ADVERTISEMENT

അബുദാബി ∙ എയർ ടാക്സിയിൽ പറപറക്കാൻ മാസങ്ങൾ ശേഷിക്കെ ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം നൽകി യുഎഇ. സായിദ് പോർട്ടിൽ അബുദാബി ക്രൂസ് ടെർമിനലിലെ ഹെലിപോർട്ടുകൾക്കാണ് അനുമതി ലഭിച്ചതെന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. 2026ൽ എയർടാക്സി സർവീസ് തുടങ്ങുന്നതിനു മുന്നോടിയായാണ് ഹെലിപോർട്ടുകൾക്ക് അംഗീകാരം നൽകിയത്.

യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷന്റെ മിഡ്നൈറ്റ് ഫ്ലയിങ് ടാക്സി പോലുള്ള പരമ്പരാഗത ഹെലികോപ്റ്ററുകളും ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിങ് (ഇവിടിഒഎൽ) വിമാനങ്ങൾക്കും സർവീസ് നടത്താൻ യോജ്യമായതാണ് ഹെലിപോർട്ട്. എഡി പോർട്സ് ഗ്രൂപ്പ്, ഫാൽക്കൺ ഏവിയേഷൻ സർവീസസ്, ആർച്ചർ ഏവിയേഷൻ എന്നിവ സംയുക്തമായാണ് ഹെലിപോർട്ട് വികസിപ്പിച്ചെടുത്തത്.

∙ പ്രതിവർഷം 6.5 ലക്ഷം യാത്രക്കാർ
വർഷത്തിൽ 6.5 ലക്ഷം സന്ദർശകരെ സ്വാഗതം ചെയ്യാനുദ്ദേശിച്ചാണ് സായിദ് തുറമുഖം ഹെലിപോർട്ടിനായി തിരഞ്ഞെടുത്തതെന്ന് ജിസിഎഎ ഡയറക്ടർ ജനറൽ സെയ്ഫ് അൽ സുവൈദി പറഞ്ഞു. ആർച്ചർ, എഡി പോർട്സ് ഗ്രൂപ്പ്, ഫാൽക്കൺ ഏവിയേഷൻ സർവീസസ് എന്നിവരുമായുള്ള സഹകരണത്തിലൂടെയാണ് ഹൈടെക് വ്യോമഗതാഗതം യാഥാർഥ്യമാക്കുന്നത്.

ഫ്ലയിങ് ടാക്സി സേവനത്തിലൂടെ വ്യോമയാന മേഖലയുടെ പുതിയ യുഗത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും വ്യക്തമാക്കി. വ്യോമഗതാഗത സേവനങ്ങളുടെ സുരക്ഷിതവും കാര്യക്ഷമവുമായ ഉപയോഗം നിയന്ത്രിക്കുന്നതിന് ജിസിഎഎ തയാറാക്കിയ പ്രത്യേക ചട്ടക്കൂട് ജൂലൈയിൽ പ്രസിദ്ധീകരിക്കും.

നിലവിലുള്ള വ്യോമയാന ആസ്തികൾ പ്രയോജനപ്പെടുത്തി വേഗത്തിലും സുരക്ഷിതമായും സേവനം നൽകാൻ ശ്രമിക്കുമെന്ന് ആർച്ചർ ചീഫ് എക്സിക്യൂട്ടീവും സഹസ്ഥാപകനുമായ ആദം ഗോൾഡ്സ്റ്റീൻ പറഞ്ഞു. 2026ഓടെ അബുദാബി എയർ ടാക്സി സർവീസുകളുടെ പ്രധാന ലോഞ്ച് പോയിന്റായി ഹൈബ്രിഡ് ഹെലിപോർട്ട് പ്രവർത്തിക്കും.

∙ പരീക്ഷണപ്പറക്കൽ ജൂണിൽതന്നെ
ആദ്യഘട്ടത്തിൽ കോർണിഷ്, സാദിയാത്ത് ഐലൻഡ്, അബുദാബി നഗരത്തിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കായിരിക്കും ഇലക്ട്രിക് എയർ ടാക്സി സർവീസ് നടത്തുക. തലസ്ഥാനത്തെ ആദ്യത്തെ രാജ്യാന്തര എയർ ടാക്സി കേന്ദ്രമായിരിക്കും ഇത്. ഫ്ലയിങ് ടാക്സി നിർമാണ പ്ലാന്റും സ്ഥാപിക്കാൻ പദ്ധതിയുണ്ട്.

മണിക്കൂറിൽ 241 കിലോമീറ്റർ വേഗത്തിൽ161 കിലോമീറ്ററിൽ കൂടുതൽ ദൂരം പറക്കാൻ കഴിയുന്ന ഫ്ലയിങ് ടാക്സിയിൽ പൈലറ്റിനു പുറമേ 4 പേർക്ക് സഞ്ചരിക്കാം. ജൂണിൽ ഫ്ലയിങ് ടാക്സി എത്തുന്നതോടെ പരീക്ഷണപ്പറക്കൽ ആരംഭിക്കും.

English Summary:

Air Taxi Hybrid Heliport Approved for Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com