രാജ്യാന്തര യാത്രയിൽ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഹമദ് വിമാനത്താവളം

Mail This Article
ദോഹ ∙ 2024 ലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഹമദ് രാജ്യാന്തര വിമാനത്താവളവും. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എസിഐ) വേൾഡ് റിപ്പോർട്ട് അനുസരിച്ചാണ് 2024-ൽ ഏറ്റവും കൂടുതൽ രാജ്യാന്തര യാത്രക്കാർ ഉപയോഗിച്ച വിമാനത്താവളങ്ങളിൽ പത്താം സ്ഥാനമാണ് ഹമദ് രാജ്യാന്തര വിമാനത്താവളം കരസ്ഥമാക്കിയത്.
2024-ൽ ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളം വഴിയുള്ള രാജ്യാന്തര യാത്രക്കാരുടെ എണ്ണം 52,714,976 ആയി ഉയർന്നുവെന്ന് എസിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് 2023-നെ അപേക്ഷിച്ച് 14.8% വർധനവും 2019-നെ അപേക്ഷിച്ച് 35.9% വർധനവുമാണ്. ഇതോടെ തിരക്കേറിയ വിമാനത്താവളങ്ങളുടെ ആദ്യ പത്തിൽ ഹമദ് രാജ്യാന്തര വിമാനത്താവളവും ഇടം പിടിക്കുകയായിരുന്നു.
2024-ലെ കണക്കനുസരിച്ച്, രാജ്യാന്തര വിമാന സർവീസുകൾ കൈകാര്യം ചെയ്യുന്നതിനായി ആഗോളതലത്തിൽ ഏകദേശം 4,300 രാജ്യാന്തര വിമാനത്താവളങ്ങളാണുള്ളത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങൾ 855 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്നതായും ഇത് ആഗോള ഗതാഗതത്തിന്റെ ഒൻപത് ശതമാനമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

എയർ കാർഗോയുടെ കാര്യത്തിലും ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രകടനവും മെച്ചപ്പെട്ടിട്ടുണ്ട്. 2024-ൽ 2,616,849 മെട്രിക് ടൺ കാർഗോ കൈകാര്യം ചെയ്തു. ലോകത്തെ തിരക്കേറിയ കാർഗോ വിമാനത്താവളങ്ങളിൽ എട്ടാം സ്ഥാനത്താണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ സ്ഥാനം. 2023-നെ അപേക്ഷിച്ച് 11.1% വർധനയും 2019-നെ അപേക്ഷിച്ച് 18.1% വർധനവുമാണ് രേഖപ്പെടുത്തിയത്. തുടർച്ചയായ പതിനൊന്നാം വർഷവും മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന പദവി ഹമദ് രാജ്യാന്തര വിമാനത്താവളം നിലനിർത്തി.