ഒമാനിലെ വിമാനത്താവളങ്ങളില്‍ ചെക്ക്-ഇന്‍ കൗണ്ടറുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കും

Mail This Article
മസ്‌കത്ത് ∙ ഒമാനിലെ വിമാനത്താവളങ്ങളില്‍ ചെക്ക്-ഇന്‍ കൗണ്ടറുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് ആക്ടിങ് സിഇഒ എന്‍ജി. ഹമൂദ് അല്‍ അലവി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൂടുതല്‍ ജീവനക്കാരെ ചെക്ക് ഇന്‍ കൗണ്ടറുകളില്‍ വിന്യസിക്കും. വിമാനത്താവളത്തിലെ നിരീക്ഷണ സംവിധാനങ്ങള്‍ വഴി സമയവും ക്യൂവിലുള്ള യാത്രക്കാരെയും നിരീക്ഷിച്ചാണ് കൂടുതല്‍ സ്റ്റാഫിനെ വിന്യസിക്കുക.
കാത്തിരിപ്പ് സമയം കുറവാണെങ്കില്‍ നീണ്ട ക്യൂകള്‍ ഒരു ആശങ്കയല്ല. എന്നാല്‍ ക്യൂവും കാത്തിരിപ്പും നീളമുള്ളതാകുന്നത് സ്വീകാര്യമാകുന്നതല്ല. അത് കുറയ്ക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പഴയ മസ്‌കത്ത് വിമാനത്താവളത്തിന്റെ ഭാവിയെ കുറിച്ചും എന്‍ജി. ഹമൂദ് അല്‍ അലവി വിശദീകരിച്ചു. വിമാനത്താവളത്തിന്റെയും ചുറ്റുമുള്ള ഭൂമിയുടെയും അടിസ്ഥാന സൗകര്യ വികസനത്തിനായി നിരവധി ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ വലിയ തോതില്‍ ഉപയോഗിക്കാതിരുന്ന പരിസര പ്രദേശം ഇപ്പോള്‍ വിവിധ നിക്ഷേപ അവസരങ്ങള്‍ക്കായി ഉറ്റുനോക്കുകയാണ്. പഴയ വിമാനത്താവളത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം ഉപയോഗപ്പെടുത്തി മത്സ്യ കയറ്റുമതിയെ പിന്തുണയ്ക്കുന്നതിനായി ഒരു പ്രത്യേക കമ്പനി സ്ഥാപിക്കുക എന്നതാണ് പരിഗണനയിലുള്ള ഒരു നിര്‍ദേശമെന്നും എന്‍ജി. ഹമൂദ് അല്‍ അലവി വ്യക്തമാക്കി.