തനിക്ക് പുറകിൽ, വാടകയ്ക്ക് എടുത്ത ഫോർച്യൂണറുമായി ഭാര്യയും അനുഗമിച്ചു. രാത്രിയിൽ വാഹനത്തിലും വഴിയിലെ പെട്രോൾ പമ്പുകളിലും ട്രക്കുകൾക്കുള്ള വിശ്രമ കേന്ദ്രങ്ങളിലുമെല്ലാം കിടന്നുറങ്ങി. ദുബായിലെത്തിയതോടെ സുഹൃത്തുക്കളുടെ പിന്തുണ ലഭിച്ചു. പിന്നീടുള്ള യാത്രകളിൽ തളരാതെ കാത്തത് സുഹൃത്തുക്കളാണ്.

കാലിൽ മുറിവുണ്ടായെങ്കിലും പിന്തിരിഞ്ഞില്ല. 25 കിലോമീറ്ററോളം ഷൂസ് ഇടാതെയാണ് ഓടിയത്. പണം ഉൾപ്പെടെയുള്ള സഹായങ്ങളും സുഹൃത്തുക്കളിൽ നിന്ന് ലഭിച്ചു, പണത്തിന്റെ കടം കൊടുത്തു വീട്ടാം, പക്ഷേ നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും താനെന്നും അവരോട് കടപ്പെട്ടിരിക്കും, നികേഷ് പറയുന്നു. ഇതിനു മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയവരിൽ മൂന്നു പേരും ബ്രിട്ടീഷ് പൗരന്മാരാണ്. അതുകൊണ്ടുതന്നെ നികേഷ് ഈ നേട്ടം സ്വന്തമാക്കിയതിൽ അഭിമാനമുണ്ടെന്ന് ഭാര്യ സമ്രീൻ പറയുന്നു.
പങ്കാളിയെന്ന നിലയിൽ അവരുടെ സ്വപ്നങ്ങൾക്കൊപ്പം നിൽക്കുമ്പോഴല്ലേ, ജീവിതം സുന്ദരമാകുന്നത്. വിവാഹത്തിന് മുൻപും തങ്ങൾ സുഹൃത്തുക്കളായിരുന്നു, ഇപ്പോഴും അതേ, അതാണ് ജീവിതത്തിന്റെ വിജയ രഹസ്യം. നികേഷിന് കുട്ടികളെ പരിശീലിപ്പിക്കാൻ താൽപര്യമുണ്ട്. ഭാവിയിൽ തിളങ്ങണമെങ്കിൽ കുട്ടികളായിരിക്കുമ്പോൾ തന്നെ കൃത്യമായ പരിശീലനം ആവശ്യമാണ്, പരിശീലകനെന്ന നിലയിൽ നികേഷിന് ഇനിയും തിളങ്ങാനാകും, സമ്രീന്റെ കണ്ണിൽ പ്രണയത്തിളക്കം.
∙ഗിന്നസ് റെക്കോർഡിന് കടമ്പകളേറെ
ഓടിയ വഴിയിലൂടെ ജിപിഎസ് റെക്കോർഡ് ഗിന്നസ് അധികൃതർക്ക് സമർപ്പിക്കണം. ഹൃദയമിടിപ്പ് ഉൾപ്പെടെയുള്ളവ കൃത്യമായി പരിശോധിക്കും. ജിപിഎസ് ട്രാക്കറിൽ കൂടുതൽ വ്യക്തതയ്ക്കായി ഉപയോഗിച്ച വാച്ചിന്റെ കമ്പനിയിൽ ചെന്ന് വിവരങ്ങൾ ശേഖരിച്ച് സമർപ്പിച്ചു. വിശ്രമം, കൂടെയുണ്ടായിരുന്നവരുടെ സാക്ഷ്യപത്രം, വിഡിയോ, വഴിയിലുണ്ടായിരുന്ന സാക്ഷികൾ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെയെല്ലാം സാക്ഷ്യപത്രം രേഖകൾക്കൊപ്പം സമർപ്പിച്ചു. ആവശ്യമെങ്കിൽ ഇവരെ വിളിച്ച് ഗിന്നസ് റെക്കോർഡ് അധികൃതർ കാര്യങ്ങൾ അന്വേഷിക്കും.
ഈ കടമ്പകൾ എല്ലാം കടന്നാണ് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഏഴ് എമിറേറ്റുകളിലൂടെ കടന്നുപോയതിനുള്ള ഗിന്നസ് റെക്കോർഡ് നികേഷ് സ്വന്തമാക്കുന്നത്. 5 ദിവസം 15 മണിക്കൂർ 53 മിനിറ്റിലാണ് യുഎഇയിലെ ഏഴ് എമിറേറ്റുകളിലൂടെയും നികേഷ് കടന്നുപോയത്. 2024 നവംബർ 23 ന് വൈകീട്ട് ആറ് മണിക്ക് അൽ ഗുഐഫാത്തിൽ നിന്ന് ആരംഭിച്ച ഉദ്യമം നവംബർ 29 ന് ഫുജൈറ ദിബ്ബയിലാണ് പൂർത്തിയായത്. 625 കിലോമീറ്ററാണ് നടന്ന ദൂരം.
∙ദുബായ് മാരത്തണിലും ഗിന്നസ് റെക്കോർഡിന്റെ തിളക്കം
ദുബായ് മാരത്തണിൽ 2025 ജനുവരി 12 ന് നഗ്നപാദനായി 10 കിലോ ഭാരവുമായി ഏറ്റവും വേഗത്തിൽ 10 കിലോമീറ്റർ ഓടി പൂർത്തിയാക്കിയതിനാണ് നികേഷിന് രണ്ടാം ഗിന്നസ് റെക്കോർഡ് ലഭിച്ചത്. 47 മിനിറ്റുകൊണ്ടാണ് 10 കിലോമീറ്റർ പൂർത്തിയാക്കിയത്. തയാറെടുപ്പുകളില്ലാതെയാണ് ഈ ഗിന്നസ് റെക്കോർഡിലേക്ക് എത്തിയത്. ദുബായ് മാരത്തണിൽ പങ്കെടുക്കാനുള്ള ആഗ്രഹത്തോടെയാണ് റജിസ്ട്രേഷൻ ചെയ്യാൻ ശ്രമിച്ചത്. എന്നാൽ പങ്കെടുക്കുന്നവർ ഫീസ് അടയ്ക്കണമെന്നുള്ളതുകൊണ്ട് ആ മോഹം ഉപേക്ഷിച്ചു.
ആ സമയത്ത്, മാരത്തണിനൊപ്പം ഗിന്നസ് റെക്കോർഡ് ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ ഒരുകൈ നോക്കാമെന്ന് ഉറപ്പിച്ചു. ഗിന്നസ് റെക്കോർഡ് അധികൃതരുമായി സംസാരിച്ചപ്പോഴാണ് ഇത്തരത്തിലൊരു ആശയം പറയുന്നത്. ശ്രമിച്ചുനോക്കാമെന്ന് ഉറച്ചു, ഗിന്നസ് റെക്കോർഡ് കയ്യിലുമെത്തി. ഇനി വലിയൊരു സ്വപ്നമുണ്ട്. 1000-2000 കിലോമീറ്റർ ഓട്ടം. അതിന് കൃത്യമായ പരിശീലനം, സാമ്പത്തികവുമെല്ലാം അനുകൂലമാകണം. അതിലേക്കുള്ള ചുവടുവയ്പ്പിലാണ് നിക്കിയും സമ്രീനും.